യു എസ് ടി കൊച്ചി കേന്ദ്രം യമ്മി എയ്ഡ് 2023 ഭക്ഷ്യ-പാചകമേള സംഘടിപ്പിച്ചു

കൊച്ചി: ആഗോള ഡിജിറ്റൽ സൊല്യൂഷൻസ് മേഖലയിലെ മുൻനിര സ്ഥാപനമായ യു എസ് ടി വർഷം തോറും സംഘടിപ്പിക്കുന്ന ഭക്ഷ്യ-പാചക മേളയായ യമ്മി എയ്ഡ് ഈ വർഷം കമ്പനിയുടെ കൊച്ചി ഇൻഫോപാർക്കിലെ കേന്ദ്രത്തിൽ നടന്നു. യു എസ് ടിയിലെ വനിതാ ജീവനക്കാരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വിമൻ അസ്സോസിയേറ്റ്സ് (നൗയു) നേതൃത്വം നൽകിയ ‘യമ്മി എയ്ഡ് 2023 ഭക്ഷ്യ മേളയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണവും സാധ്യമായി.

ഭക്ഷ്യമേളയിലും പാചകമത്സരത്തിലും 14 ടീമുകള്‍ പങ്കെടുത്തു. ജീവനക്കാർ വീട്ടില്‍ നിന്നും പാചകം ചെയ്ത് കൊണ്ടു വന്ന വിഭവങ്ങൾ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ യുഎസ് ടി ഓഫീസ് പരിസരത്ത് വെച്ച് വില്‍പ്പന നടത്തിയാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുളള പ്രയത്നങ്ങളെ പിന്തുണക്കുന്നതിനോടൊപ്പം യുഎസ് ടി ജീവനക്കാരൂടെ പാചക വിരുതും മേളയിൽ പ്രകടമായി. മികച്ച ചാരിറ്റി പാര്‍ട്ട്ണര്‍, മികച്ച സ്റ്റാള്‍, മികച്ച വിഭവം, മികച്ച ഷെഫ് തുടങ്ങിയ ഇനങ്ങളിലേക്കുളള ആവേശകരമായ മത്സരങ്ങള്‍ മേളയ്ക്ക് പൊലിമയേകി. ഈ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ പാചക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും പൊതുനന്മക്കുവേണ്ടിയുളള സഹായപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും യമ്മി എയ്ഡ് 2023 ഭക്ഷ്യ-പാചകമേള അവസരമായി.

ഫോർ പോയിന്റ്സ് ഷെറാട്ടൺ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ശാന്തനു സേത്ത്, ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് ബ്ലോഗര്‍ രാഹുല്‍ എന്‍ കുട്ടി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മാസ്റ്റര്‍ ഷെഫ് ആയി ദീപേഷ് ചന്ദ്രനെ തിരഞ്ഞെടുത്തു. മികച്ച വിഭവത്തിന് ‘യം ലാൺ ടീം’ പാചകം ചെയ്ത് അവതരിപ്പിച്ച മീൻ പൊള്ളിച്ചത് അർഹമായി. മികച്ച സ്റ്റാൾ ആയി നോഷും, മികച്ച ചാരിറ്റി പാര്‍ട്ണര്‍ ആയി ടീം ഹബീബിസും തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിലൂടെ സമാഹരിച്ച 80,000 രൂപ നിരാലംബരായ സ്ത്രീകള്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി വിവിധ സിഎസ്ആര്‍ സംരംഭങ്ങളിലൂടെ യു എസ് ടി പ്രയോജനപ്പെടുത്തും. യു എസ് ടി യുടെ സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഇടപെടലുകളും മേളയില്‍ ഉജ്ജ്വലമായി പ്രതിഫലിച്ചു.

Print Friendly, PDF & Email

Leave a Comment

More News