ഈ അദ്ധ്യാപകൻ എം.എൽ.എ യുടെ ആരാണ്..?

തൻ്റെ പ്രിയ ജോസഫ് സാറിനെ കാണാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ദേഹത്തിൻ്റെ വീട്ടിൽ

പൂഞ്ഞാർ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോർജിനെ തോൽപ്പിച്ച് കേരളാമാകെ ഞെട്ടിപ്പിച്ച പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാൻ
സാധിക്കുന്നത്. മണ്ഡലത്തിൻ്റെ ഒരോ മേഖലയിലും അദേഹം സദാ കർമ്മനിരതൻ ആയിരിക്കുന്നു . തന്നെ വിജയിപ്പിച്ച പൂഞ്ഞാർ ജനങ്ങളുടെ ഒരോ വിശേഷങ്ങളിലും, സന്തോഷങ്ങളിലും സങ്കടങ്ങളിലും രാഷ്ട്രിയക്കാരൻ്റെ നാട്യങ്ങളിൽ ഒന്നും തന്നെ ഇല്ലാതെ അദേഹവും കടന്നു ചെല്ലുന്നു.

സാധാരണക്കാരിൽ ഒരാളായി സാധാരണക്കാർക്ക് ഒപ്പം എല്ലാവരെയും അടുത്തറിഞ്ഞ് നീങ്ങുന്നു പൂഞ്ഞാറിൻ്റെ ഈ പുതിയ ജനനായകൻ. ഒരിക്കൽ അടുത്തറിയുന്നവർക്ക് ഈ എം.എൽ.എ യെ കൂറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. മനസിലാക്കിയവർ തങ്ങൾക്ക് ഒപ്പം ചേർത്തു നിർത്തുന്നു ഈ ജനപ്രതിനിധിയെ. അതാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന എം.എൽ.എ. ഇപ്പോൾ തൻ്റെ ബാല്യകാല ഗുരുവിനെ വിസ്മയിപ്പിച്ചിരിക്കുകയാണ് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അതായാത് തൻ്റെ പ്രാരംഭ വിദ്യാഭ്യാസ കാലഘട്ടമായ എൽ.പി, യു.പി കാലഘട്ടത്തിൽ തന്നെ പഠിപ്പിച്ച ജോസഫ് സാർ തൻ്റെ മണ്ഡലത്തിൽ ഉണ്ടെന്ന് അറിഞ്ഞ് മുണ്ടക്കയം വരിക്കാനി കല്ലറയ്ക്കൽ വിട്ടിൽ എം.എൽ.എ ഓടിയെത്തിയപ്പോൾ 83 വയസായ ആ റിട്ടേഡ് അദ്ധ്യാപകന് സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു 45 വർഷം മുൻപ് തന്നെ പഠിപ്പിച്ച തൻ്റെ ഗുരുവിനെ കാണാൻ ജോസഫ് സാറെ എന്ന് വിളിച്ച് ആ പഴയ കുട്ടിയായി എം.എൽ.എ എത്തുകയായിരുന്നു.

ഇന്ന് പലപ്പോഴും ഹൈസ്കൂളും കോളേജും ഉപരിപഠനവുമെല്ലാം കഴിയുമ്പോൾ നമുക്ക് ധാരാളം പേർ ഗുരുക്കന്മാരായി വരും. പലപ്പോഴും നമ്മുടെ ആദ്യകാല ഗുരുക്കന്മാരെ നാം പലപ്പോഴും മറക്കുകയാണ് പതിവ്. ശരിക്കും പറഞ്ഞാൽ ഓരോരുത്തരുടെയും വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ളത് ആദ്യകാല ഗുരുക്കന്മാരായ എൽ.പി, യു.പി അദ്ധ്യാപകരാണെന്ന് ഇന്ന് പലപ്പോഴും പലരും മറന്നുപോകുന്നിടത്താണ് എം.എൽ.എ തൻ്റെ വിദ്യാഭ്യാസത്തിൻ്റെ
ആരംഭ കാലത്തെ അദ്ധ്യാപനായ കെ.ആർ. ജോസഫ് സാറിനെ തേടി അദേഹത്തിൻ്റെ വീട്ടിൽ എത്തി മറ്റൊരു മാതൃക സൃഷ്ടിച്ചത്. തങ്ങളുടെ വ്യക്തിപരമായും മാനസികപരവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്കും വേണ്ടി ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ള ഈ അദ്ധ്യാപകരെയാണ് എന്നും ഓർക്കേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് എം.എൽ.എ പുതു തലമുറയ്ക്ക് ഇതിലൂടെ നൽകുന്നത്.

1973 മുതൽ 80 വരെയുള്ള കാലഘട്ടത്തിലാണ് ജോസഫ് സാർ മുണ്ടക്കയത്തിനടുത്തുള്ള പെരുവന്താനം ഗവൺമെൻ്റ് യു.പി.സ്ക്കുളിൽ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചത്. അന്ന് ആ സ്കൂളിലെ തൻ്റെ ക്ലാസിൽ പഠിച്ച ഒരു കൊച്ചു വിദ്യാർത്ഥിയായിരുന്നു ഇന്നത്തെ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന് തിരിച്ചറിവ് ഉണ്ടായത് രണ്ട്
വർഷത്തിനുശേഷമാണ്.

പി.സി.ജോർജിനെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പൂഞ്ഞാറിൽ മത്സരിക്കുമ്പോൾ അവിടുത്തെ ഒരു വോട്ടർ ആയിരുന്നു കെ.ആർ. ജോസഫ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ജോസഫ് സാറും. പക്ഷേ, പി.സി.ജോർജിനെതിരെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഒരിക്കലും തൻ്റെ ശിഷ്യനാണെന്ന് ജോസഫ് സാർ കരുതിയിരുന്നില്ല.
റിട്ടയര്‍ ചെയ്ത് വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നതിനാൽ തിരഞ്ഞെടുപ്പു സമയത്തും ഗുരുവിനും ശിഷ്യനും നേരിൽ കാണാനോ പരസ്പരം മനസ്സിലാക്കാനോ സാധിച്ചുമില്ല എന്നതാണ് സത്യം. മത്സരിക്കുന്നത് ഏതോ ഒരു സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന് മാത്രം ഈ പ്രായമുള്ള അദ്ധ്യാപകന് അറിയാം.

അങ്ങനെയിരിക്കെ ഒരു ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പെരുവന്താനത്ത് മുൻപ് പഠിപ്പിച്ച യൂനുസ് എന്ന ശിഷ്യൻ ജോസഫ് സാറിനെ കണ്ട് ഓടിയെത്തി. വിശേഷങ്ങൾ പറയുന്നതിനിടയിൽ യൂനുസ് ഒരു കാര്യം ജോസഫ് സാറിനോട് സൂചിപ്പിച്ചു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സാറിൻ്റെ ശിഷ്യൻ ആണെന്ന്. ഇത് കേട്ടപ്പോൾ ജോസഫ് സാറിന് അത് ആദ്യം വിശ്വാസമായില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു, “സാർ എന്നെ പഠിപ്പിച്ചെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവനെയും പഠിപ്പിച്ചതാണ്. ഞങ്ങൾ ഒരുമിച്ച് ഒരു ക്ലാസിലാണ് പഠിച്ചത്.” അപ്പോഴാണ് അല്പമെങ്കിലും വിശ്വാസം ഇക്കാര്യത്തിൽ ജോസഫ് സാറിന് ഉണ്ടായത്. പിന്നെ ജോസഫ് സാർ എം.എൽ.എ യുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് തൻ്റെ പഴയ ശിഷ്യനെ വിളിക്കുകയായിരുന്നു. ആ ഒറ്റ വിളിയിൽ എം.എൽ.എ തൻ്റെ ആദ്യകാല അദ്ധ്യാപകൻ ജോസഫ് സാറിനെ തിരിച്ചറിഞ്ഞു.

അങ്ങനെ വിശേഷങ്ങൾ ഒക്കെ തിരക്കി ഇരുവരും ഫോൺ വെയ്ക്കുകയും ചെയ്തു. അപ്പോഴും ജോസഫ് സാർ ഒരിക്കലും വിചാരിച്ചില്ല തന്നെ കാണുവാൻ തൻ്റെ പൂർവ്വ ശിഷ്യൻ എത്തുമെന്ന്. എത്രയോ അദ്ധ്യാപകർ തനിക്ക് ശേഷം എം.എൽ.എ യെ പഠിപ്പിച്ചിരിക്കുന്നു. അപ്പോൾ തനിക്ക് എന്ത് പ്രത്യേകതയെന്ന് ജോസഫ് സാർ ചിന്തിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ജോസഫ് സാറിൻ്റെ ഫോണിലേക്ക് ഒരു വിളി വരുന്നു. നോക്കിയപ്പോൾ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അക്ഷരാർത്ഥത്തിൽ ജോസഫ് സാർ ഞെട്ടിയെന്ന് വേണം പറയാൻ. എം.എൽ. എ ജോസഫ് സാറിനോട് പറഞ്ഞു…”എനിക്ക് സാറിനെ കാണണം . ഞാൻ സാറിനെ കാണാൻ ഈ ദിവസം സാറിൻ്റെ വരിക്കാനിയിലെ വീട്ടിൽ എത്തും.” ശരിക്കും പറഞ്ഞാൽ സന്തോഷം കൊണ്ട് ജോസഫ് സാറിൻ്റെ കണ്ണ് നിറഞ്ഞു. ഒന്നും പറയാൻ വാക്കുകൾ ഇല്ലായിരുന്നു.

പറഞ്ഞതുപോലെ എം.എൽ.എ തൻ്റെ പഴയ ഗുരുവിനെ കാണാൻ അദേഹത്തിൻ്റെ വീട്ടിൽ എത്തി. ജോസഫ് സാറേ എന്ന് നീട്ടിവിളിച്ച് തൻ്റെ കൈകളിൽ പിടിച്ച തൻ്റെ ആ പഴയ വിദ്യാര്‍ത്ഥിയെ ജോസഫ് സാർ അതീവ സ്നേഹത്തോടെ സ്വീകരിച്ചു. പോകാൻ നേരം എം.എൽ.എ തൻ്റെ പ്രിയ ഗുരുനാഥനെയും അദേഹത്തിൻ്റെ സഹധർമ്മിണിയെയും ചേർത്ത് നിർത്തി ഫോട്ടോയും എടുത്താണ് പോയത്. ഈ വിശേഷം പറയുമ്പോൾ 83 കാരനായ ഈ റിട്ടയേഡ് അദ്ധ്യാപകന് ആയിരം നാവാണ്. തൻ്റെ ശിഷ്യൻ തന്നെയാണ് തൻ്റെ നിയോജകമണ്ഡലത്തിലെ എം.എൽ.എ എന്ന് പറയുന്നതിൽ അതിനേക്കാളേറെ അഭിമാനവും ഇന്ന് ജോസഫ് സാറിനുണ്ട് . ഈ പ്രായത്തിൽ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണ് എം.എൽ.എ ആയ പ്രിയ ശിഷ്യൻ തന്നെ കാണാൻ വന്നതെന്ന് അദേഹം സന്തോഷത്തോടെ ഓർക്കുകയും ചെയ്യുന്നു.

താൻ ഏതൊക്കെ സ്കൂളുകളില്‍ പഠിപ്പിച്ചിട്ടുണ്ടോ അവിടെ പഠിപ്പിച്ച വിദ്യാർത്ഥികളോട് എല്ലാം വലിയൊരു വ്യക്തിബന്ധം എന്നും സൂക്ഷിക്കുന്ന ആളാണ് ജോസഫ് സാർ. താൻ പഠിപ്പിച്ചതിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിദ്യാർത്ഥികൾ പെരുവന്താനം സ്കൂളിലെ കുട്ടികൾ ആയിരുന്നു എന്ന് ജോസഫ് സാർ പലപ്പോഴും പറയാറുമുണ്ട്. അവിടെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും പഠിച്ചത്. പെരുവന്താനം സ്കൂളിലെ പഴയ വിദ്യാർത്ഥികളുമായി സാറിന് ഇന്നും നല്ല ബന്ധമാണൂള്ളത്. ഒരു പക്ഷേ, മക്കളെപ്പോലെ തന്നെയോ അതിലേറേയോ പെരുവന്താനത്തെ കുട്ടികളെ ജോസഫ് സാർ സ്നേഹിച്ചിരുന്നു എന്നതാണ് വാസ്തവം. ആ കൊടുത്ത സ്നേഹമാണ് എം.എൽ.എ തിരിച്ച് ജോസഫ് സാറിനും കൊടുത്തത്.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന ജനകീയ നേതാവിൻ്റെ എളിമയും വിനയവും ലാളിത്യവും ആണ് ഇവിടെ പ്രകടമാകുന്നത്. അങ്ങനെ പൂഞ്ഞാറിൻ്റെ ജനനായകൻ ജോസഫ് സാറിനെപ്പോലെ തന്നെ മറ്റ് ഒരോ ആളുകളുടെയും മനസ്സിൽ നന്മകൊണ്ട്
ഓളം സൃഷ്ടിച്ചു മുന്നേറുകയാണ്. ഇത് തന്നെയാണ് അദേഹത്തിൻ്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും…

മുണ്ടക്കയത്തിനടുത്ത് വരിക്കാനിയിൽ കല്ലറയ്ക്കൽ വീട്ടിൽ ആണ് ജോസഫ് സാർ ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഫിലോമിനാ ടീച്ചർ റിട്ടയേഡ് ഹെഡ് മിസ്ട്രസ് ആണ്.

Print Friendly, PDF & Email

Leave a Comment

More News