മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജമാണെന്ന് കെ എസ് യു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേഷ്ടാവ് രതീഷ് കാളിയാടന്റെ പിഎച്ച്ഡി തീസിസ് കോപ്പിയടിച്ചതാണെന്ന ഗുരുതര ആരോപണവുമായി കെഎസ്‌യു രംഗത്ത്. വിഷയത്തിലെ പേപ്പർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അസം സർവകലാശാലയ്ക്കും മറ്റൊരാളുടെ പേപ്പർ കോപ്പിയടിച്ചതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നൽകി.

രതീഷ് കാളിയാടന്റെ തീസിസ് 85% കോപ്പിയടിച്ചതാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണത്തിനെതിരെ കേസ് കൊടുത്ത രതീഷ് കാളിയാടൻ, കെഎസ്‌യു തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് മാത്രമാണ് പറഞ്ഞതെന്നും, തീസിസിനെക്കുറിച്ച് വ്യക്തമാക്കുന്നില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

വിഷയത്തിൽ അസം സർവകലാശാലയിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തിന്‍റെ പരാതികളോട് പൊലീസിന് അവഗണനയാണെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. മിനിമം വർഷം വേണം ഗവേഷണം പൂർത്തിയാക്കാൻ എന്നിരിക്കെ രണ്ട് വർഷം കൊണ്ടാണ് പി എച്ച് ഡി നേടിയതെന്നും അലോഷ്യസ് പറയുന്നു. പ്രബന്ധത്തിൽ 70 ശതമാനം പ്ലേജറിസമാണ്. ഷോട്ട് ഗംഗ എന്ന വെബ്‌സൈറ്റിൽ നിന്നാണ് പ്രബന്ധത്തിന് വേണ്ട കാര്യങ്ങൾ രതീഷ്, കോപ്പി അടിച്ചിരിക്കുന്നത്. മൈസൂർ സർവകലാശാലയിൽ നിന്നുള്ള രതീഷ് എന്നയാളുടെ പ്രൊജക്‌റ്റിന് സാമ്യമാണ് രതീഷ് കാളിയാടന്‍റെ പ്രൊജക്‌റ്റെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകർച്ചയ്‌ക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ മേഖലയിലുള്ളവരുമായി ചർച്ച ചെയ്‌ത്‌ ഡ്രാഫ്‌റ്റ് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അടുത്തിടെ നിരവധി പേരാണ് ഏറെ ചർച്ച ചെയ്യപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കുടുങ്ങിയത്.

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത കെ.വിദ്യയെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് മുമ്പ് വ്യാജ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിൽ എസ്.എഫ്.ഐയുടെ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News