കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 33): ജോണ്‍ ഇളമത

കാലപ്രവാഹത്തില്‍ വീണ്ടുമൊരു പോപ്പ്‌ സ്ഥാനാരോഹിതനായി. മിലാനിലെ മെഡിസി പ്രഭുകുടുംബത്തിലെ കര്‍ദിനാള്‍ ജിയാവാനി ആന്‍ജലോ ഡി മെഡിസി പോപ്പ്‌ പീയൂസ്‌ നാലാമന്‍ എന്ന നാമധേയത്തില്‍. അറുപത്തി ആറ്‌ വയസ്സുള്ള പോപ്പ്‌.

മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു;

ഒരുപക്ഷേ, ദൈവം അദ്ദേഹത്തിന്‌ ആയുസ്സു നീട്ടിക്കൊടുത്താല്‍ ഈ മഹാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വീണ്ടും ആശങ്കയോടെ മൈക്കിള്‍ കാത്തിരുന്നു, എന്തായിരിക്കാം പൂതിയ പോപ്പിന്റെ തീരുമാനങ്ങള്‍ എന്നറിയാന്‍. ഇടയ്ക്കിടെ ചില ശ്രുതികള്‍ മൈക്കിള്‍ആന്‍ജലോ കേള്‍ക്കാതിരുന്നില്ല. പൂതിയ പോപ്പ്‌ ഇനിയും വൃദ്ധനായ മൈക്കിള്‍ആന്‍ജലോയെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ ദൗത്യം ഏല്പിക്കാന്‍ പോകുന്നില്ലെന്ന്‌. അതു കേട്ടത്‌ ഇപ്പോള്‍ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവാക്കളായ ശില്പികള്‍, പരളോ വെറോനീസ്‌, ട്രിന്‍‌ടൊറെറ്റോ തുടങ്ങിയവരില്‍നിന്ന്‌. ആര്‍ക്കറിയാം! ഒരുപക്ഷേ, ഇതൊക്കെ അവരുടെയൊക്കെ മനസ്സിലിരിപ്പാകാം.

എണ്‍പത്തിയെട്ടില്‍ എത്തി മരണം കാത്തിരിക്കുന്ന ശില്പിയെ പുതിയ പോപ്പ്‌ വിളിച്ച്‌ ചുമതല ഏല്‍പ്പിക്കില്ല എന്നുതന്നെ മൈക്കിള്‍ കരുതിയിരിക്കവേ, പുതിയ പോപ്പ്‌ പീയുസ്‌ നാലാമന്‍ മൈക്കിള്‍ആന്‍ജലോയെ റോമിലേക്ക്‌ വിളിപ്പിച്ചു. പാരിതോഷികം തന്ന്‌ പറഞ്ഞുവിടാനുള്ള പോപ്പിന്റെ തയ്യാറെടുപ്പുതന്നെ എന്ന്‌ മൈക്കിള്‍ കരുതി. അദ്ദേഹം പറഞ്ഞു വിടുന്നതില്‍ പരിഭവമോ പരാതിയോ ഇല്ല. ഇത്രയേറെ വയസ്സെത്തി, ഓര്‍മ്മപ്പിശകും വിറയലും ശാരീരികാസ്വാസ്ഥ്യങ്ങളുമുള്ള ഒരു ശില്പിയെ ഏതു പോപ്പാണ്‌ ഗൌരവമുള്ള പണികള്‍ ഏല്‍പ്പിക്കുക?

മൈക്കിള്‍ആന്‍ജലോ പൂതിയ പോപ്പ്‌ പീയുസ്‌ നാലാമനെ ദര്‍ശിച്ച്‌ ആശീര്‍വാദം വാങ്ങിനിന്നു. വാര്‍ദ്ധക്യത്തിലേക്ക്‌ കാലുകുത്തിയെങ്കിലും നല്ല ചുറുചുറുക്കുള്ള പോപ്പ്‌.

പോപ്പ്‌ പീയുസ്‌ നാലാമന്‍ പറഞ്ഞുതുടങ്ങി;

ബസിലിക്കയുടെ പണികള്‍ ഏറ്റെടുത്തു നടത്തുന്ന അങ്ങയേപ്പറ്റി നാം നേരത്തേതന്നെ കേട്ടിരുന്നു. ഇപ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയായതും നാം ദര്‍ശിച്ചു. വളരെ മനോഹരമായിരിക്കുന്നു. മറ്റൊരു ശില്പിക്കും കരഗതമാകാത്ത ഭാവനയും വാസ്തു ശില്പരചനാ തന്ത്രവും പുതിയ ബസിലിക്കയെ അതിമനോഹരമാക്കുന്നു. പക്ഷേ, നമുക്ക്‌ ഒരപേക്ഷയുണ്ട്‌.

മൈക്കിള്‍ആന്‍ജലോയുടെ മുഖത്തെ അയഞ്ഞ പേശികള്‍ വിറപൂണ്ടു. അല്പം വിറയാര്‍ന്ന കരങ്ങള്‍ കൂപ്പി മൈക്കിള്‍ പറഞ്ഞു.

അങ്ങെന്താണ്‌ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ വൃദ്ധനായിരിക്കുന്നു. പടുവൃദ്ധന്‍! പ്രത്യേകിച്ച്‌ മൂത്രത്തിലുള്ള കല്ല് എന്നെ വളരെയധികം വിഷമിപ്പിക്കുന്നു. ബാക്കി പണികള്‍ ഏതെങ്കിലും ചെറുപ്പക്കാരായ ശില്പികള്‍ ഏറ്റെടുത്തു നടത്തട്ടെ. ഇപ്പോള്‍ത്തന്നെ സാങ്ലോ കുടുംബത്തിലുള്ള അനേകം യുവാക്കള്‍ വാസ്തുശിലപകലയില്‍ ഏറെ മുന്നിലേക്ക്‌ എത്തിയിട്ടുണ്ട്‌. അവരാരെങ്കിലും ശേഷിച്ച പണി എറ്റെടുക്കുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളു.

നാം പറഞ്ഞുതീര്‍ന്നില്ല. നമ്മുടെ ഉദ്ദേശം സെഞ്ഞ്ചോര്‍ മൈക്കിള്‍ആന്‍ജലോതന്നെ ബാക്കി പണികള്‍ ഏറ്റെടുത്ത്‌ നടത്തണമെന്നാണ്‌. അല്ലെങ്കില്‍ത്തന്നെ ആരാണ്‌ അങ്ങേയ്ക്ക്‌ പകരം വെക്കാനൊരു ശില്പി! അതു കണ്ടുകാണേണ്ട കാര്യമാണ്‌. ആരൊക്കെയോ എന്തൊക്കെയോ കിംവദന്തികള്‍ ഇവിടെയൊക്കെ പറഞ്ഞു പരത്തുന്നതായി നാമും കേട്ടു. അതൊന്നും കണക്കാക്കാനില്ല. താങ്കള്‍ ശേഷിക്കുന്ന പണികള്‍ തുടര്‍ന്ന്‌ ചെയ്യുക. നാം പഴയ കരാര്‍ വീണ്ടും പുതുക്കുന്നു. താങ്കളുടെ മേല്‍നോട്ടത്തില്‍ത്തന്നെ.

വീണ്ടും മൈക്കിള്‍ആന്‍ജലോയുടെ നേതൃത്വത്തില്‍ പണികള്‍ പുരോഗമിച്ചു. വെണ്ണക്കല്‍ത്തൂണുകളില്‍ പുതിയൊരു ശില്പചാതുര്യം വിടര്‍ന്നു. കല്ലും സിമന്റും തടിയുമതിന്‌ വര്‍ണ്ണഭംഗിയേകി. ബസിലിക്കകം ഗോഥിക്‌ വാതായനങ്ങളിലും വര്‍ണ്ണചില്ലുകളിലും പ്രകാശിച്ചു. അവയില്‍ പ്രശസ്ത ചിത്രകാരന്മാരുടെ ബൈബിളിലെ വിശുദ്ധ ചിത്രങ്ങള്‍ സൂര്യനാളങ്ങളില്‍
തിളങ്ങി. വര്‍ണ്ണക്കല്ലുകളിലും ചില്ലുകളിലും തൂങ്ങിയ ചാന്റലിയറുകളില്‍ മെഴുകുതിരികള്‍ കത്തി ഉരുകിവീണ്‌ ബസിലിക്കയുടെ ഉള്‍ഭാഗം വിശുദ്ധി പടര്‍ത്തി. അള്‍ത്താരയിലും അതിനു ചുറ്റിലും വിശുദ്ധ രൂപങ്ങളിലും പ്രകാശ രശ്മികള്‍ ചിതറി വീണു പ്രകാശിച്ചു.

മൈക്കിള്‍ആന്‍ജലോ സന്തുഷ്ടനായി. ഏറെക്കുറെ ആ വലിയ കെട്ടിട സമുച്ചയത്തിന്റെ പകുതി പണികള്‍ തീര്‍ന്നിരിക്കുന്നു. ഇനിയുള്ള പ്രധാന പണി മദ്ധ്യത്തിലുള്ള കമാനമാണ്‌. മുമ്പും പലതവണ അതിന്‌ സ്‌കെച്ചിട്ടിട്ടുണ്ട്‌. ഇപ്പോഴാണ്‌ തൃപ്തികരമായ ഒരു സ്ക്കെച്ച്‌ കിട്ടിയത്‌. സൂര്യരശ്മികള്‍ ചുറ്റില്‍നിന്നും വാതനങ്ങളിലൂടെ കടന്ന്‌ ആ വലിയ കമാനം പ്രകാശപൂര്‍ണ്ണമാകണം. അത്തരമൊരു സ്‌കെച്ചു വരച്ചു, പ്രന്തണ്ടു കാലുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു മാര്‍ബിള്‍ ചാമരം പോലെ ചുറ്റിലും നിരവധി കിളിവാതിലുകളുമായി.

പിന്നീട്‌ അതിന്‌ കല്ലും സിമിന്റും കുഴച്ച്‌ അടിത്തറ കെട്ടി. ഇനി അതുണങ്ങി ബലവത്താകണം. അങ്ങനെയൊരവസരം കാത്തു കിടന്നു. അതുതന്നെയല്ല തല്ക്കാലം പണി അല്പനാളേക്ക്‌ നിര്‍ത്തി വെക്കേണ്ടിവന്നു. യൂറോപ്പിലാകെ തണുപ്പാരംഭിച്ചിരുന്നു. ഫ്രെബുവരി മാസത്തിലെ മരം കോച്ചുന്ന തണുപ്പ്‌ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ മഞ്ഞുപെയ്ത്‌ മരവിച്ചു കിടന്നിരുന്നു.
പൈനും ഓക്കും ബ്രിച്ചും സൈപ്രസ്മരങ്ങളും ഇലപൊഴിച്ച നഗ്നശില്‍പങ്ങള്‍ പനിമഞ്ഞ്‌ പുതച്ചു നില്‍ക്കുന്നു. ഇടയ്ക്കിടെ മെഡിറ്ററേനിയന്‍ തീരത്തുനിന്ന്‌ ചുളുപ്പന്‍ കാറ്റ്‌ ചുറ്റിയടിക്കുന്നു.

അന്നൊരു ദിവസം മൈക്കിള്‍ആന്‍ജലോ ഏറെ അസ്വസ്ഥനായി. പനിയോടുകൂടി അതാരംഭിച്ചു. പനി കടുത്തു. ചുമ, ശ്വാസംമുട്ടല്‍! വത്തിക്കാനിലെ ഭിഷ്വഗരന്മാര്‍ നിരന്തരം ശുശ്രൂഷ നടത്തി. കടുത്ത അണുബാധ! അത്‌ ശ്വാസകോശങ്ങളെ മര്‍ദ്ദിച്ച്‌, ശ്വാസം മുട്ടല്‍ കലശലായി കൊണ്ടിരുന്നു. വിട്ടുമാറാത്ത പനി. കടുത്ത ജ്വരമായി ശരീരത്തെ ഇടയ്ക്കിടെ വിറപ്പിച്ചു.

വളരെ അടുത്ത്‌ മരണം എത്തിയിരിക്കുന്നെന്ന്‌ മൈക്കിള്‍ആന്‍ജലോ തിരിച്ചറിഞ്ഞു. പരാതികളില്ലാതെ നീണ്ട ഒരു ദീര്‍ഘായുസ്സിലൂടെ എന്തൊക്കെയോ നേടിയെടുത്തു എന്നത്‌ ആശ്വാസമേകുന്നു. ഓട്ടം പൂര്‍ത്തിയാക്കി മറ്റൊരു നിത്യയാത്രയുടെ ആരംഭത്തിലേക്ക്‌ എത്തിയിരിക്കുന്നു. നിമോണിയ എന്ന കടുത്ത അണുബാധ, രക്ഷപ്പെട്ടവര്‍ ചുരുക്കം മാത്രം. പ്രത്യേകിച്ച്‌ പ്രായം കടന്നവരെ അതു കൊണ്ടുപോകും!

മരണക്കിടക്കയില്‍ ഓര്‍മ്മകള്‍ കെട്ടുപിണഞ്ഞു. അസ്വസ്ഥതകളുടെ നീരാളിപ്പിടുത്തത്തില്‍ പലവിധ ഓര്‍മ്മകളൊഴുകിയെത്തി. ജീവിതം ഒരു കടംകഥപോലെ മൈക്കിളിനു തോന്നി. സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി ജീവിച്ചു. പടവെട്ടി. മത്സരങ്ങളെ അതിജീവിച്ചു. കുടുംബത്തിനുവേണ്ടി ജീവിച്ചു. കൂടുംബത്തിലെ രണ്ടാമത്തെ പുത്രന്‍! ആദ്യജാതനായ ജ്യേഷ്ഠന്‍ ഡൊമിനിക്കന്‍
സന്യാസിയായപ്പോള്‍ ഫ്ളോറന്‍സിലെ വ്യവസ്ഥിതി അനുസരിച്ച്‌ കല്യാണം കഴിക്കാത്ത പ്രായപൂര്‍ത്തിയായ മകന്‍ എന്ന നിലയില്‍ കുടുംബസംരക്ഷണം നടത്തി. പണക്കാരനായപ്പോള്‍ അപ്പന്‍ ലുഡ്വിക്കോ തന്റെ അക്കാണ്ടിലെ പണം അധികാരമായാണ്‌ എടുത്ത്‌ ധൂര്‍ത്തടിച്ചത്‌. ഒന്നിലും പരാതിയില്ല.

ഇപ്പോള്‍ ഈ മരണക്കിടക്കയില്‍ ഏകനാണ്‌. ആരോരുമില്ലാതെ! ഏകാന്തത വേട്ടയാടുന്നു. കടുത്ത ഏകാന്തത! ഇവിടെ വൈദ്യചികിത്സയും ചൂടുള്ള കിടക്കയും മുന്തിയ ഭക്ഷണപാനീയങ്ങളും വത്തിക്കാനില്‍, പോപ്പ്‌ പീയുസ്‌ നാലാമന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. ഡൊമിനിക്കന്‍ സന്യാസിമാരും സന്യാസിനികളും വേണ്ട പരിചരണം നല്‍കുന്നുണ്ട്‌. ഫ്‌ളോറന്‍സിലുള്ള നെഫ്യു, ലിയണാഡോ സിമോണിക്ക്‌ രോഗവിവരം കാണിച്ച്‌ ആളയച്ചിട്ടുണ്ട്‌. അവന്‍ ഇവിടെ എത്തുമ്പോള്‍ താന്‍ ഉണ്ടാകുമോ എന്തോ!

ജീവിതത്തില്‍ വിവാഹത്തെപ്പറ്റി ആലോചിച്ചില്ല. മക്കള്‍, ഭാര്യ, മറ്റു ബന്ധുക്കള്‍ –എല്ലാം സ്വയം കൊത്തിവച്ച ശില്പങ്ങളും വരച്ച ചിത്രങ്ങളുമായിരുന്നു. വിറ്റോറിയാ കെളോണ! സുന്ദരിയായ പ്രഭ്വിനി മുമ്പില്‍ മാദകമായ പുഞ്ചിരി ഉതിര്‍ത്ത്‌ നില്‍ക്കുന്നു. വിധവയായപ്പോള്‍ മുതല്‍ കവിയായ അവളുമായി സംഗിച്ചിട്ടുണ്ട്‌. തൂവലില്‍ പറന്നുപോയ എത്ര എത്ര സുന്ദരഓര്‍മ്മകള്‍!
വിറ്റോറിയാ എന്നേ മരണപ്പെട്ടു. പിന്നെ അടുപ്പമുണ്ടായിരൂന്നത്‌ തോമാസോഡി കാവലിറി എന്ന ചെറുപ്പക്കാരനുമായ പ്രഭു യുവാവുമായി ഉണ്ടായിരുന്ന മമത. എത്രനാള്‍! ഏതാണ്ട്‌ മുപ്പതു വര്‍ഷത്തോളം! ഇപ്പോള്‍ അവനും ദൂരെ എങ്ങോ പോയി ഭാര്യയും മക്കളുമായി കഴിയുന്നു എന്ന്‌ കേള്‍ക്കുന്നു.

എന്തുകൊണ്ട്‌ കല്യാണം കഴിച്ചില്ല, അതുകൊണ്ടല്ലേ ഈ മരണക്കിടക്കയില്‍ ഏകനായി വിഷാദത്തെ അഭിമുഖീകരിക്കുന്നത്‌* അതിനുത്തരമില്ല. ജീവിതമൊരു വലിയ പ്രവാഹമായിരുന്നു. പ്രളയമായിരുന്നു, ദാഹമായിരുന്നു. പിന്നെ, ജോലി। ചായങ്ങളുടെ, അല്ലെങ്കില്‍ കരിങ്കല്‍പ്പൊടിയുടെ ഗന്ധമുള്ള ഒരുവനെ ആര്‍ ഹൃദയം തുറന്ന്‌ പ്രണയിക്കും, സ്‌നേഹിക്കും? അല്ലെങ്കില്‍ തന്നെ വിവാഹത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു പ്രഭുകുമാരിയുടെ ചങ്ങലകളില്‍ മുറുകാന്‍ ഒരു ശില്പിക്കു സാദ്ധ്യമാകുമോ?

ആരൊക്കെയോ മുറിക്കുള്ളിലേക്കു കടന്നുവരുന്നു. ചുവപ്പു മേലങ്കിയും പേപ്പല്‍ മുദ്രയുള്ള വെള്ളക്കിരീടവും ധരിച്ച്‌ അംശവടികളോടെ, അധികാരത്തിന്റെ സ്വര്‍ണ്ണക്കുരിശു രൂപം പേറി, പോപ്പ്‌ പിയൂസ്‌ നാലാമന്‍. ചുറ്റിലും മ്രെതാന്മാര്‍, ക്ര്‍ദിനാളന്മാര്‍!

മൈക്കിള്‍ആന്‍ജലോ ശ്വാസം മുട്ടലില്‍ പൂട്ടിയിരുന്ന കണ്ണുകള്‍ തുറന്ന്‌ തുറിച്ചുനോക്കി. ഒരു മ്രെതാന്‍ മൈക്കിളിന്റെ ചെവിയില്‍ മന്ത്രിച്ചു;

അഭിവന്ദ്യ പോപ്പ്‌ പിയൂസ്‌ നാലാമന്‍ എഴുന്നള്ളി വന്നിരിക്കുന്നു, സെഞ്ഞ്വോര്‍ മൈക്കിള്‍ആന്‍ജലോയ്ക്ക്‌ അന്ത്യകൂദാശ നല്‍കാന്‍!

മൈക്കിള്‍ആന്‍ജലോയുടെ കണ്ണുകളില്‍ അവ്യക്തതയുടെ മേഘപടലം മൂടി. അപ്പോള്‍ മാലാഖമാരുടെ കാഹള നാദം കേട്ടു. താന്‍ വരച്ച ചിത്രങ്ങള്‍, കൊത്തിയ ശില്പങ്ങള്‍, പിയത്ത, ഡേവിഡ്‌, മോശ! അവയെല്ലാം തെളിഞ്ഞു വന്ന്‌ അനന്തതയില്‍ അലിഞ്ഞുചേരുന്നു.

(അവസാനിച്ചു)

++++++

അടുത്ത നോവല്‍ ‘ഫ്ലൂ’ ഉടന്‍ ആരംഭിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News