രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: ദേശീയപാതയില്‍ കല്ലുവാതുക്കലില്‍ പഞ്ചായത്തിന്റെ ജീപ്പും കെഎസ്‌ആര്‍ടിസി വോള്‍‌വോ ബസും കൂട്ടിയിടിച്ച്‌ രാമമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.പി. ജോര്‍ജ്‌ (54) മരിച്ചു. പഞ്ചായത്ത്‌ എല്‍ഡി ക്ലാര്‍ക്ക്‌ ശ്രീരാജ്‌ (32), ഡ്രൈവര്‍
സൂരജ്‌ (30), സാക്ഷരത പ്രേരക്‌ ഷൈമോന്‍ (40), ബസ്‌ യാത്രക്കാരന്‍ നിഷി (42) എന്നിവര്‍ക്ക്‌ പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ്‌ അപകടം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ജോര്‍ജ്‌ മരിച്ചത്‌. പരിക്കേറ്റ മറ്റുള്ളവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

തിരുവനന്തപുരത്ത്‌ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന വോള്‍‌വോ ബൈപാസ്‌ റൈഡറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇടിയുടെ ആഘാതത്തില്‍ ജീപ്പ്‌ പിന്നിലേക്ക്‌ തെറിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്‌ ബസ്‌ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ ഇടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി യാത്രക്കാരന്റെ പരിക്ക്‌ ഗുരുതരമല്ല. ജീപ്പിന്റെ മുന്‍സീറ്റിലാണ് ഇ.പി. ജോര്‍ജ്‌ ഇരുന്നിരുന്നത്.

പഞ്ചായത്തിന്റെ മണ്ണ്‌ സംരക്ഷണ പദ്ധതിയുടെ എസ്റ്റിമേറ്റ് തിരുവനന്തപുരത്തെ മണ്ണ്‌ സംരക്ഷണ ഓഫീസില്‍ നല്‍കാനാണ്‌ വെള്ളിയാഴ്ച വൈകീട്ട്‌ അഞ്ചിന്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം രാമമംഗലത്ത്‌ നിന്ന്‌ പുറപ്പെട്ടത്‌.

ഇ പി ജോര്‍ജിന്റെ ഭാര്യ – ലിസി. മകള്‍ – നീനു.

Print Friendly, PDF & Email

Leave a Comment

More News