കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച

സാന്‍ഫ്രാന്‍സിസ്‌കോ: ഏപ്രില്‍ 24 ബുധനാഴ്ച കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തരുണ്‍ ജോര്‍ജ്, ഭാര്യ റിന്‍സി, മക്കളായ റോവാന്‍, അരോണ്‍ എന്നിവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച ഫ്രീമോണ്ട് ചാപ്പല്‍ ഓഫ് ദി റോസസില്‍ വച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ച് മണിവരെ നടക്കും.

തരുണ്‍ ജോര്‍ജിന്റേയും ഭാര്യ റിന്‍സിയുടേയും മാതാപിതാക്കളും സഹോദരങ്ങളും ഇന്ന് അമേരിക്കയില്‍ എത്തിച്ചേരും. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച നടക്കും. സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജി തോമസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും.

ഏപ്രില്‍ 24 ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അലമേഡ കൗണ്ടിയിലെ പ്ലസന്റണ്‍ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോര്‍ജ് (42), ഭാര്യ റിന്‍സി (41), മക്കളായ റോവാന്‍ (13), അരോണ്‍ (8) എന്നിവര്‍ മരണപ്പെട്ടത്.

സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് കാര്‍ കത്തിനശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്.

എ.ഐ നെറ്റ്‌വര്‍ക്കിംഗ് കമ്പനിയായ അറുബയില്‍ ഉദ്യോഗസ്ഥനായിരുന്നു തരുണ്‍ ജോര്‍ജ്. “ഞങ്ങളുടെ ചിന്തകള്‍ കുടുംബത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം,” കമ്പനി തങ്ങളുടെ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

എന്‍ജിനീയറിംഗ് ബിരുദധാരികളായിരുന്നു തരുണ്‍ ജോര്‍ജും, റിന്‍സിയും. അപകടമുണ്ടായ മരത്തിനു സമീപം പൂക്കളും ഓര്‍മ്മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു. പ്ലസന്റണ്‍ നഗരത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളായിരുന്നു അരോണും റോവാനും. ഓക് മരത്തിനു സമീപത്തായി സഹപാഠികള്‍ കൈകൊണ്ട് എഴുതിയ പോസ്റ്ററുകള്‍ കാണാം. “റോവന്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും കരുണയുള്ള കുട്ടിയായിരുന്നു നീ” ഒരു സഹപാഠിയുടെ കുറിപ്പില്‍ എഴുതി. “ഞാന്‍ ഒരിക്കലും മറക്കില്ല നമ്മുടെ 4th ഗ്രേഡിലെ സൗഹൃദം,” മറ്റൊരു വിദ്യാര്‍ത്ഥിയും എഴുതി. “നീ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് മൂന്നാമത്തെ സഹപാഠി എഴുതിയത്.

“ഈ ദുരന്തവാര്‍ത്ത സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവ് വലുതാണ്. എങ്കിലും ജോര്‍ജ് ഫാമിലിയുടെ നല്ല ഓര്‍മ്മകള്‍ നിലനില്‍ക്കും,” യു.എസ് കോണ്‍ഗ്രസ് അംഗം എറിക്ക് സ്യാള്‍വെല്‍ എക്‌സില്‍ കുറിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രമുഖ മലയാളി സംഘടനയായ മങ്കയുടെ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പരിചയക്കാരും, സുഹൃത്തുക്കളും കുടുംബത്തിന് എല്ലാ സഹായവുമായി രംഗത്തുണ്ട്.

Print Friendly, PDF & Email

Leave a Comment

More News