കർണാടക – വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്ത്: കൾച്ചറൽ ഫോറം

വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്താണ് കർണാടകയിൽ നടന്നിരിക്കുന്നതെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഈ വിധി രാജ്യത്തിന്റെ മതേതര ചേരിക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വ്യാജകഥകളെ തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾക്കും നാടിന്റെ സമാധാനത്തിനും സൗഹൃദത്തിനും മുൻഗണന കൊടുത്ത കർണ്ണാടകയിലെ വോട്ടർമാരെ കമ്മിറ്റി അഭിനന്ദിച്ചു.

മുസ്‌ലിം – ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ അപരവത്കരിച്ച്, സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നായിരുന്നു വെറുപ്പിന്റെ ശക്തികൾ പ്രതീക്ഷിച്ചിരുന്നത്. ഹിജാബ് നിരോധനം, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് എതിരായ ആക്രമണങ്ങൾ, സംവരണ നിഷേധങ്ങൾ തുടങ്ങിയവ ഈ ഉദ്ദേശാർത്ഥത്തിൽ നടപ്പിലാക്കിയ പദ്ധതികളാണ്. ഇത്തരം ധ്രുവീകരണ പദ്ധതികളെയാണ് കർണാടകയിലെ വോട്ടർമാർ നിരാകരിച്ചത്.

ഈ വിജയം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണ്. ദേശീയ തലത്തിൽ മതേതര ചേരിയുടെ വിജയത്തിന് യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷ കൂടുതൽ ശക്തിപ്പെടുകയാണ്.

ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയതക്കെതിരെയും ജനങ്ങൾ പുലർത്തുന്ന വിയോജിപ്പുകളെ രാഷ്ട്രീയമായി ഏകോപിപ്പിച്ച് ആശയതലത്തിലും പ്രായോഗിക തലത്തിലും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കണം. കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടും പൊതുസമൂഹത്തിന്റെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞും ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിക്കണം എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News