തടിലേലം നിലച്ചു; വനം വകുപ്പിന് പ്രതിമാസ നഷ്ടം 24 കോടി

തിരുവനന്തപുരം: തൊഴിലാളികള്‍ അമിത കയറ്റുകൂലി ആവശ്യപ്പെട്ടതോടെ വനം വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ കീഴിലുള്ള നാലു ഡിപ്പോകളില്‍ തടി ലേലം മുടങ്ങി. പ്രതിമാസം 24 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടുന്നത്‌.

അച്ചന്‍കോവില്‍, ആര്യങ്കാവ്‌, തെന്മല, കുളത്തുപ്പുഴ ഡിപ്പോയിലാണ്‌ സംഭവം. മാസത്തില്‍ രണ്ടു ലേലം നടത്തിയെങ്കിലും
തടിവ്യാപാരികള്‍ പങ്കെടുത്തില്ല. കയറ്റുകൂലി കേട്ട് മടങ്ങിപ്പോവുകയായിരുന്നു.

സാധാരണ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളികളും തടിവ്യാപാരികളും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചര്‍ച്ചയിലാണ് കൂലി വര്‍ദ്ധനയ്ക്ക്‌ തീരുമാനമാവുന്നത്‌. ഇക്കുറി തൊഴിലാളികള്‍ ഏകപക്ഷീയമായി കൂലി വര്‍ദ്ധന പ്രഖ്യാപിക്കുകയായിരുന്നു. ക്യുബിക്‌ മീറ്റര്‍ വരുന്ന ഒരു ലോഡിന്‌ 40800 രൂപയാണ്‌ ആവശ്യപ്പെടുന്നത്‌.

ലേലം കൊണ്ട അഞ്ചു കോടി രൂപയുടെ തേക്ക്‌ കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുകയാണ്‌. പത്തു കോടി രൂപയുടെ തേക്ക്‌ ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ലേബര്‍ ഓഫീസ്‌ ഇടപെടില്ല. വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നിസഹായാവസ്ഥയിലാണ്‌.

തേക്ക്‌ തടികളാണ്‌ പ്രധാനമായും ലേലത്തില്‍ പോകുന്നത്‌. തൊഴിലാളികള്‍ കൊണ്ടുവരുന്ന ക്രെയിന്‍ ഉപയോഗിച്ചാണ്‌ തടികയറ്റല്‍.

പ്രതിമാസം അമ്പത്‌ ലോഡ്‌ തടിയാണ്‌ ഈ ഡിപ്പോകളില്‍ നിന്ന്‌ ലേലത്തില്‍ പോയിരുന്നത്‌. അതാണ്‌ മുടങ്ങിയത്‌. മാസത്തില്‍ മൂന്നു ലേലം വീതം നാലു ഡിപ്പോകളിലായി പന്ത്രണ്ട്‌ ലേലം നടക്കേണ്ടതാണ്‌.

അച്ചന്‍കോവിലിലും ആര്യങ്കാവിലും ഒരു ക്യൂബിക്‌ മീറ്ററിന്‌ 3,050 രൂപയാണ് നിലവില്‍ കയറ്റുകൂലി . ഇത്‌ 3,400 രൂപയായി
വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ആവശ്യം. പെരുമ്പാവൂരിലെ വിട്ടുരില്‍ 1,700 രൂപ കയറ്റു കൂലി. പാലക്കാട്‌ വാളയാറില്‍ ഒരു ക്യൂബിക്‌ മീറ്ററിന്‌ 2,100 രൂപ. മറ്റു സ്ഥലങ്ങളിലും ചെറിയ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും അമിത കൂലി ഈടാക്കുന്നില്ല.

വീടു വയ്ക്കാന്‍ ആവശ്യമായ തടി നേരിട്ട്‌ വാങ്ങാന്‍ ഡിപ്പോകളിലെത്തുന്ന വ്യക്തികളും അമിത കൂലി നല്‍കേണ്ടിവരുന്നു. തീരെ കുറച്ച്‌ തടി വാങ്ങിയാലും അഞ്ച്‌ ക്യൂബിക്‌ മീറ്ററിന്റെ കൂലി കൊടുക്കണം. 15250 രൂപ കുറഞ്ഞ നിരക്ക്‌. അഞ്ചു ക്യൂബിക്‌ മീറ്ററില്‍ അല്‍പം കൂടിയാല്‍പ്പോലും പത്തിന്റെ കൂലി കൊടുക്കണം.

കൂലി

(ഒരുലോഡില്‍ 12 ക്യൂബിക്‌ മീറ്റര്‍)

അച്ചന്‍കോവില്‍……………….. 37,000
വാളയാര്‍…………………………… 25000
പെരുമ്പാവൂര്‍…………………… 20400

തടി വില്‍പന ഡിവിഷന്‍:

പെരുമ്പാവൂര്‍, കോഴിക്കോട്‌, പുനലൂര്‍, പാലക്കാട്‌, തിരുവനന്തപുരം, കോട്ടയം

വില്‍പന ഡിപ്പോകള്‍: 25
പ്രതിമാസ ലേല വരുമാനം: 150 കോടി

തിരുവനന്തപുരം ഡിവിഷനിലെ ലേല വരുമാനം: 24 കോടി രൂപ

Print Friendly, PDF & Email

Leave a Comment

More News