ചോക്ലേറ്റായിരിക്കുമെന്ന് കരുതി കുഴിച്ചു നോക്കി; കിട്ടിയത് 1500 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ !

ഡെൻമാർക്ക്: കൈയ്യിലുണ്ടായിരുന്ന മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദിച്ചപ്പോള്‍ മണ്ണില്‍ കുഴിച്ചിട്ട ചോക്ലേറ്റായിരിക്കുമെന്ന് കരുതിയാണ് അയാള്‍ അവിടെ കുഴിച്ചു നോക്കിയത്… എന്നാല്‍, കണ്ടതോ കുറെ സ്വര്‍ണ്ണാഭരണങ്ങള്‍..! അതും 1,500 വർഷങ്ങൾ പഴക്കമുള്ളവ. ഒമ്പത് പെൻഡന്റുകളും മൂന്ന് മോതിരങ്ങളും 10 സ്വർണ്ണ മുത്തുകളുമടങ്ങുന്ന ഈ നിധി ലഭിച്ചത് ഡെന്‍‌മാര്‍ക്കിലെ 51-കാരനായ എര്‍ലന്‍ഡ് ബോറിനാണ്.

സ്റ്റവാഞ്ചർ നഗരത്തിനടുത്തുള്ള തെക്കൻ ദ്വീപായ റെന്നസോയില്‍ നിന്നാണ് ഈ അപൂർവ നിധി ശേഖരം കണ്ടെത്തിയത്. വീട്ടിലെ സോഫയിൽ വെറുതെ ചടഞ്ഞിരിക്കാതെ പുറത്തൊക്കെ ഇറങ്ങി നടക്കാന്‍ ഡോക്ടര്‍ നിർദ്ദേശിച്ചതിനെത്തുടർന്നാണ്
എര്‍ലന്‍ഡ് ബോര്‍ ഒരു ഹോബിക്കായി കഴിഞ്ഞ മാസം മെറ്റല്‍ ഡിറ്റക്ടര്‍ വാങ്ങിയത്.

തന്റെ മെറ്റൽ ഡിറ്റക്ടറുമായി പർവത ദ്വീപിന് ചുറ്റും അദ്ദേഹം നടക്കാന്‍ തുടങ്ങി. ആദ്യം ചില പൊട്ടുപൊടികള്‍ കിട്ടിയപ്പോള്‍ കൗതുകം തോന്നി വീണ്ടും മെറ്റല്‍ ഡിറ്റക്ടര്‍ പ്രവര്‍ത്തിപ്പിച്ച് സ്കാന്‍ ചെയ്തപ്പോഴാണ് അവിശ്വസനീയമായ ആ നിധി ശേഖരം കണ്ടെത്തിയതെന്ന് ബോര്‍ പറയുന്നു.

ഒരേ സമയം ഇത്രയധികം സ്വർണം കണ്ടെത്തുന്നത് അസാധാരണമാണെന്നാണ് സ്റ്റാവഞ്ചർ സർവകലാശാലയിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ ഡയറക്ടർ ഒലെ മാഡ്‌സെൻ പറഞ്ഞത്.

നോർവീജിയൻ നിയമപ്രകാരം, 1537-ന് മുമ്പുള്ള വസ്തുക്കളും 1650-നേക്കാൾ പഴക്കമുള്ള നാണയങ്ങളും സംസ്ഥാന സ്വത്തായി കണക്കാക്കുകയും അവ സര്‍ക്കാരിന് കൈമാറുകയും വേണം.

400-നും 550-നും ഇടയിൽ നോർവേയിലെ മൈഗ്രേഷൻ കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന AD 500-ലുള്ളതാണ് സ്വർണ്ണ പെൻഡന്റുകൾ – പരന്നതും നേർത്തതും ഒറ്റ-വശങ്ങളുള്ളതുമായ സ്വർണ്ണ മെഡലുകളെന്ന് മ്യൂസിയത്തിലെ അസോസിയേറ്റ് പ്രൊഫസർ ഹേക്കോൺ റിയേഴ്സൻ പറഞ്ഞു.

പെൻഡന്റുകളും സ്വർണ്ണ മുത്തുകളും “വളരെ പ്രകടമായ ഒരു മാല”യുടെ ഭാഗമായിരുന്നു. അത് വിദഗ്ദ്ധരായ ജ്വല്ലറികൾ നിർമ്മിച്ചതാണ്. സമൂഹത്തിലെ ഏറ്റവും ശക്തരായവർ ധരിച്ചിരുന്നവയാണതെന്ന് റിയേഴ്സന്‍ പറഞ്ഞു. “നോർവേയിൽ, 19-ാം നൂറ്റാണ്ടിനുശേഷം സമാനമായ ഒരു കണ്ടുപിടിത്തം നടന്നിട്ടില്ല, സ്കാൻഡിനേവിയൻ പശ്ചാത്തലത്തിൽ ഇത് വളരെ അസാധാരണമായ കണ്ടെത്തൽ കൂടിയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർവേ, സ്വീഡൻ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ഇതുവരെ 1,000 ഗോൾഡൻ ബ്രാക്റ്റേറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഇതേ മ്യൂസിയത്തിലെ പ്രൊഫസർ സിഗ്മണ്ട് ഒഹർൽ പറഞ്ഞു.

പെൻഡന്റുകളിലെ ചിഹ്നങ്ങൾ സാധാരണയായി നോർസ് ദേവനായ ഓഡിൻ തന്റെ മകന്റെ അസുഖമുള്ള കുതിരയെ സുഖപ്പെടുത്തുന്നതായി കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റെന്നസോയിയിൽ, കുതിരയുടെ നാവ് സ്വർണ്ണ പെൻഡന്റുകളിൽ തൂങ്ങിക്കിടക്കുന്നു, “അതിന്റെ ചരിഞ്ഞ ഭാവവും വളച്ചൊടിച്ച കാലുകളും അതിന് പരിക്കേറ്റതായി കാണിക്കുന്നു,” ഓഹർ പറഞ്ഞു.

“കുതിരയുടെ ചിഹ്നം രോഗത്തെയും ദുരിതത്തെയും പ്രതിനിധീകരിക്കുന്നു. എന്നാൽ, അതേ സമയം രോഗശാന്തിയും പുതിയ ജീവിതവും പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ലോയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (200 മൈൽ) തെക്കുപടിഞ്ഞാറായി സ്റ്റാവാഞ്ചറിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ ഈ കണ്ടെത്തൽ പ്രദർശിപ്പിക്കാനാണ് പദ്ധതി.

Print Friendly, PDF & Email

Leave a Comment

More News