മുഹറം കാലത്ത് സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കാൻ മന്ത്രിമാരോട് മമത ബാനര്‍ജി

കൊൽക്കത്ത: വരാനിരിക്കുന്ന മുഹറം ആഘോഷങ്ങൾക്കിടെ പശ്ചിമ ബംഗാളിൽ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി, ക്രമസമാധാനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ മന്ത്രിസഭയിലെ സഹപ്രവർത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജൂലൈ 29 ന് നടക്കാനിരിക്കുന്ന മുഹറം ആഘോഷ വേളയില്‍ സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നില്ലെന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാബിനറ്റ് യോഗത്തിൽ സംസാരിക്കവെ ബാനർജി പറഞ്ഞു.

“വ്യാജ വാർത്തകളോ വീഡിയോകളോ പ്രചരിപ്പിച്ച് മുഹറം ആഘോഷവേളയിൽ ഒരു രാഷ്ട്രീയ പാർട്ടി സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കാൻ ശ്രമിച്ചേക്കുമെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മന്ത്രിമാരോട് ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അവര്‍ ഒരു പ്രത്യേക സ്ഥലത്തിന്റെ പേര് നൽകിയിട്ടില്ല,” ഉദ്യോഗസ്ഥൻ പറഞ്ഞു.

ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ ശ്രദ്ധ ചെലുത്താനും ആഗസ്റ്റ് 9 ന് ആദിവാസി ദിനം ആഘോഷിക്കാനും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

കൊൽക്കത്ത പോലീസിലേക്ക് 2,500 കോൺസ്റ്റബിൾമാരെ റിക്രൂട്ട് ചെയ്യുന്നതിന് സംസ്ഥാന കാബിനറ്റ് അനുമതി നൽകിയതായി ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. ഈ റിക്രൂട്ട്‌മെന്റ് പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് വഴി സുതാര്യമായി നടത്തുമെന്ന് ഭട്ടാചാര്യ പറഞ്ഞു.

കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിൽ സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ യുവാക്കൾക്ക് മുൻഗണന നൽകണമെന്ന നിർദേശവും മന്ത്രിസഭ അംഗീകരിച്ചു, ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അവർ പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴിൽ 5,468 പേരെ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരായി നിയമിക്കുന്നതിനുള്ള നിർദ്ദേശവും സർക്കാർ അംഗീകരിച്ചതായി ഭട്ടാചാര്യ പറഞ്ഞു.

മെട്രോപോളിസിലേതിന് സമാനമായി ജില്ലകളിലും പത്രപ്രവർത്തകർക്കായി ഹൗസിംഗ് സൊസൈറ്റികൾ ക്രമീകരിക്കുന്നതിന് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News