കള്ളപ്പണത്തിനെതിരെ റെയ്ഡ് നടക്കുമ്പോൾ അതിനെ വേട്ടയാടൽ എന്ന് വിളിക്കരുത്: വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന ധനമന്ത്രിയുടെ വാദങ്ങൾ തള്ളി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രംഗത്ത്. വിഘടനവാദികളുടെ ഭാഷയാണ് കെഎം ബാലഗോപാൽ ഉപയോഗിക്കുന്നതെന്നും കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശിപാർശ പ്രകാരമാണ് നികുതി വിഹിതമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ കത്ത് പുറത്തുവന്നാൽ ബാലഗോപാലിന്റെ കള്ളത്തരം പുറത്തുവരും. നികുതി പിരിവ് 30 ശതമാനത്തിൽ താഴെയാണ്. ഫെബ്രുവരിയിൽ നികുതി വിഹിതമായി 780 കോടി അനുവദിച്ചു. വസ്തുതകൾ വിശദീകരിക്കാൻ മന്ത്രി തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ലെന്നും വി.മുരളീധരൻ പറഞ്ഞു. “പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. ആറ് വർഷമായി ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചിട്ടില്ല. ധനമന്ത്രിക്ക് ചേരാത്ത പ്രസ്താവനകളാണ് കെഎൻ ബാലഗോപാൽ നടത്തുന്നത്. ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആറന്മുള കണ്ണാടി സമ്മാനിച്ചാൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളിൽ ഇടപെടാൻ പ്രത്യേക പ്രതിനിധി തയ്യാറായിട്ടില്ല,” അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷം മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ തട്ടിപ്പിന് പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു; നിശബ്ദതയോടെ ആരോപണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. പിണറായി ഐക്യമുന്നണിയാണ് കേരളം ഭരിക്കുന്നത്. സഹകരണ ബാങ്ക് തട്ടിപ്പിൽ 300 കോടിയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പ് മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുൻ മന്ത്രി എ.സി.മൊയ്തീന്റെ വീട്ടിൽ നടന്ന റെയ്ഡിന് സിപിഐഎം മറുപടി പറയണമെന്നും കള്ളപ്പണത്തിനെതിരെ റെയ്ഡ് നടക്കുമ്പോൾ അതിനെ വേട്ടയാടൽ എന്ന് വിളിക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു. ഇഡി റെയ്ഡിനെക്കുറിച്ച് സിപിഐഎം വിശദീകരിക്കണം. പാവപ്പെട്ടവരുടെ പണം ധൂർത്തടിച്ചത് സിപിഐഎം നേതാക്കളാണ്. അതുകൊണ്ട് തന്നെ റെയ്ഡിലേക്ക് നയിച്ച സാഹചര്യം അവർ ജനങ്ങളോട് വിശദീകരിക്കണം. പിണറായി വിജയനും വി ഡി സതീശനും കേന്ദ്ര സർക്കാരിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Print Friendly, PDF & Email

Leave a Comment

More News