ഗണപതിയെ അധിക്ഷേപിച്ച് സ്പീക്കറുടെ പരാമർശം; എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നു

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അവഹേളിച്ചെന്ന ആരോപണത്തിനു മറുപടിയായി എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വീടിന് സമീപമുള്ള ഗണപതി ക്ഷേത്രങ്ങളിൽ വിവിധ വഴിപാടുകൾ നടത്താനും നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധ സൂചകമായി എൻഎസ്എസ് ഇന്ന് നാമജപ ഘോഷയാത്രയും സംഘടിപ്പിക്കും.

തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് നാമജപ ഘോഷയാത്ര ആരംഭിക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ യാത്ര പര്യവസാനിക്കും. പ്രതിഷേധ സൂചകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് നടത്തിയ പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയ ഷംസീറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് എന്‍ എസ് എസ് പറയുന്നത്. അതുകൊണ്ടാണ് സ്പീക്കർക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്ത് വരാൻ എൻഎസ്എസ് തീരുമാനിച്ചത്.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹം മാധ്യമങ്ങളെ കാണുന്നുണ്ട്. ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് സ്പീക്കര്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News