മോദിയുടെ അമേരിക്കൻ സന്ദർശനം ചരിത്ര വിജയം (എഡിറ്റോറിയല്‍)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയുടെ രാഷ്ദ്രീയ-സാമ്പത്തിക പ്രാധാന്യത്തെ അംഗീകരിക്കാനും വരും വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ നമ്മുടെ ചുവടുറപ്പിക്കുന്ന ധാരണകള്‍ക്ക്‌ മോദി-ബൈഡന്‍ കൂടിക്കാഴ്ച കാരണമായി. നേരത്തെ പ്രതിരോധ സഹകരണ കരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ഏകപക്ഷീയമായിരുന്നു. പ്രതിരോധ സഹകരണം, കോ.-പ്രൊഡക്ഷന്‍, ഗവേഷണം, പരീക്ഷണങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയില്‍ ഒരിക്കലും പ്രവേശിച്ചിരുന്നില്ല. മോദിയുടെ സന്ദര്‍ശനം ചരിത്രവിജയമാകാന്‍ കാരണം അമേരിക്ക ഇപ്പോള്‍ അതിന്‌ തയ്യാറായിക്കഴിഞ്ഞു എന്നതാണ്‌.

മാറുന്ന ലോകത്ത്‌ ഇന്ത്യയുടെ വളര്‍ച്ചയും പ്രധാനമന്ത്രി മോദി നല്‍കിയ ശക്തമായ നേതൃത്വവും 100% ഉറപ്പോടെ ഉറപ്പിച്ചിരിക്കുന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായി വിശ്വസിക്കാവുന്ന ഏക ഏഷ്യന്‍ രാജ്യമാണ്‌ ഇന്ത്യയെന്ന തിരിച്ചറിവാണ്‌ കരാറുകള്‍ നിര്‍മാണത്തിലേക്കും സഹകരണത്തിലേക്കും നീളാന്‍ കാരണം. ഇന്ത്യയുടെ സ്വയം നിര്‍മ്മിത ലൈറ്റ്‌ കോംബാറ്റ്‌ എയര്‍ക്രാഫ്റ്റായ തേജസിനായി ജിഇ എയ്റോസ്പേസില്‍ നിന്ന്‌ എഞ്ചിന്‍ മാത്രമാണ്‌ വാങ്ങുന്നത്‌. അമേരിക്കന്‍ കമ്പനിയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്‌ ലിമിറ്റഡും സംയുക്തമായി നാസിക്‌ യൂണിറ്റില്‍ ഈ എഞ്ചിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അതിനു വേണ്ട ധാരണാപത്രം ഇപ്പോള്‍ ഒപ്പുവച്ചു. എഫ്‌-414 എന്‍ജിന്റെ സാങ്കേതിക വിദ്യയും ഇതിന്റെ ഭാഗമാകും. ഭാവിയില്‍ യുദ്ധവിമാന എന്‍ജിനുകളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപൃത കൈവരിക്കുമെന്നതാണ്‌ കരാറിലൂടെ നാം കൈവരിച്ച ഏററവും വലിയ നേട്ടം. ദ എയ്റോസ്പേസിന്റെ 56 എഞ്ചിന്‍ ഉപയോഗിച്ച്‌ ആധുനിക യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ്‌ വികസനം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ, പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍, പ്രതിരോധ വ്യവസായങ്ങള്‍ക്ക്‌ നയപരമായ ദിശാബോധം നല്‍കുന്ന ഡിഫന്‍സ്‌ ഇന്‍ഡസ്ട്രിയല്‍ റോഡ്‌ മാപ്പിനും അന്തിമരൂപം നല്‍കി. ഇതിന്റെ ഭാഗമായി പ്രതിരോധ സംവിധാനങ്ങളുടെ കോ പ്രൊഡക്ഷനും സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെയുള്ള ഗവേഷണവും നടക്കും. വ്യോമ, കര, കടല്‍ മേഖലകളിലെ പ്രതിരോധ സഹകരണത്തിന്‌ മോദിയുടെ സന്ദര്‍ശനം വലിയൊരു വഴിയാണ് തുറന്നിരിക്കുന്നത്. അണ്ടര്‍വാട്ടര്‍ ഡൊമൈന്‍ അവബോധം ഉള്‍പ്പെടെയുള്ള സമുദ്ര സംരക്ഷണ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെ പ്രതിരോധത്തിന്റെ പുതിയ മേഖലകളിലേക്കും സഹകരണം നീങ്ങും.

ഇന്ത്യന്‍ കപ്പല്‍ ശാലകളുമായുള്ള മാസ്റ്റര്‍ റിപ്പയര്‍ കരാറുകളുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ഭാവിയില്‍ ഇന്ത്യക്ക്‌ കൂടുതല്‍ അവസരങ്ങള്‍ തുറക്കാന്‍ സഹായിക്കും.
ബാംഗ്ലൂരിലും അഹമ്മദാബാദിലും രണ്ട്‌ പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കാന്‍ യുഎസ്‌ പദ്ധതിയിടുന്നു. ജോലിക്കും ബിസിനസ്സിനും സന്ദര്‍ശനത്തിനുമായി ഇന്ത്യയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ വരുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്‌. മുന്‍കാലങ്ങളില്‍, നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ സര്‍ക്കാര്‍ തലത്തിലുള്ള സഹകരണത്തില്‍ ഒതുങ്ങിയിരുന്നു, എന്നാല്‍, അതിന്‌ വിരുദ്ധമായി, യുഎന്‍ കമ്പനികള്‍ക്ക്‌ നമ്മുടെ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന്‌ ഇന്ത്യയില്‍ വന്‍തോതിലുള്ള നിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കാനുള്ള വഴിയും പുതിയ കരാറുകള്‍ തുറന്നു. ഇത്‌ ഇന്ത്യയില്‍ നിരവധി തൊഴിലവസരങ്ങളിലേക്ക്‌ നയിക്കും.

യുഎസ്‌ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രണ്ടുതവണ അഭിസംബോധന ചെയ്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും മോദിക്ക്‌ സ്വന്തം. 2014ല്‍ താന്‍ യുഎന്‍ സന്ദര്‍ശിച്ചപ്പോള്‍ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യയെന്നും ഇന്ന്‌ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും സമ്മേളനത്തില്‍ മോദി പറഞ്ഞു. വൈകാതെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത്‌ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മുന്നിലായിരിക്കും.

സ്ത്രീ ശാക്തീകരണം എന്നത്‌ ഇന്ത്യയില്‍ വെറുമൊരു വാക്കല്ലെന്ന്‌ ചുണ്ടിക്കാണിക്കാന്‍, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയായെന്ന്‌ മോദി പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം സംബന്ധിച്ച്‌ യുഎസ്‌ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്‌ പരോക്ഷമായ മറുപടിയായി, ഇന്ത്യയുടെ വികസനത്തിന്റെ ഫലങ്ങള്‍ വിവേചനമില്ലാതെ എല്ലാവരും പങ്കിടുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

“ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും ഇടം നല്‍കുന്ന നാടാണ്‌ ഇന്ത്യ. എല്ലാ മതങ്ങളുടെയും സുപ്രധാന ദിനങ്ങള്‍ അവിടെ ആഘോഷിക്കപ്പെടുന്നു. ഇന്ത്യയില്‍ ഏകദേശം 2500 രാഷ്ട്രീയ പാര്‍ട്ടികളുണ്ട്‌. 20 ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലാണ്‌. 22 ഔദ്യോഗിക ഭാഷകളുണ്ട്‌. ഇത്‌ കൂടാതെ ആയിരക്കണക്കിന്‌ ഗ്രാമീണ ഭാഷകളുണ്ട്‌. എന്നിരുന്നാലും, ഞങ്ങള്‍ ഒരേ സ്വരത്തിലാണ്‌ സംസാരിക്കുന്നത്‌,” മോദി പറഞ്ഞു. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന വിശ്വാസമാണ്‌ ഇന്ത്യയെ നയിക്കുന്നത്‌. ഇന്ത്യയുടെ വിദേശനയം ഇതില്‍ അധിഷ്ഠിതമാണെന്നും മോദി ചുണ്ടിക്കാട്ടി. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത്‌ യോഗ ചെയുന്ന മോദിയെ അമേരിക്കയിലെ ജനങ്ങള്‍ ആദരവോടെയാണ്‌ വീക്ഷിച്ചത്‌. വൈറ്റ്‌ ഹസിലും മറ്റും മോദിക്ക്‌ ലഭിച്ച സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. താന്‍ മോദിയുടെ ആരാധകനാണെന്ന ഇലോണ്‍ മസ്കിന്റെ പ്രതികരണം ലോകത്തെ മറ്റ്‌ വ്യവസായികളെയും ഇളക്കിമറിച്ചിരിക്കുകയാണ്‌.

ചീഫ് എഡിറ്റര്‍

Print Friendly, PDF & Email

Leave a Comment

More News