പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വിദ്യ അട്ടപ്പാടി ചുരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കീറിക്കളഞ്ഞു: പോലീസ്

പാലക്കാട്; പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അട്ടപ്പാടി ചുരത്തിൽ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് കീറി വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് കോടതിയിൽ വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.

അട്ടപ്പാടി കോളേജിലെ ഇന്റർവ്യൂ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് പ്രിൻസിപ്പലിന് സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്ന് മനസ്സിലായത്. മുക്കാലി ഭാഗത്ത് എത്തിയപ്പോൾ സർട്ടിഫിക്കറ്റ് കീറി ചുരത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വിദ്യ പറഞ്ഞെന്നും വ്യാജരേഖ ചമച്ചതാണെന്നും പോലീസിനോട് സമ്മതിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു.

വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഓൺലൈൻ ആയിട്ടാണ് സീൽ നിർമിച്ചതെന്നും ഇതിന്റെ യഥാർത്ഥ രേഖ കണ്ടെത്തുന്നതിന് ശ്രമം തുടരുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. സ്വന്തം മൊബൈൽ ഫോണിലാണ് വിദ്യ കാര്യങ്ങൾ ചെയ്തത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നശിപ്പിച്ചു.

സാമ്പത്തികമായി ചില പ്രശ്‌നങ്ങൾ ഉളളതിനാൽ ജോലി വേണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്തരം സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും വിദ്യ പോലീസിനോട് പറഞ്ഞു. കരിന്തളം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്യാൻ കോടതിയിലെത്തിയെങ്കിലും നോട്ടീസ് നൽകിയ ശേഷം അത്തരം നടപടികളിലേക്ക് കടന്നാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യ മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി പഠിപ്പിച്ചുവെന്ന് കാണിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിര്‍മ്മിച്ചു. അട്ടപ്പാടി കോളേജിൽ നിന്ന് മഹാരാജാസ് കോളേജിലേക്ക് സർട്ടിഫിക്കറ്റ് അയച്ച് നൽകിയപ്പോഴാണ് പിടിക്കപ്പെട്ടത്. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് വിദ്യ. ഒളിവിലായിരുന്ന വിദ്യയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

Print Friendly, PDF & Email

Leave a Comment

More News