ഓട്ടോറിക്ഷ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണ് ഡ്രൈവർ മരിച്ചു

പത്തനംതിട്ട: അടൂർ നഗരത്തിന് സമീപം വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്തളം തെക്കേക്കര മിനിഭവനിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് മരിച്ചത്. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഉണ്ണികൃഷ്ണക്കുറുപ്പ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

അടൂർ വാട്ടർ അതോറിറ്റി ഓഫീസിന് സമീപം വിനോബാജി നഗറിൽ അടൂർ വലിയ തോട്ടിലേക്ക് ചേരുന്ന തോട്ടിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. കനത്ത മഴയിലും തോട് കരകവിഞ്ഞൊഴുകിയതിനാലും ഓട്ടോയുടെ അടിയിൽ വീണ ഉണ്ണിക്കൃഷ്ണക്കുറുപ്പിന് രക്ഷപ്പെടാനായില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂരില്‍ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തി ഓട്ടോയിൽ കുടുങ്ങിയ ഉണ്ണിക്കൃഷ്ണക്കുറുപ്പിനെ പുഴയിൽ നിന്ന് പുറത്തെടുത്തു. പുറത്തെടുത്ത ഉടൻ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അടൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ അജികുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ജൂലൈ മൂന്ന് മുതല്‍ അഞ്ച് വരെ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്‍റെ അഞ്ച് സ്‌പില്‍വെ ഷട്ടറുകളും പരമാവധി 200 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.

ഇത്തരത്തില്‍ ഷട്ടറുകല്‍ ഉയര്‍ത്തിയാല്‍ കക്കാട്ടാറില്‍ 60 സെ.മീ. വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവരും മണിയാർ, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലെ നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും, നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ഏത് സാഹചര്യത്തിലും.

Print Friendly, PDF & Email

Leave a Comment

More News