റവ.പി. തോമസ് മാത്യുവിന് ഡാളസിൽ സമുചിതമായ യാത്രയയപ്പ് നൽകി

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ മാർത്തോമ്മാ ചർച്ച്‌ ഓഫ് ഡാളസ് കരോൾട്ടൺ ഇടവക വികാരിയായി 2019 മെയ് മാസം മുതൽ 2023 ഏപ്രിൽ വരെ 4 വർഷം സ്തുത്യർഹമായ സേവനം നിർവഹിച്ച ശേഷം സഭയുടെ തീരുമാനപ്രകാരം കേരളത്തിലേക്ക് ഇന്ന് മടങ്ങിപ്പോകുന്ന റവ.പി.തോമസ് മാത്യുവിനും കുടുംബത്തിനും സമുചിതവും, ഹൃദ്യവുമായ യാത്രയയപ്പ് ഡാളസിൽ നൽകി.

ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോസ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യാത്രായപ്പ് സമ്മേളനത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് എബ്രഹാം തോമസ്, പി. ടി ചാക്കോ, മനോജ്‌ എബ്രഹാം, മോളി സജി, ജെസ്സി വർഗീസ്, മന്നാ തോമസ്, ബിജി തോമസ് എന്നിവർ സംസാരിച്ചു. മിനി എബ്രഹാം പ്രാരംഭ പ്രാർത്ഥനയും, മനു പാറേൽ സമാപന പ്രാർത്ഥനയും ചെയ്തു. ഇടവക സെക്രട്ടറി തോമസ് മാത്യു ഏവർക്കും സ്വാഗതം അരുളി. ഇടവകയുടെ സ്നേഹോപഹാരം ട്രസ്റ്റിന്മാരായ ജെയിംസ് വർക്കിയും, സുജിത് വർഗീസും ചേർന്ന് സമർപ്പിച്ചു.

കേരളത്തിലെ തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിലെ കൈതകുഴി മാർത്തോമ്മാ ഇടവകയിലേക്ക് സ്ഥലം മാറുന്ന റവ.തോമസ് മാത്യു പി ഇരുപത്തിയഞ്ചു വർഷക്കാലം കർണാടക സംസ്ഥാനത്തെ അങ്കോല തുടങ്ങി വിവിധ മിഷൻ മേഖലകളിൽ മിഷനറിയായി പ്രവർത്തിച്ചിരുന്നു. സ്വന്തം ജീവനുപോലും ഭീഷണി ആയിരുന്ന കോവിഡ് കാലഘട്ടത്തിൽ ഡാളസ് പ്രദേശത്ത് ഒരു വൈദീകൻ എന്ന നിലയിലുള്ള തന്റെ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

തിരുവല്ലാ നീരേറ്റുപുറം പരുവമൂട്ടിൽ തോമസിന്റെയും, അന്നമ്മയുടെയും മകനായ റവ. തോമസ് മാത്യുവിന്റെ സഹധർമ്മിണി ഡാളസിലെ ആദ്യക്കാല മാർത്തോമ്മാ വൈദീകരിൽ ഒരാളും, കർണാടകയിലെ അങ്കോലയിലെ മിഷനറിയുമായ കിടങ്ങന്നൂർ കക്കൂളഞ്ഞിയിൽ റവ.ഡോ.കെ.എം സാമൂവേലിന്റെയും മേരി സാമൂവേലിന്റെയും മകളായ ക്രിസ്റ്റി തോമസാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായ തീമോത്തിയും, തിരുവല്ലാ നിക്കോൾസൺ സ്കൂളിൽ നിന്ന് പത്താം ക്ലാസ്സ്‌ പൂർത്തികരിച്ച മഹിമയുമാണ് മക്കൾ.

Print Friendly, PDF & Email

Leave a Comment

More News