വാഹനാപകടത്തില്‍മരിച്ച കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പരിക്കേറ്റ ബിനു അടിമാലി അപകടനില തരണം ചെയ്തു

എറണാകുളം: കയ്പമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി നടൻ ബിനു അടിമാലി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. എന്നാൽ, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിനു അടിമാലി ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബിനുവിന് പുറമെ, സംഭവസമയത്ത് വാഹനം ഓടിച്ച ഉല്ലാസ് അരിയൂരിനും സാരമായ പരിക്കുണ്ട്. ഉല്ലാസിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. അപകടത്തിൽ ഉല്ലാസിന്റെ എല്ലിന് പൊട്ടലുണ്ട്. ഉല്ലാസും നിരീക്ഷണത്തിലാണ്. അപകടസമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന മഹേഷിന് കാര്യമായ പരിക്കില്ല. അതേസമയം അപകടത്തിൽ മരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

ഇന്നലെ പുലർച്ചെ ആയിരുന്നു മിമിക്രി താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കയ്പമംഗലത്തുവച്ച് കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം സുധിയ്ക്കാണ് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വാഹനത്തിന്റെ മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നിരുന്നത്.

തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണം ആയതെന്നാണ് നിഗമനം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക.

Print Friendly, PDF & Email

Leave a Comment

More News