അദാനി വിഷയത്തിൽ പ്രധാനമന്ത്രി മോദിക്ക് പരിഭ്രാന്തി; ജെപിസി അന്വേഷണത്തിന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മൗറീഷ്യസ് ആസ്ഥാനമായുള്ള അതാര്യമായ നിക്ഷേപ ഫണ്ടുകൾ വഴി അദാനി കുടുംബത്തിലെ സഹകാരികൾ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചെന്ന റിപ്പോർട്ടുകൾ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച ആവശ്യപ്പെട്ടു.

2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഗ്രൂപ്പ് സ്റ്റോക്കുകളിൽ വൻ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നതിനായി മൗറീഷ്യസ് ആസ്ഥാനമായുള്ള ‘ഒപാക്’ നിക്ഷേപ ഫണ്ടുകൾ ഉപയോഗിച്ച് പ്രമോട്ടർ കുടുംബത്തിന്റെ കൂട്ടാളികൾ നൂറുകണക്കിന് മില്യൺ ഡോളർ രഹസ്യമായി നിക്ഷേപിക്കുന്നു എന്ന പുതിയ ആരോപണങ്ങൾ ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗ്രൂപ്പിന് വ്യാഴാഴ്ച തിരിച്ചടിയായി. എന്നാല്‍, അദാനി ഗ്രൂപ്പ് ഇത് ശക്തമായി നിഷേധിച്ചു.

അദാനി വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഇത് അന്വേഷിക്കാത്തത്,” രാഹുല്‍ ഗാന്ധി ചോദിച്ചു.

പ്രമുഖ ആഗോള സാമ്പത്തിക പത്രങ്ങൾ അദാനി വിഷയത്തിൽ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പത്രങ്ങളുടെ പകർപ്പുകൾ ഉയർത്തിക്കാട്ടി പറഞ്ഞു.

“രാജ്യത്ത് നടക്കുന്ന ജി 20 മീറ്റിംഗിന് മുന്നോടിയായി ഇന്ത്യയുടെ പ്രശസ്തി അപകടത്തിലാണ്. പ്രധാനമന്ത്രി മോദി നടപടിയെടുക്കുകയും അദാനി വിഷയത്തിൽ അന്വേഷണം നടത്തുകയും വേണം,” അദ്ദേഹം പറഞ്ഞു.

“ഇത് ഒരു ചെറിയ പരിഭ്രാന്തിയുടെ സൂചകമാണെന്ന് ഞാൻ കരുതുന്നു. ഞാൻ പാർലമെന്റ് ഹൗസിൽ സംസാരിച്ചപ്പോൾ ഉണ്ടായ അതേ തരം പരിഭ്രാന്തി, പെട്ടെന്ന് എന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കാൻ ഇടയാക്കിയ പരിഭ്രാന്തി.”

“അതിനാൽ, ഇത് പരിഭ്രാന്തിയാണെന്ന് ഞാൻ കരുതുന്നു. കാരണം, ഈ കാര്യങ്ങൾ പ്രധാനമന്ത്രിയുമായി വളരെ അടുത്ത വ്യക്തികളെ സംബന്ധിച്ചതാണ്. നിങ്ങൾ അദാനി വിഷയത്തിൽ തൊടുമ്പോഴെല്ലാം, പ്രധാനമന്ത്രി വളരെ അസ്വസ്ഥനാകുകയും വളരെ പരിഭ്രാന്തനാകുകയും ചെയ്യുന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News