എലിപ്പനി ബാധിച്ച് അച്ഛനും മകനും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത്‌ എലിപ്പനി ബാധിച്ച്‌ വീണ്ടും മരണം. മലപ്പുറം പൊന്നാനിയില്‍ അച്ഛനും മകനും മരിച്ചത്‌ എലിപ്പനി മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. എഴുപതുവയസുകാരനായ വാസുവും, 44-കാരനായ മകന്‍ സുരേഷും കഴിഞ്ഞ 24, 28 തീയതികളിലാണ്‌ പനി ഗുരുതരമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്‌. സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതോടെ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

ജില്ലയില്‍ എച്ച്‌1 എന്‍1 വൈറസ്‌ ബാധമൂലവും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത്‌ പൈങ്കണ്ണൂരില്‍ 13-കാരനായ വിദ്യാര്‍ത്ഥി മരണപ്പെട്ടത്‌ എച്ച്‌ 1 എന്‍1 വൈറല്‍ മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത്‌ തുടര്‍ച്ചയായി മഴ ലഭിക്കുന്നില്ലെങ്കിലും എലിപ്പനി, എച്ച്‌1 എന്‍1 ഉള്‍പ്പെടെയുള്ള ഗുരുതരമായ പനികള്‍ വ്യാപിക്കുന്നത്‌ ആശങ്ക ഉയര്‍ത്തുന്നു. പനി മൂലം അടുത്തടുത്ത ദിവസങ്ങളില്‍ മരണവും റിപ്പോര്‍ട്ട്‌ ചെയുന്നുണ്ട്‌.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന്‌ വയസുകാരി മരിച്ചിരുന്നു. കണ്ണൂര്‍ മാതമംഗലം ഏരിയ സ്കൂളിന്‌ സമീപം മാലിക്കന്റകത്ത്‌ മുഹമ്മദ്‌ ഷഫീക്ക്‌- ജസീല ദമ്പതികളുടെ മകള്‍ ആസ്വാ ആമിന (3) ആണ്‌ മരിച്ചത്‌. രണ്ടാഴ്ചയായി കുട്ടി പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്‌. പിന്നീട്‌ പരിയാരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ഇവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്‌.

Print Friendly, PDF & Email

Leave a Comment

More News