തൃശൂർ മാർക്കറ്റിൽ വിൽപനയ്ക്കായി ട്രെയിനിൽ കൊണ്ടുവന്ന 1500 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു

തൃശൂര്‍: സംസ്ഥാനത്ത്‌ വീണ്ടും പഴകിയ മത്സ്യം പിടികൂടി. തൃശൂര്‍ റെയില്‍വേ സ്നേഷനില്‍ നിന്ന്‌ 1500 കിലോ ചീഞ്ഞ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തിക്കാനായിരുന്നു മത്സ്യം.

ഇന്നലെ വൈകിട്ട് തൃശൂര്‍ റെയില്‍വേ സ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസിലാണ്‌ പഴകിയ മത്സ്യം എത്തിയത്‌. 36 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യങ്ങളാണ്‌ ഒഡീഷയില്‍ നിന്ന്‌ അയച്ചത്‌. പെട്ടികള്‍ ഏറ്റെടുക്കാന്‍ വരുന്നവര്‍ക്കായി അധികൃതര്‍ ഇന്ന്‌ നേരം പുലരും വരെ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. രാവിലെ ഒമ്പത്‌ മണി കഴിഞ്ഞപ്പോള്‍ പെട്ടികള്‍ അവകാശപ്പെട്ട് മൂന്ന്‌ പേര്‍ എത്തി. ഇതേത്തുടര്‍ന്ന്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ പഴകിയ മത്സ്യം കണ്ടെത്തിയത്‌. പിടിച്ചെടുത്തവയില്‍ ഉണക്ക മീനുകളും കണ്ടിരുന്നു.

നാല്‌ പേരുടെ പേരിലാണ്‌ പെട്ടികള്‍ വന്നത്‌. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ മത്സ്യം പുറത്തെടുക്കാന്‍ ശ്രമം നടന്നു. പുഴുവരിച്ച മത്സ്യം ഉദ്യോഗസ്ഥര്‍ സംസ്ക്കരിക്കാനായി കൊണ്ടുപോയി. ബാക്കിയുള്ളവയുടെ സാമ്പിള്‍ എടുത്ത്‌ പരിശോധനയ്ക്ക്‌ അയച്ചു. ഫലം വന്നതിന്‌ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News