ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും രാജ്യം വിടാൻ ആവശ്യപ്പെട്ട ചെന്നൈ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പി രാജേന്ദ്രൻ

ചെന്നൈ: ഇന്ത്യയിലെ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഒരു ട്രാഫിക് ഇൻസ്‌പെക്ടറെ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് ആഗസ്റ്റ് 7 തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു.

പി രാജേന്ദ്രൻ എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ‘വിവേചനപരമായ’ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച്
ഓഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തത്. ഇന്ത്യയിലുള്ള എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യ വിട്ട് പാക്കിസ്താനിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നതായിരുന്നു മെസേജ്.

ഓഡിയോ ക്ലിപ്പിൽ, 1999-ലെ ബാച്ച് പോലീസ് ഇൻസ്‌പെക്ടർ ‘മുസ്ലിംകൾക്കും പള്ളികൾക്കും എതിരായ മെസേജില്‍ ബിജെപി സർക്കാരിനെ അഭിനന്ദിക്കുന്നതും കേൾക്കാം.

“ഇത് ഇന്ത്യയാണ്. രാമജന്മഭൂമിയിലെ മസ്ജിദ് ഞങ്ങൾ തകർത്തു , ഞങ്ങൾ ക്ഷേത്രം പണിയുകയാണ്. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും പാക്കിസ്താനിലേക്കോ സൗദിയിലേക്കോ പോകാം. ഇവിടെ മതപരമായ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഞങ്ങൾ 80% ആണ്, നിങ്ങൾ രണ്ടു കൂട്ടരും 20% മാത്രമാണ്, ഭൂരിപക്ഷമുള്ളവർക്ക് ഭരിക്കാം, ”പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഓഡിയോ ക്ലിപ്പ് വൈറലായതോടെ കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തു.

ഇതനുസരിച്ച്, ജോയിന്റ് കമ്മീഷണർ (ട്രാഫിക്), എൻഎം മൈൽവാഗനൻ നടത്തിയ അന്വേഷണത്തിൽ, ഇൻസ്‌പെക്ടർ രാജേന്ദ്രന്റെ മൊബൈൽ നമ്പറിൽ നിന്നാണ് വോയ്‌സ് ക്ലിപ്പ് അയച്ചതെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Print Friendly, PDF & Email

Leave a Comment