കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസത്തെ തിരുനാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു

ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ േേദവാലയത്തിലെ തിരുനാള്‍  ജൂലൈ 22 വെള്ളിയാഴ്ച കൊടി കയറി പത്താം ദിവസമായ ജൂലൈ 30 ഞായറാഴ്ച സമാപിച്ചു.

ജൂലൈ 28  വെള്ളിയാഴ്ച ഇടവകോത്സവം ( ഇടവകയിലെ കലാവിരുന്ന് ) അരങ്ങേറി. ഈ കലാപരിപാടികള്‍ കാണികളുടെ കണ്ണും കാതും കവര്‍ന്നെടുത്തു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.

അവസാനത്തെ ഇനമായ പള്ളിയിലെ യുവജനങ്ങളുടെ ഡാന്‍സിനെ വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ല. സ്റ്റേജിനേയും കാണികളേയും ആസ്വാദനത്തിന്റെ മുള്‍മുനയില്‍ എത്തിച്ചു. തിരുനാള്‍ വുമന്‍സ് ഫോറം  പ്രസുദേന്തിമാരുടെ ഫാഷന്‍ ഷോയും വ്യത്യസ്തമായ ഒരു കലാവിരുന്നായിരുന്നു. അന്നേ ദിവസത്തെ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് റവ: ഫാദര്‍ ജോസ് കട്ടേക്കരയായിരുന്നു. സെന്റ് അല്‍ഫോന്‍സാ യുവജനങ്ങളായിരുന്നു വെള്ളിയാഴ്ചത്തെ ദിവസത്തെ തിരുനാളിന്  നേത്യത്വം നല്‍കിയത്.

ജൂലൈ 29 ശനിയാഴ്ചത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് പയസ് അസോസിയേഷനും കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത് റവ. ഫാ. അഖില്‍ തോമസും ആയിരുന്നു. വാര്‍ഡ് യൂണിറ്റ് സംഘടിപ്പിച്ച ഫുഡ് സെയിലില്‍ മെക്‌സിക്കന്‍ ഫുഡ്, കേരളാ ഫുഡ്, അമേരിക്കന്‍ ഫുഡ് എന്നിങ്ങനെ വിവിധ ഇനത്തില്‍പ്പെട്ട ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ,
വിമന്‍സ് ഫോറം സ്റ്റാള്‍, ഫെയ്സ് പെയിന്റിംഗ്, ഹെന്നാ സ്റ്റേഷന്‍, ബലൂണ്‍ സ്റ്റേഷന്‍ എന്നിവയും ഉണ്ടായിരുന്നു.

ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ അന്നേ ദിവസം എത്തിയിരുന്നു. കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികനായിരുന്ന വികാരി ഫാ. അഖില്‍ തോമസിന്റെ ആദ്യത്തെ അനുഭവമായിരുന്നു ഇത്രയും വിശ്വാസികള്‍ക്ക് വേണ്ടി കുര്‍ബാന അര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ഫോന്‍സാമ്മയെ കണ്ടു അനുഗ്രഹം വാങ്ങാന്‍ പള്ളിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. അമ്പ് നേര്‍ച്ച നടത്തേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഈ വര്‍ഷം ഒരുക്കിയിരുന്നു. വൈകീട്ട് ഡസിബല്‍ ബാന്റിന്റെ ഗാനമേള സംഘടിപ്പിച്ചിരുന്നു. മെലഡി ഗാനങ്ങളും അടിപൊളി ഗാനങ്ങളും പാടി അവര്‍ ജനങ്ങളെ ആവേശഭരിതരാക്കി. മുതിര്‍ന്നവരും കുട്ടികളും പാട്ട് ആസ്വദിച്ച് ന്യത്തം ചവിട്ടുന്ന കാഴ്ച എല്ലാംവര്‍ക്കും വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു.

തിരുനാള്‍ ദിനമായ ജൂലൈ 30 ഞായറാഴ്ച അഞ്ച് വികാരിമാര്‍ സം‌യുക്തമായാണ് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. മുഖ്യ കാര്‍മ്മികന്‍ റവ. ഫാ. ജോര്‍ജ് ഡാനാവേലില്‍ (Chancellor, Diocese of Chicago), സഹകാര്‍മ്മികര്‍ റവ. ഫാ. വില്‍സന്‍ വട്ടപറമ്പില്‍, റവ. ഫാ. എബ്രഹാം തോമസ്, റവ. ഫാ. അഖില്‍ തോാമസ് (SVD), റവ. ഫാ. പന്തളാനിക്കല്‍ എന്നിവരായിരുന്നു. ഡാനാവേലില്‍ അച്ചന്‍ കുര്‍ബാന മധ്യേ വിശ്വാസികള്‍ക്ക് തിരുനാള്‍ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് തുടങ്ങിയ പ്രസംഗം ഇപ്രകാരം ആയിരുന്നു. ഇടവകയില്‍ തിരുനാള്‍ ആചരിക്കുന്നത് എന്തിനാണ് എന്നുള്ളതിന്റെ കാരണം വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുള്ളത് വിശുദ്ധ ചാവറ അച്ചനാണ്. നാലു തലങ്ങളാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പിന്നിലുള്ളത്.

1 ആന്മീയമായ തലം (Spiritual dimension) ഇടവക സമൂഹം ഒന്നു ചേര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ മാധ്യസ്തയില്‍ കിട്ടിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറയുന്ന അനുഗ്രഹിതമായ നിമിഷം

2. പരിശീലനത്തിന്റെ തലം (Formative dimension) വചന പ്രഘോഷങ്ങള്‍, അല്‍ഫോന്‍സാമ്മയെ പരിചയപ്പെടുത്തല്‍, നോവേന പ്രാര്‍ത്ഥനകള്‍. ഒരു തലമുറ അടുത്ത തലമുറക്ക് വിശ്വാസം കൈമാറി കൊടുക്കുന്ന അനുഗ്രഹ നിമിഷങ്ങള്‍ ഇതൊക്കെയാണ് ഈ തലത്തില്‍പ്പെടുന്നത്.

3. വിശ്വാസ പ്രഖ്യാപന തലം ( Proclamative dimension) തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടികയറുന്നു ദേവാലയം അലങ്കരിക്കുന്നു. അല്‍ഫോന്‍സാമയോടുള്ള സ്നേേഹം, പ്രദക്ഷീണം ഇതൊക്കെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യപനം ആണ്

4. സാമൂഹികതലം ( Social dimension) ഇടവകയിലുള്ള എല്ലാംവരും ഒന്നു ചേര്‍ന്ന് ഒരു സ്നേഹത്തിന്റെ കൂട്ടായ്മ ഉണ്ടാക്കുക എന്നുള്ളതാണ് സാമൂഹിക തലത്തില്‍പ്പെടുന്നത്. അലങ്കാരമോ, ആര്‍ഭാടമോ അല്ല മറിച്ച് ഇടവക ജീവിതത്തിന്റെ ആന്മാവും ജീവനുമാണ് ഇടവകയുടെ തിരുനാള്‍ ആചരണം.

സഹനം മാത്രമല്ല അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത് മറിച്ച് സഹനത്തോട് കാണിക്കുന്ന നിലപാട് ആണ് അപ്പോഴാണ് അത് രക്ഷാകരമായി മാറുന്നത്. ദൈവസ്നേഹത്തെ പ്രതി എന്തു ചെയ്താലും അത് അനുഗ്രഹമായി മാറും. ഇന്നത്തെ അസൗകര്യങ്ങള്‍ നാളത്തെ സൗകര്യങ്ങളാണ് കൊച്ചു കൊച്ചു അസൗകര്യങ്ങള്‍ നാളത്തെ അനുഗ്രഹമായിട്ടു മാറും. വളരെ അര്‍ത്ഥപൂര്‍ണ്ണമായ സന്ദേശമാണ് ദാനവേലില്‍ അച്ചന്‍ വിശ്വാസികളുമായി പങ്കുവച്ചത്.
കുര്‍ബാനക്ക് ശേഷം പള്ളിക്ക് വെളിയില്‍ ചെണ്ടമേളവും രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. പിന്നീട് അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തി വാഴ്ചയും നടന്നു.

ഇടവകയില്‍ പുതുതായി രൂപം കൊണ്ട വുമന്‍സ് ഫോറം ആണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. അവര്‍ ഫാഷന്‍ ഷോയില്‍ കൂടി അരങ്ങത്തും 2000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം പള്ളിയില്‍ തന്നെ ഉണ്ടാക്കി അടുക്കളയിലും അവരുടെ മികവു പ്രകടിപ്പിച്ചു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

തിരുനാള്‍ ദിനത്തില്‍ ജേക്കബ് ആലപ്പുറത്ത്, സി.വി. ജോയി, റോയി മാത്യു, വിനീത് എന്നീവര്‍ ശുശ്രുഷക സ്ഥാനം നിര്‍വ്വഹിച്ചു. വര്‍ഗീസ്, ബിജു, മനോജ്, സജേഷ്, ആന്‍സി, റാണി, ലിജി, സ്മിതാ,ജോണ്‍, ഡാനി, ജെറി എന്നീവര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ച് തിരുനാള്‍ ദിനം ഭക്തി നിര്‍ഭരമാക്കി. പള്ളിയിലെ ശുശ്രുഷകള്‍ക്ക് ശേഷം നേര്‍ച്ചയും പള്ളിയില്‍ വന്നിരുന്ന എല്ലാംവര്‍ക്കും രുചികരമായ ഭക്ഷണവും തയ്യാറാക്കിയിരുന്നു.

കൈക്കാരമാരായ അബ്രാഹം മാത്യു, പീറ്റര്‍ തോമസ്, സാബു സെബാസ്റ്റ്യന്‍, സെക്രട്ടറി ജോര്‍ജ് തോമസ് പാരീഷ് കൗണ്‍സിലര്‍, കുടുംബയൂണിറ്റുകള്‍ ഇവരെല്ലാംവരും തിരുനാള്‍ ഭംഗിയാക്കുവാന്‍ പ്രവര്‍ത്തിച്ചവരില്‍പ്പെടുന്നു.

ഇടവക വികാരി മാത്യൂസ് മൂഞ്ഞനാട്ട് ഇടവകയുടെ പേരിലും അല്‍ഫോന്‍സാമ്മയുടെ നാമത്തിലും ദൈവനാമത്തിലും തിരുനാള്‍ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാംവര്‍ക്കും ആശംസകളും നന്ദിയും പറയുകയുണ്ടായി.

Print Friendly, PDF & Email

Leave a Comment

More News