മലമ്പുഴ അകമലവാരത്തെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണം; ആനക്കല്ല് ട്രൈബൽ വെൽഫെയർ സ്ക്കൂൾ ഹയർ സെക്കൻഡറി ആക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ മലമ്പുഴ അകമലവാരത്തെ ആദിവാസി കോളനികളിൽ സന്ദർശനം നടത്തുന്നു

പാലക്കാട്: മലമ്പുഴ അകമലവാരത്തെ പറച്ചാത്തി, കൊച്ചിത്തോട്, ആനക്കല്ല്, ചേമ്പ്ന അടക്കമുള്ള ആദിവാസി കോളനികൾ ഫ്രറ്റേണിറ്റി ജില്ല, മണ്ഡലം നേതാക്കൾ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിലടക്കം നേരിടുന്ന പ്രശ്നങ്ങൾ കോളനിവാസികൾ നേതാക്കളോട് വിശദീകരിച്ചു. മുഴുമേഖലകളിലും തികഞ്ഞ വിവേചനമാണ് അധികാരികൾ പ്രദേശത്തോടും ജനവിഭാഗത്തോടും ചെയ്യുന്നത്.

അകമലവാരത്തെ കുട്ടികൾ പഠിക്കുന്നത് ആനക്കല്ല് ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്ക്കൂളിലാണ് (GTWHS, Aanakkallu ). എന്നാൽ, ഇവിടെ പത്താം ക്ലാസ് വരെയുള്ളൂവെന്നതിനാൽ കോളനികളിലെ വിദ്യാർത്ഥികൾ ഇതോടെ പഠനം നിർത്തുന്ന സ്ഥിതിയുണ്ട്. പത്തിനു ശേഷം പഠിക്കാനായി വിദ്യാർത്ഥികൾ ഏറ്റവും ചുരുങ്ങിയത് മലമ്പുഴയെങ്കിലും വരണം.

അകമലവാരത്തെ കുട്ടികൾക്ക് മലമ്പുഴ ജി.വി.എച്ച്.എസ്.എസിൽ എത്താൻ കൃത്യമായ യാത്ര സംവിധാനങ്ങളില്ല. അതിരാവിലെ പുറപ്പെടേണ്ടി വരികയും രാത്രി ഏറെ വൈകിയും മാത്രം വീട്ടിൽ എത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. അതുപോലെ ഓട്ടോയിലും മറ്റും പോകേണ്ടതിനാൽ യാത്രക്കായി ഒരു ദിവസം ഒരു നേരത്തേക്ക് ചുരുങ്ങിയത് നൂറ് രൂപയെങ്കിലും ആകും. ദിനേന കൂലിത്തൊഴിലെടുത്ത് കഴിയുന്ന രക്ഷിതാക്കൾക്ക് ഇതുമൂലം വിദ്യാർത്ഥികളെ തുടർപഠനത്തിന് പറഞ്ഞയക്കാൻ സാധിക്കാതെ വരുന്നു. അടുത്ത് ഹയർസെക്കൻഡറി വിദ്യാലയം ഉണ്ടെങ്കിൽ മക്കളെ പറഞ്ഞയക്കുമെന്ന് രക്ഷിതാക്കൾ തന്നെ പറയുന്നുണ്ട്. ആനക്കല്ല് സ്ക്കൂളിനെ എത്രയും വേഗം ഹയർ സെക്കൻഡറി യാക്കുക എന്നതാണ് പ്രശ്നപരിഹാരം. അതിനുള്ള നടപടികൾ സർക്കാർ ഉടൻ കൈക്കൊള്ളണമെന്നും ഗോത്ര ജനതയോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് ഉടൻ വിതരണം ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി ആബിദ് വല്ലപ്പുഴ, സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ്, ജില്ല കാമ്പസ് സെക്രട്ടറിയേറ്റംഗം ഷബ്നം.പി.നസീർ, മലമ്പുഴ എസ്.പി ലൈൻ യൂണിറ്റ് പ്രസിഡന്റ് അഹമ്മദ് ഷാൻ എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News