കെ‌എസ്‌ആര്‍‌ടി‌സിയില്‍ തവണകളായി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍; സ്വീകാര്യമല്ലെന്ന് തൊഴിലാളികള്‍; പ്രതിസന്ധി രൂക്ഷമാകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം തവണകളായി നൽകുന്നതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ഇക്കാര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിളിച്ച യോഗത്തിൽ തൊഴിലാളി സംഘടനകൾ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ പ്രതിസന്ധി രൂക്ഷമായി. തീരുമാനം അംഗീകരിക്കില്ലെന്ന് ബിഎംഎസ്, ടിഡിഎസ് സംഘടനകൾ വ്യക്തമാക്കി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ തൊഴിലാളികൾ വീണ്ടും സമരത്തിനിറങ്ങുമെന്ന് വ്യക്തമായി.

സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരത്തിന് നോട്ടീസ് നൽകിയതെന്ന് കെഎസ്ആർടി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ജി.കെ.അജിത്ത് വ്യക്തമാക്കി. സമര തീയതി ഞായറാഴ്ച പ്രഖ്യാപിക്കും. കോര്‍പ്പറേഷന് വരുമാനം ഉറപ്പാക്കിയിട്ടും ശമ്പളം നല്‍കുന്നില്ലെന്നും യൂണിയന്‍ ആരോപിച്ചു. ജീവനക്കാരുടെ പെന്‍ഷന്റെ കാര്യത്തിലും യൂണിയന്‍ ആവശ്യങ്ങള്‍ അംഗീകരിക്കണം. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ അടുക്കള ചര്‍ച്ചകള്‍ നടത്തുന്നത് തന്നെ ശരിയായ രീതിയല്ലെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. അംഗീകൃത യൂണിയനുകളെ ഒറ്റയ്ക്ക് ചര്‍ച്ചയ്ക്ക് വിളിക്കുന്നത് ശരിയല്ലെന്നും അങ്ങനെ വിളിച്ചാല്‍ ഇനിമുതല്‍ സഹകരിക്കില്ലെന്നും യൂണിയന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച സിഐടിയുവുമായി ഗതാഗത മന്ത്രി ചർച്ച നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ന് ബിഎംഎസ് യൂണിയനുമായും 1.30ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫുമായും ചർച്ച നടത്തി. ചർച്ചകളെല്ലാം പരാജയമാണെന്നാണ് സംഘടനകളുടെ നിലപാട്. എന്നാൽ, കഴിഞ്ഞ ദിവസം മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് തൽക്കാലം സമരത്തിനില്ലെന്നാണ് സിഐടിയുവിന്റെ നിലപാട്.

ജീവനക്കാരുടെയും യൂണിയനുകളുടെയും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ മാസം ഗഡുക്കളായാണ് കെഎസ്ആര്‍ടിസി നല്‍കിയത്. തൊഴിലാളികള്‍ക്ക് താത്പര്യമില്ലെങ്കിലും ശമ്പളം ഗഡുക്കളായി തന്നെ നല്‍കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

Print Friendly, PDF & Email

Related posts

Leave a Comment