കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ. ജോൺസൺ പുഞ്ചക്കോണം

മനുഷ്യോല്‍പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്‌സ്റ്റേഴ്‌സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് കലകൾ. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം.

കലയും ആത്മീയതയും മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ്‌. ആത്മീയത സമൂഹരചനയുടെ ഉൾപിരിവാകുമ്പോൾ അതിന്‌ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മതപരമായ മാനങ്ങളുണ്ട്‌. അവയെ ‌ അവഗണിച്ചുകൊണ്ടുള്ള ആത്മീയത അപൂർണമാണ് എന്ന് പറയേണ്ടിവരും‌. സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ്‌ യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത. അതിൽ ആത്മീയ സൗന്ദര്യമടങ്ങിയിട്ടുണ്ട്; അനേകം ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ പ്രതിഭകളുടെ മിശ്രിതമാണ് കലകൾ. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെകളായി കലകൾ മാറേണ്ടിയിരിക്കുന്നു. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത തുടങ്ങിയവ കലയുടെ ഉൾസാരങ്ങളായി വർത്തിക്കുന്നു. നിലവിലുള്ളതിനേക്കാൾ തികവൊത്ത മറ്റൊന്നിന് വേണ്ടിയുള്ള അന്വേഷണമാണ് ഓരോ കലയും നിർവഹിക്കുന്നത്.

വിശുദ്ധ വേദപുസ്തകവും സഭാ പാരമ്പര്യങ്ങളും പഠിക്കുമ്പോൾ ക്രിസ്തീയ ആത്മീയതയിൽ കലകളുടെ ആത്മാവ് ഉൾക്കൊള്ളുന്നു സ്നേഹവും, സന്തോഷവും, സമാധാനവും ആത്മീയതയുടെ പ്രകടമായ അവസ്ഥയാണ്‌. ഈ നിർമ്മലമായ അവസ്ഥക്ക് ക്രീയാത്മകതയുടെ ആവിഷ്ക്കാരം ആസ്വദിക്കുവാൻ മനസ്സ് പാകപ്പെടണം. വരകളും , വര്‍ണങ്ങളും , വാക്കുകളും, ഭാവങ്ങളും , യുക്തിപരമായ നേർവരയിൽ വ്യത്യസ്ഥമായി ക്രമീകരിച്ചു അവതരിക്കപ്പെടുമ്പോൾ മനുഷ്യമനസ്സിന് സ്നേഹവും, സന്തോഷവും, സമാധാനവും പ്രധാനം ചെയ്യും. വിനോദമില്ലാത്ത ജീവിതം വിരക്തി നിറഞ്ഞതായിരിക്കും. കഷ്ടപ്പെടുന്ന മനുഷ്യന് കലകള്‍ മരുഭൂമിയിലെ മരുപ്പച്ചപോലെയാണ്.

ചരിത്രം പഠിക്കുമ്പോൾ മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങളോ അവയുടെ അനുകരണങ്ങളോ ആണ് വിവിധ കലാരൂപങ്ങളായി മാറിയിട്ടുള്ളത്. ഹൈന്ദവ പാരമ്പര്യങ്ങളിൽനിന്നും കടമെടുത്ത ക്ഷേത്ര കലകള്‍ ഇന്ന് ഭാരതത്തിന്റെ ദേശീയ വിനോദങ്ങളുടെ ഭാഗമാണ്. ഒപ്പന, കോല്‍ക്കളി തുടങ്ങിയവ മുസ്‌ലിം പാരമ്പര്യങ്ങളിൽ പ്രഘോഷിക്കപ്പെടുന്ന കലകളാണ്. ക്രിസ്തീയ കലകൾ കേരളത്തില്‍ മാര്‍ഗംകളി മാത്രമാണ് ക്രൈസ്തവ കലാരൂപമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവ കലകള്‍ പ്രചാരത്തിലുണ്ടെങ്കിലും മതപരമായി ശ്രദ്ധയാര്‍ജിച്ച മാര്‍ഗ്ഗംകളി ക്രിസ്തുവര്‍ഷം 1600നും 1700നും ഇടയിലാണ് രൂപം കൊണ്ടതെന്നു വിശ്വസിക്കുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കലാകാരന്മാരുടെ കലാകാരനായ സർവ്വശക്തനായ ദൈവം, തന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും കലാരൂപങ്ങളെ സൃഷ്ടിക്കുവാനും അഭിരുചി വളർത്തുവാനും കഴിവു നല്‍കിയിട്ടുണ്ട്. ദൈവം മനുഷ്യനു നല്‍കിയ സ്വതന്ത്രമായ ആന്തരിക സമ്പന്നതയാണ് “കലാസൃഷ്ടിക്കുള്ള” മനുഷ്യന്‍റെ കഴിവ്. അത് ദൈവദത്തമാണ് എന്നഗീകരിക്കുവാനുള്ള മനസ്സ് പാകപ്പെടേണ്ടിയിരിക്കുന്നു.

മനശാസ്ത്രപരമായി മതാത്മകനായ ഒരു വ്യക്തിക്ക് കലകളും വർണ്ണങ്ങളും ആസ്വദിക്കുവാൻ കഴിയുക എന്നത് ദൈവദത്തമായ അനുഗ്രഹമാണ്. കാരണം ദൈവം സൃഷ്ടിച്ചതെല്ലാം നല്ലത് മാത്രമാണ്. പട്ടു പാടുക, പാട്ട് കേള്‍ക്കുക, നൃത്തം ചെയ്യുക, നൃത്തം കാണുക എന്നിങ്ങനെയുള്ള ആസ്വാദനകഴിവുകൾ സൃഷ്ടിയായ മനുഷ്യന് സൃഷ്ടാവായ ദൈവം നൽകിയ വരദാനമാണ്. ശിൽപ്പകല, ചിത്രകല, സാഹിത്യകല, സംഗീതകല, എഴുത്തുകല, സ്ഥലകല, ശബ്ദകല, ചിത്രകല, നൃത്തകല, അഭിനയകല തുടങ്ങി ജീവിതത്തെ കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നതിൽ കലകൾ വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാവിധ വികാര വിചാരങ്ങളോടും കൂടിയാണ് സൃഷ്ടവായ ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്. ഒന്നും തിന്മയായി ദൈവം സൃഷ്ടിച്ചില്ല. “സംഗീതവും നൃത്തവും മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യമാണ്. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന എല്ലാ വികാര-വിചാരങ്ങളെയും നിന്നും ആശയ സംവേദനങ്ങളെയും ആസ്വദിക്കുവാൻ കഴിയണം. സ്നേഹം, സന്തോഷം, അഭിനിവേശം തുടങ്ങിയ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് കാണാൻ കഴിയുന്ന എല്ലാ സുഖകരമായ വികാരങ്ങളിൽ നിന്നും മോചിതരാകുന്നതാണ് “ആത്മീയത” എന്നത് തെറ്റായ ചിന്തയാണ്.

ആത്മാവിൽ നൃത്തം ചെയ്യുന്നതിനെക്കുറിച്ച് വേദപുസ്തകം പഠിപ്പിക്കുന്നത് (ഇയ്യോബ് 21: 11-14). “അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു. അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു. അവർ സുഖമായി നാൾ കഴിക്കുന്നു.”

കർത്താവിന് സന്തോഷവും സ്തുതിയും പ്രകടിപ്പിക്കുക. “ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.അങ്ങനെ ദാവീദും യിസ്രായേൽഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.” (2 ശാമുവൽ 6:14)

സങ്കീർത്തനം 149: 3, 3. അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.

സങ്കീർത്തനം 150: “യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ. അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ. കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.

തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.”

ജെറമിയ 31: 4 യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.

ജെറമിയ 31:13 അന്നു കന്യകയും യൌവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്തു സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും.

ധൂർത്തപുത്രന്റെ ഉപമയിലെ ഡാൻസ് പ്രശംസയുടെയും കൃതജ്ഞതയുടെയും പ്രകടനമാണ് എന്ന് യേശു ക്രിസ്തു പരാമർശിക്കുന്നു.(ലൂക്കോസ് 15:25).

ഗലാത്യർ. 5:22 “എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത…… മനുഷ്യന്റ ബുദ്ധി, വികാരങ്ങൾ, ഭയം, അഭിനിവേശം, സർഗ്ഗാത്മകത എന്നിവ ആത്മാവിൽ ഉൾക്കൊള്ളുന്നു. സ്നേഹം, സന്തോഷം, സമാധാനം എന്നിവ പരിശുദ്ധാത്മാവിന്റെ പ്രകടനങ്ങളാണ്. ഒരു പൂച്ചെടിയില്‍ സുന്ദരമായ ഒരു പുഷ്പത്തെ കാണുമ്പോൾ നമ്മുടെ മനസ്സില്‍ സന്തോഷം നിറയുന്നു. സന്തോഷം, സമാധാനം തുടങ്ങിയ വികാരങ്ങളാല്‍ മനസ്സ് സന്തുഷ്ടമാകുമ്പോള്‍ നമ്മിൽ സ്നേഹവും, അനുകമ്പയും നിറയുന്നു. നമ്മിലെ ആന്തരിക ഊര്‍ജ്ജത്തിന്‍റെ ഭാവങ്ങളിൽ നാം സന്തുഷ്ടരായാല്‍ നമ്മിൽ ആത്മനിര്‍വൃതി നിറയും. പരിശുദ്ധാത്മാവിന്റെ നിറവിൽ ദൈവം നൽകിയ ശക്തി, ഊർജ്ജം, ശക്തി, പ്രവർത്തനം എന്നിവ തിരിച്ചറിഞ്ഞ ഒരു പരമോന്നത ആത്മീയയാഥാർത്ഥ്യം പ്രകടിപ്പിക്കുവാനും അനുഭവിക്കുവാനും സാധിക്കും.

കൂടുതൽ പഠനത്തിനും ചിന്തക്കുമായി നൃത്തവുമായി സാമ്യമുള്ള ചില വേദവാക്യങ്ങൾ ചുവടെ കുറിക്കുന്നു.

പുറപ്പാട് 15:20 “അപ്പോൾ അഹരോന്റെ സഹോദരിയായ മിറിയം പ്രവാചകൻ ഒരു തപ്പ് കയ്യിൽ എടുത്തു, എല്ലാ സ്ത്രീകളും തടിയും നൃത്തവുമായി അവളെ അനുഗമിച്ചു.”

പുറപ്പാട് 32:6 “അങ്ങനെ അടുത്ത ദിവസം ജനം അതിരാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സഹവർത്തിത്വവും അർപ്പിച്ചു. അതിനുശേഷം അവർ തിന്നാനും കുടിക്കാനും ഇരുന്നു, ഉല്ലാസത്തിൽ ഏർപ്പെടാൻ എഴുന്നേറ്റു.”

ന്യായാധിപന്മാർ 11:34 “യിഫ്താഹ് മിസ്പയിലെ തന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ, തപ്പുകളുടെ ശബ്ദത്തിൽ നൃത്തം ചെയ്യുന്ന മകളല്ലാതെ മറ്റാരാണ് അവനെ കാണാൻ വരേണ്ടത്! അവൾ ഏകമകളായിരുന്നു. അവളൊഴികെ അയാൾക്ക് മകനോ മകളോ ഉണ്ടായിരുന്നില്ല.”

2 ശാമുവൽ 6:14-16 “ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അങ്ങനെ ദാവീദും യിസ്രായേൽഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.”

ഇയ്യോബ് 21:11 “അവർ തങ്ങളുടെ മക്കളെ ആട്ടിൻകൂട്ടമായി അയക്കുന്നു; അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു.”

സങ്കീർത്തനം 30:11 “നീ എന്റെ വിലാപത്തെ നൃത്തമാക്കി മാറ്റി; നീ എന്റെ ചാക്കുവസ്ത്രം നീക്കി സന്തോഷം കൊണ്ട് എന്നെ അണിയിച്ചു.”

സങ്കീർത്തനം 149:3 “അവർ നൃത്തംകൊണ്ട് അവന്റെ നാമത്തെ സ്തുതിക്കട്ടെ. തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു സംഗീതം ചൊല്ലുവിൻ.”

സങ്കീർത്തനം 150:4 “തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.”

സഭാപ്രസംഗി 3:4 “കരയാൻ ഒരു സമയം ചിരിക്കാൻ ഒരു സമയം, വിലപിക്കാൻ ഒരു സമയം, നൃത്തം ചെയ്യാൻ ഒരു സമയം”

യിരെമ്യാവ് 31:4 ” യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.”

യിരെമ്യാവ് 31:13 “അപ്പോൾ യുവതികൾ നൃത്തം ചെയ്യുകയും സന്തോഷിക്കുകയും ചെയ്യും. ചെറുപ്പക്കാരും പ്രായമായവരും. ഞാൻ അവരുടെ വിലാപത്തെ സന്തോഷമാക്കി മാറ്റും; ഞാൻ അവർക്ക് ദുഃഖത്തിനു പകരം ആശ്വാസവും സന്തോഷവും നൽകും.”

ലൂക്കോസ് 15:25 “അതിനിടെ മൂത്ത മകൻ പാടത്തുണ്ടായിരുന്നു. വീടിനടുത്തെത്തിയപ്പോൾ പാട്ടും നൃത്തവും കേട്ടു.”

ലൂക്കോസ് 15:23-25 ” തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് കൊല്ലുക. നമുക്ക് വിരുന്ന് ആഘോഷിക്കാം. എന്തെന്നാൽ, എന്റെ ഈ മകൻ മരിച്ചിരുന്നു, അവൻ വീണ്ടും ജീവിച്ചിരിക്കുന്നു; അവൻ നഷ്ടപ്പെട്ടു, കണ്ടെത്തി.’ അങ്ങനെ അവർ ആഘോഷിക്കാൻ തുടങ്ങി. “അതിനിടെ, മൂത്ത മകൻ വയലിലായിരുന്നു. വീടിനടുത്തെത്തിയപ്പോൾ പാട്ടും നൃത്തവും കേട്ടു.”

Print Friendly, PDF & Email

Leave a Comment

More News