ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയാണ് ഓർഡിനൻസ്. ഡോക്ടർമാരും ആരോഗ്യ-ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഓർഡിനൻസ് തയ്യാറാക്കിയത്.

2012ലെ കേരള ഹെൽത്ത് കെയർ സർവീസ് വർക്കേഴ്സ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് പ്രോപ്പർട്ടി) നിയമം ഈ നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തും. ആശുപത്രി ആക്രമണങ്ങൾക്കുള്ള ശിക്ഷ ആറ് മാസത്തിൽ നിന്ന് ഏഴ് വർഷമായി ഉയർത്തും. ആരോഗ്യ പ്രവർത്തകർക്കെതിരായ വാക്ക്, വാക്കാലുള്ള അധിക്ഷേപങ്ങൾ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരും. ഡോക്ടർമാർക്കൊപ്പം മെഡിക്കൽ വിദ്യാർഥികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിയമപരിരക്ഷ ലഭിക്കും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളുടെ വിചാരണ പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്.

ഓര്‍ഡിനന്‍സ് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഔദ്യോഗിക ഭേദഗതിയായിത്തന്നെ സര്‍ക്കാര്‍ മാറ്റം കൊണ്ടു വരും. വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപവും സൈബര്‍ ആക്രമണവും നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യം വിവിധ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു. ആരോഗ്യമേഖലയിലെ വിവിധ മേഖലകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. നഴ്‌സിങ് കോളേജുകളും നിയമത്തിന്റെ പരിധിയിൽ വരും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ് നടപടികൾ വേഗത്തിലാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News