വധശ്രമം ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതി ഖത്തറിലേക്ക് കടന്നു; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത പോലീസ് വെട്ടിലായി

പത്തനംതിട്ട: കാപ്പ കേസ് പ്രതി പോലീസിനെ കബളിപ്പിച്ച് വെട്ടിച്ച് വിദേശത്തേക്ക്. പറക്കോട് സ്വദേശി നിർമൽ ജനാർദനനാണ് പൊലീസിനെ കബളിപ്പിച്ച് നാടുവിട്ടത്. സംഭവം പോലീസിന് വലിയ നാണക്കേടായി മാറിയതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.

വധശ്രമം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിർമ്മൽ. പോലീസിന് സ്ഥിരം തലവേദനയായതോടെ കഴിഞ്ഞ ജൂലൈയിലാണ് നിർമ്മലിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. എന്നാൽ ഇതിന് പിന്നാലെ നിർമ്മൽ രഹസ്യമായി ഖത്തറിലേക്ക് കടക്കുകയായിരുന്നു.

പാസ്‌പോർട്ടിന്റെ കാലാവധി തീരാനായതിനാൽ പുതുക്കാൻ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയിൽ നിർമ്മൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം നാലിന് പോലീസ് ക്ലിയറൻസും നൽകി. അടൂർ പോലീസാണ് ഫീൽഡ് വെരിഫിക്കേഷൻ നടത്തി ഗുഡ് സർട്ടിഫിക്കേറ്റ് നൽകിയത്. സംഭവം പുറത്തുവന്നതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അടൂർ ഇൻസ്പെക്ടർ ശ്രീകുമാറിനെ ചുമതലപ്പെടുത്തി. എസ്പി ഓഫീസിൽ പരിശോധന നടത്താതെയാണ് അപേക്ഷ അംഗീകരിച്ചതെന്ന് വ്യക്തമാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുതുക്കിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News