13കാരന്റെ കുടലില്‍ നിന്ന് അപൂര്‍വ മുഴ നീക്കം ചെയ്തു

കണ്ണൂര്‍: കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന്‍ മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി. ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അവസാനിച്ചത്. വിവിന്റെ അവസ്ഥ വിലയിരുത്താന്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം വിദഗ്ധ പരിശോധനകളും തുടര്‍ന്ന് ശസ്ത്രക്രിയയും നിര്‍ദേശിക്കുകയായിരുന്നു. മാതാപിതാക്കള്‍ അതിന് സമ്മതിച്ചതോടെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു.

ശരീര ഭാരം കുറയുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംങില്‍ കുടലിലെ മുഴ കണ്ടെത്തി. തുടര്‍ന്നാണ് ചികിത്സ തേടിയുള്ള വിവിന്റെ യാത്ര ആരംഭിക്കുന്നത്. ഏറ്റവും മികച്ച ചികിത്സയ്ക്കാണ് വിവിന്റെ മാതാപിതാക്കള്‍ കാസര്‍കോട് നിന്ന് മംഗളൂരു കെഎംസി ആശുപത്രിയില്‍ എത്തിയത്. ഇവിടുത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വിവിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കോണ്‍ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് കംപ്യൂട്ടഡ് ടോമോഗ്രഫി (സിഇസിടി) സ്‌കാനിംങ് നടത്തിയപ്പോള്‍ ആമാശയത്തിനും പ്ലീഹയ്ക്കും ഇടയിലായി 7×8 സെന്റീമീറ്റര്‍ വലുപ്പമുള്ള മുഴ കണ്ടെത്തി. ലിംഫോമയോ ആമാശയ ക്യാന്‍സറോ ആകാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ പരിശോധന നടത്തി. രോഗത്തിന്റെ വ്യാപ്തി കൂടി മനസിലാക്കുന്നതിനായി പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി) സ്‌കാന്‍ നടത്തി മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു.

തുടര്‍ന്ന് കൃത്യമായ രോഗ നിര്‍ണയവും ഏറ്റവും മികച്ച ചികിത്സയും ഉറപ്പു വരുത്തുന്നതിനായി ശസ്ത്രക്രിയാ വിദഗ്ദ്ധന്‍, ശിശുരോഗ വിദഗ്ദ്ധന്‍, രക്താര്‍ബുദ വിദഗ്ദ്ധന്‍, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തെ നിയോഗിച്ചു. ഇവര്‍ നടത്തിയ പരിശോധനകളിലും വിലയിരുത്തലിലുമാണ് ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) സ്ഥിരീകരിച്ചത്. ആമാശയത്തിനും പ്ലീഹക്കും ഇടയിലായി രൂപപ്പെട്ട 7×8 സെ.മീ. വലുപ്പമുള്ള മുഴ ലാപ്രോസ്‌കോപ്പി വഴിയാണ് നീക്കം ചെയ്തത്. തുടര്‍ന്ന്, അതിവേഗം സുഖം പ്രാപിച്ച വിവിന്‍ രണ്ടാം ദിവസം ആശുപത്രി വിട്ടു.

വിവിധ വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ സേവനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതാണ് വിവിന്റെ രോഗാവസ്ഥയും ചികിത്സയുമെന്ന് കെഎംസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. വിദ്യ ഭട്ട് പറഞ്ഞു. ഡോക്ടര്‍മാരുടെ കൂട്ടായ ശ്രമത്തിലൂടെ കൃത്യമായ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കാനാകും എന്നതിന് ഉദാഹരണമാണിത്. മകന്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള വിവിന്റെ രക്ഷിതാക്കളുടെ നിശ്ചയദാര്‍ഢ്യവും പ്രചോദനം നല്‍കുന്നതാണ്. അവരുടെ നിലപാട് ഈ ചികിത്സയില്‍ നിര്‍ണായകമായിരുന്നു. രോഗം തിരിച്ചു വരാനുള്ള സാധ്യത കണക്കിലെടുത്ത് കൃത്യമായ തുടര്‍ പരിശോധനകളും ചികിത്സയും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കൃത്യ സമയത്ത് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലെത്തി എന്നതും വിവിന്റെ രോഗം കൃത്യമായി നിര്‍ണയിക്കുന്നതിലും ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുന്നതിലും ചികിത്സയ്ക്ക് മികച്ച ഫലപ്രാപ്തി ലഭിക്കുന്നതിലും നിര്‍ണായകമായെന്നും ഡോ. വിദ്യ ഭട്ട് കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News