ആദികേശ് കൊട്ടിക്കയറി;​ പരിമിതി സംഗീതമായി

കോഴിക്കോട്‌: വിരലുകളില്ലാത്ത ഇടതു കൈയില്‍ ഡ്രം സ്ലിക്‌ ഇറുക്കിപ്പിടിച്ച്‌ കൃത്രിമക്കാല്‍ നിലത്തുറപ്പിച്ച്‌ ചടുല താളത്തോടെ കേശു കൊട്ടി. ജന്മനായുള്ള കുറവിനെ അതിജീവിച്ച്‌ ഡ്രംസില്‍ വിസൂയം തീര്‍ക്കുകയാണ്‌ ആദികേശെന്ന മൂന്നാം ക്ലാസുകാരന്‍. വലതു കാലും വലതു കൈവിരലുകളുമില്ല, ഫറോക്ക്‌ ചുങ്കം നാക്കുന്നുപാടത്തെ ഈ ഒമ്പതു വയസുകാരന്‌.

രണ്ടാം വയസിലാണ്‌ കിട്ടിയ കമ്പുകള്‍ ഒറ്റക്കൈ ഉപയോഗിച്ച്‌ പാത്രങ്ങളില്‍ താളം പിടിച്ചു തുടങ്ങിയത്‌. വീട്ടിലെ പാത്രങ്ങളും സ്റ്റൂളുകളും കൊട്ടിത്തകര്‍ത്ത കേശു കേട്ട വഴക്കിന്‌ കണക്കില്ല. എന്നിട്ടും അവന്‍ കൊട്ട് നിറുത്തിയില്ല. കണ്ണില്‍ കാണുന്നതിലെല്ലാം താളം കണ്ടെത്തി. വിരലുകളില്ലാത്ത വലതു കൈകൊണ്ടും കൊട്ടാന്‍ തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ നിന്നു വാങ്ങുന്ന കളിപ്പാട്ട ചെണ്ടയിൽ ആവേശത്തോടെ കൊട്ടി. കുഞ്ഞു കൈകള്‍ കൊട്ടി വേദനിക്കുമ്പോള്‍ തുണിചുറ്റി സ്റ്റിക്ക്‌ കൈകളിലുറപ്പിച്ച്‌ കൊട്ടിയതല്ലാതെ അവന്‍ താളം നിറുത്തിയില്ല. കേശുവിന്റെ വിരല്‍ വേഗവും താളക്കണിശതയും
മാതാപിതാക്കളെ അമ്പരപ്പിച്ചു. അവന്റെയുള്ളില്‍ സംഗീതമുണ്ടെന്ന്‌ അവര്‍ തിരിച്ചറിഞ്ഞെങ്കിലും കുഞ്ഞു കേശുവിനായി ഒരു ഡ്രംസ്‌ സെറ്റ്‌ വാങ്ങി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആയിടയ്ക്കാണ്‌ ചിരിച്ച മുഖത്തോടെ ചെണ്ട കൊട്ടുന്ന കേശുവിന്റെ വീഡിയോ ഫാമിലി ഗ്രുപ്പിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്‌.

ഇത്‌ ശ്രദ്ധയില്‍പ്പെട്ട സിനിമാതാരം ദേവരാജന്‍ കേശുവിനായി വിലപിടിപ്പുള്ള ഒരു ഡ്രം സെറ്റ്‌ വാങ്ങുകയും സ്കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ നിര്‍മ്മല്‍ പാലാഴി വഴി സമ്മാനമായി നല്‍കുകയും ചെയ്തു. ഡ്രം സെറ്റില്‍ താളം പിടിച്ച്‌ കൊട്ടുമെങ്കിലും ശാസ്ത്രീയമായി പഠിക്കണമെന്നാണ്‌ ഫറോക്ക്‌ നല്ലൂര്‍ ജി.ജി.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ കേശുവിന്റെ ആഗ്രഹം.

ചിത്രരചനയിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്‌ കേശു. യൂട്യൂബ്‌ നോക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. കേശുവിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അച്ഛന്‍ സജിത്തും അമ്മ പ്രേംജോത്സനയും എപ്പോഴും കൂട്ടിനുണ്ട്‌.

Print Friendly, PDF & Email

Leave a Comment

More News