യമുനാനദി കരകവിഞ്ഞൊഴുകുന്നു; അതീവ ജാഗ്രതയില്‍ ഡല്‍ഹി

ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് 206. 24 മീറ്ററിൽ എത്തിയതായി സെൻട്രൽ വാട്ടർ കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു.
ഉയർന്ന വെള്ളപ്പൊക്കനിരപ്പ്–207.49 മീറ്ററാണെന്നും അധികൃതർ അറിയിച്ചു.

ഡൽഹിയിലെ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം ഇന്ന് രാവിലെ 6.00 മുതൽ താൽക്കാലികമായി നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

അതിനിടെ, തുടർച്ചയായ മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വികാസ് നഗറിലും യമുനയിലെ ജലനിരപ്പ് ഉയർന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ പഴയ റെയിൽവേ പാലത്തിൽ യമുനയുടെ ജലനിരപ്പ് 206.04 മില്ലിമീറ്ററായിരുന്നു.
ഡൽഹിയിലെ യമുന നദി തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ അപകടനിലയിൽ 205.33 മീറ്ററായി ഉയർന്നു. ദേശീയ തലസ്ഥാനം ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള മഴയ്ക്കിടെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് നദിയിലേക്ക് വെള്ളം ഒഴുക്കി വിട്ടു.

തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഹത്‌നികുണ്ഡ്‌ ബാരേജിലൂടെ 2,15,677 ക്യുസെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിവിട്ടതെന്ന്‌ വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്‌ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരത്തിൽ പുതിയ മഴ പെയ്തത്.

ശനി, ഞായർ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയും തിങ്കളാഴ്ച പെയ്ത പുതിയ മഴയും കാരണം നഗരത്തിലെ പ്രദേശങ്ങൾ വെള്ളക്കെട്ട് തുടർന്നു.

സർക്കാർ ജാഗ്രതയിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൂർണ സജ്ജമാണെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് തിങ്കളാഴ്ച പറഞ്ഞു.

“206 മീറ്ററിന് മുകളിൽ വെള്ളം കയറുമെന്നതിനാൽ ഡൽഹി സർക്കാർ പൂർണ്ണ ജാഗ്രതയിലാണ്, തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ഇന്ന് ജലനിരപ്പ് 205 മീറ്റർ കടക്കുമെന്ന് നേരത്തെ ഞങ്ങൾക്ക് തോന്നിയിരുന്നു. എന്നാൽ, ഔദ്യോഗിക പ്രസ്താവന പ്രകാരം ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ ഇന്ന് തന്നെ അത് 205 മീറ്റർ കടന്നു,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News