മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർഥികളുമായി പോയ ബോട്ട് തകർന്ന് 17 പേർ മരിച്ചു

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്ത 50 ലധികം റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് തകർന്നതിനെ തുടർന്ന് 17 പേർ മുങ്ങിമരിച്ചു. ഓരോ വർഷവും ആയിരക്കണക്കിന് റോഹിങ്ക്യകൾ ബംഗ്ലാദേശിലെ ക്യാമ്പുകളിൽ നിന്ന് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുകയാണ്.
ഇന്നലെ വരെ 17 മൃതദേഹങ്ങൾ കണ്ടെത്തിയതായി സിറ്റ്‌വെ പട്ടണത്തിലെ ഷ്വേ യാങ് മെട്ട ഫൗണ്ടേഷനിൽ നിന്നുള്ള രക്ഷാപ്രവർത്തകനായ ബയാർ ലാ പറഞ്ഞു. എട്ട് പേരെ ജീവനോടെ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിംകളെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരായി കണക്കാക്കുകയും പൗരത്വവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുകയും ചെയ്യുകയാണ്. 2017-ലെ സൈനിക നടപടിയിൽ 750,000 റോഹിങ്ക്യകളെയാണ് ബംഗ്ലദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയത്.

കഴിഞ്ഞ വർഷം, അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ മേഖലയിലെ സമുദ്ര അധികാരികളോട് ദുരിതമനുഭവിക്കുന്ന റോഹിങ്ക്യകളെ രക്ഷിക്കാനിറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. യുഎൻ അഭയാർത്ഥികൾക്കായുള്ള ഹൈക്കമ്മീഷണർ (യു‌എന്‍‌എച്ച്‌സി‌ആര്‍) പറയുന്നതനുസരിച്ച്, 2022ൽ 348 റോഹിങ്ക്യകളെങ്കിലും കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, 39 ബോട്ടുകളെങ്കിലും ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലും കടക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഫണ്ടുകളുടെ അപര്യാപ്തത ഈ വർഷം രണ്ട് തവണ ബംഗ്ലാദേശിലെ ക്യാമ്പുകളിലെ ഭക്ഷണ റേഷൻ വെട്ടിക്കുറക്കാൻ ലോക ഭക്ഷ്യ പരിപാടിക്ക് കാരണമായി. റാഖൈനിലെ റോഹിങ്ക്യകളുടെ ജീവിതാവസ്ഥയെ ആംനസ്റ്റി ഇന്റർനാഷണൽ “വർണ്ണവിവേചന”ത്തോട് ഉപമിച്ചു. റോഹിങ്ക്യൻ അഭയാർത്ഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ ബംഗ്ലാദേശും മ്യാൻമറും ചർച്ച ചെയ്യുന്നുണ്ട്.

എന്നിരുന്നാലും, മ്യാൻമറിലെ സ്ഥിതിയും അപകടകരമാണ്. 2021-ൽ സിവിലിയൻ നേതാവ് ഓങ് സാൻ സൂകിയുടെ സർക്കാരിനെ സൈന്യം താഴെയിറക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News