കാട്ടുകാച്ചിലെന്നു കരുതി പന്നിപ്പടക്കത്തിൽ വെട്ടി; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി ടി.ടി.സി വിദ്യാര്‍ത്ഥിനി കൂടിയായ വീട്ടമ്മയുടെ ഇടത്ത്‌ കണ്ണിനും വലത്‌
കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കടയ്ക്കല്‍ കാരയ്ക്കാട്‌ വാഴപ്പണയില്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ രാജിക്കാണ്‌ (35)
പരിക്കേറ്റത്‌. വീടിന്‌ മുന്നില്‍ നിന്നു കിട്ടിയ ഉരുണ്ട വസ്തു കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജി കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. വീടിന്‌ മുന്നിലെ ടാങ്കില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ പോയപ്പോഴാണ് തൊട്ടടുത്തു നിന്ന് ഉരുണ്ട വസ്തു കിട്ടിയത്. രാജി അതെടുത്ത്‌ വിറക്‌ കീറുകയായിരുന്ന ഭര്‍തൃമാതാവ്‌ ലീലയ്ക്ക്‌ അരികിലെത്തി. ലീല അതുവാങ്ങി പരിശോധിച്ച ശേഷം നിലത്തിട്ട ചവിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന്‌ രാജി കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജിയുടെ കണ്ണിനും ഇടത്തെ കൈപ്പത്തിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ശസ്ത്രക്രിയ നടത്തി. ഇടത്‌ കൈയിലെ ഒരു വിരല്‍ അറ്റുപോയി. ബാക്കി വിരലുകളിലെ മാംസവും ചിതറിത്തെറിച്ചു. കൈപ്പത്തിയുടെ കുഴയ്ക്കും വലത്‌ കാല്‍പ്പാദത്തിനും പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്ന്‌ ലഭിച്ച പ്രാഥമിക വിവരമെന്ന്‌ കടയ്ക്കല്‍ പൊലീസ്‌ പറഞ്ഞു.

അശ്രദ്ധ മൂലമുണ്ടായ അപകടമെന്നാണ്‌ പൊലീസിന്റെ നിഗമനം. പന്നിയെ തുരത്താന്‍ മറ്റാരോ വച്ച പന്നിപ്പടക്കം തെരുവ്‌ നായ കടിച്ച്‌ വീടിന്‌ മുന്നില്‍ കൊണ്ടിട്ടതാകാമെന്നാണ്‌ സംശയിക്കുന്നത്‌. കടയ്ക്കല്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങല്‍ ജയഭാരത്‌ പി.പി ടി.ടി.സി വിദ്യാര്‍ത്ഥിനിയാണ്‌ രാജി. ഇന്ന്‌ പരീക്ഷയ്ക്ക്‌ പോകാനിരിക്കെയാണ്‌ അപകടമുണ്ടായത്‌.

Print Friendly, PDF & Email

Leave a Comment

More News