മോറോ റോക്ക് (യാത്രാ വിവരണം): സന്തോഷ് പിള്ള

കാലിഫോർണിയയിലെ സിയേറ നെവാദ പർവതനിരകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന, സെക്വൊയ നാഷണൽ പാർക്കിൽ അന്തരീക്ഷത്തിലേക്ക് തല ഉയർത്തി നിൽക്കുന്ന ഒരു ഡോമിന്റെ ആകൃതിയിലുള്ള പാറയാണ് “മോറോ റോക്ക്”. പാർക്ക് സന്ദർശിച്ച അവസരത്തിൽ മോറോറോക്കിനെ കാണണമെന്നു തീരുമാനിച്ചു. പക്ഷെ അവിടെ എത്തണമെങ്കിൽ, മലകളുടെ ഓരങ്ങളിലൂടെ രണ്ടു മൈൽ ദൂരം കാൽ നടയായി പോകണം. അങ്ങനെ മലകൾ കയറി തളർന്നാണ്, പാറയുടെ ചുവട്ടിൽ എത്തിയത്. പാറയുടെ മുകളിലെത്താൻ 800 അടിയിൽ കൂടുതൽ, കൽ പടവുകളിലൂടെ ഇനിയും കയറണം.

അതിനുള്ള ശേഷി ശരീരത്തിനുണ്ടോ?

പാർക്ക് അധികൃതർ സ്നേഹമുള്ളവർ തന്നെ. പാറയിൽ കയറുന്നതിനു മുൻപും, പിൻപും വിശ്രമിക്കുവാനായി കുറെ ബഞ്ചുകൾ അവിടെസ്ഥാപിച്ചിരിക്കുന്നു. ശുദ്ധ വെള്ളം കുടിക്കുവാനുളള വാട്ടർ ഫൗണ്ടനുകളും, വലിയ ട്രാഷ് ബിന്നുകളും, മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുമ്പോൾ കയറിനിൽകാനുള്ള ചെറിയ കൂടാരവും അവർ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.

അതിലൊരു ബഞ്ചിൽ ഇരുന്നുകൊണ്ട്, പാറയെ നോക്കി നിരാശ്ശയോടെ, കുഞ്ചൻ നമ്പ്യാരുടെ

“ദീപസ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം പണം”

എന്ന രീതിയിൽ

“മോറോറോക്ക് മഹാശ്ചര്യം
എനിക്കും ആഗ്രഹം കയറാൻ”

എന്നാലോചിച്ചു.

മക്കൾ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.

“പ്രായമാകുമ്പോൾ ഏറ്റവും കൂടുതൽ വ്യായാമം ചെയ്യേണ്ടത് കാലിലെ പേശികൾക്കാണ്, നടക്കാൻ സാധിക്കാതെ കിടിപ്പിലായിപ്പോയാൽ ആരോഗ്യം പെട്ടെന്ന് ക്ഷയിക്കും”.

അവർ അങ്ങനെ പറയുമ്പോൾ വിചാരിച്ചിരുന്നു,

“ഈ കുട്ടികളുടെ കാര്യം,——- സയൻസ് പഠിപ്പിക്കാൻ വിടേണ്ടായിരുന്നു എന്ന്”.

പക്ഷെ ഇപ്പോൾ അവർ പറഞ്ഞിരുന്നതിന്റെ പൊരുൾ, മുഴുവനും മനസ്സിലായി.

ചെറിയ കൂടാരത്തിനകത്ത് പാറയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്ന അനേകം ഫലകങ്ങൾ. കയറാൻ സാധിച്ചില്ലെങ്കിലും, പാറയുടെ വിവരങ്ങൾ അറിയാമല്ലോ എന്നുവിചാരിച്ച് വായിക്കാൻ ആരംഭിച്ചു. ഇതൊരു ഗ്രാനൈറ്റ് പാറയാണെന്നും, ഉരുകിത്തിളച്ചുമറിയുന്ന ലാവാ, ഭൂമിക്കുള്ളിൽ നിന്നും മുകളിലേക്ക് ഉയർന്നു വന്ന് ഘനീഭവിച്ച് രൂപാന്തരം പ്രാപിച്ചാണ് ഈ രൂപത്തിൽ എത്തിയിരിക്കുന്നതെന്നും എഴുതിവച്ചിരിക്കുന്നു.

കുറച്ചു വായിച്ചുകഴിഞ്ഞപ്പോൾ ക്ഷീണമൊന്നകുന്നു. അപ്പോൾ വിചാരിച്ചു, പാറയുടെ മുകളിലേക്കുള്ള കുറച്ചു പടികൾ കയറിനോക്കാമെന്ന്. അങ്ങനെ, കുറേശ്ശേ, കുറേശ്ശേയായി പടികൾ കയറാൻ തുടങ്ങി. പാറകയറുന്നതിൽ വിദഗ്ദരായ ചെറുപ്പക്കാർക്ക് വേഗത്തിൽ മുന്നിലേക്ക് കയറിപോകാനായി പലപ്പോഴും വഴിമാറികൊടുത്തു. ഓരോ വിശ്രമ ഇടവേളകളിലും താഴ്വാരത്തിലേക്ക് കണ്ണോടിച്ചപ്പോൾ അതിമനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിച്ചു.

“പയ്യെ തിന്നാൽ പനയും തിന്നാം” എന്ന് മൂളികൊണ്ട് പാറയുടെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം കയറിയപ്പോൾ നടപ്പാതയിൽ ഐസ് പിടിച്ചു കിടക്കുന്നു. എങ്ങാനും തെന്നി താഴേക്കു വീണാൽ, കഥ കഴിഞ്ഞതു തന്നെ.

ഇനിയിപ്പോൾ എന്തുചെയ്യും?

അപ്പോഴാണ് ടെൻസിംഗിനെയും, ഹിലാരിയെയും ഓർമ്മ വന്നത്. ഞാൻ ആയിരം അടികയറാൻ പ്രയാസപ്പെടുമ്പോൾ, 70 വർഷങ്ങൾക്ക് മുമ്പ് അവർ 19000 അടികയറി ഭൂമിയുടെ നിറുകയിൽ എത്തിയത്. ഈ ചിന്തയിൽ നിന്നും ആർജിച്ച പുതിയ കരുത്തുമായി വീണ്ടും കയറാൻ തുടങ്ങി. കുത്തനെ കയറ്റമുള്ള സ്ഥലങ്ങളിൽ ഇരുമ്പുകമ്പികൾ കൊണ്ട് കൈവരികൾ സ്ഥാപിച്ചിരിക്കുന്നു. ഇത്രയും ദുർഘടമായ സ്ഥലത്ത് കമ്പികൾ എത്തിച്ച്, വെൽഡ് ചെയ്ത് കൈവരികൾ നിർമിച്ച് മലകയറ്റം സുഗമമാക്കാൻ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികളെയും മനസ്സാൽ സ്മരിച്ചു.

അങ്ങനെ ഒരുവിധത്തിൽ പാറയുടെ മുകളിൽ എത്തിയപ്പോൾ, കാലിഫോർണിയയിലെ 2 ബില്യൺ പവർ ബാൾ ലോട്ടറി അടിച്ച ആഹ്‌ളാദം.

അവിടെനിന്നും ചുറ്റും വീക്ഷിച്ചപ്പോൾ ദേവലോകത്തിൽ എത്തിച്ചേർന്ന അനുഭൂതി!

ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ പ്രദേശത്ത്, “ഇന്ദ്ര ധനുസിൽ നിന്നും കൊഴിഞ്ഞുപോയ തൂവലുകൾ” പോലെ കവിളുകളിൽ തലോടി കടന്നുപോകുന്ന മേഘ ശകലങ്ങൾ. ചുറ്റും കാണുന്ന, മലശിഖരങ്ങളിലെ മഞ്ഞുപാളികൾ, സൂര്യരശ്മികൾ പതിക്കുമ്പോൾ വെട്ടിത്തിളങ്ങുന്നു.

“സൂര്യാംശു ഓരോ ഹിമനാമ്പിലും വൈരം പതിക്കുന്നുവോ”?

മണ്ണിൽ നിന്നും ജ്വാലാമുഖികളെ പോലെ ഉയർന്നു നിൽക്കുന്ന അനേകം മലനിരകൾക്ക് നടുവിൽ നിന്നും വാനം വീക്ഷിച്ചപ്പോൾ, നക്ഷത്ര പംക്തികളും ഇന്ദു ബിംബവും കൈയെത്തും ദൂരത്താണെന്ന പ്രതീതി.

ഇളയരാജയുടെ സംഗീതത്തിന്റെ മൃദുല ഭാവം മലമുകളിൽ നിറയുന്നുവോ.

“താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ—- കുളിർകോണ്ടുവാ”———

പ്രദേശമാകെ ഐസ് മൂടികിടക്കുന്നത് കൊണ്ടും, നല്ല തണുപ്പുള്ളതുകൊണ്ടും

മേഘങ്ങളോടു ചൊല്ലി,—-

മതി, ദയവു ചെയ്ത്, ഇനി കൂടുതൽ കുളിർ ഇവിടേക്ക് കൊണ്ടുവരരുത്.

പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗീയ അനുഭൂതിയിൽ എത്ര സമയം ചിലവഴിച്ചു എന്നോർമ്മയില്ല!

സ്ഥലകാല ബോധമുണ്ടായപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന അപായ സൂചന വായിക്കാൻ ആരംഭിച്ചു.

“ജാഗ്രത, അത്യധികം അപകട മേഖല. കാർമേഘങ്ങൾ, ഇടിമിന്നലുകൾ, വായുവിലെ മൂളൽശബ്ദങ്ങൾ, മുടികളിലും, വിരൽത്തുമ്പിലും സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഇവ അനുഭവപ്പെടുന്നുണ്ടെങ്കിൽ , ഇടിമിന്നലേറ്റ് മരിക്കാതിരിക്കാൻ പെട്ടെന്ന് മലയിറങ്ങുക”

ഓഹോ, ഇങ്ങനെയൊരപകടം ഇവിടെ പതിയിരിക്കുന്നവോ?

അത് വായിച്ചു കഴിഞ്ഞപ്പോൾ, അകലെയെവിടെയോ ഇടിയുടെ “ഗുഡൂഗുഡൂ” ശബ്ദം കേൾക്കാറായി.

ദേവ ലോകത്തിൽ ഏതോ ഒരുരാജാവിൻറെ എഴുന്നള്ളത്തിനുമുമ്പുള്ള പെരുമ്പട മുഴങ്ങുന്നു!

എന്തായാലും ആ ഘോഷയാത്ര ഇവിടെ എത്തുന്നതിനുമുമ്പ് താഴേക്കിറങ്ങാൻ തീരുമാനിച്ചു. ഇറങ്ങുമ്പോൾ ആയിരുന്നു, താഴെ വീഴാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണ്ടിവന്നത്. താഴെ ഇറങ്ങി, വിശ്രമിക്കാനുള്ള ബഞ്ചിൽ ഇരുന്ന് ആലസ്യം തീർക്കുമ്പോൾ അനേകം യാത്രികർ “മോറോ റോക്ക്” കയറുവാൻ എത്തുന്നുണ്ടായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News