ഗുരുക്കന്മാര്‍ ഒരുപാടുണ്ടെങ്കിലു ശ്രീനാരായണ ഗുരുദേവനാണ് നമ്മുടെ ഗുരു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത്‌ ഗുരുക്കന്മാര്‍ ഒരുപാടുണ്ടെങ്കിലും ഗുരു എന്നാല്‍ നമുക്ക്‌ ശ്രീനാരായണ ഗുരുദേവന്‍ മാത്രമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 169-ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച്‌ ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തിന്‌ മായ്ക്കാനാവാത്തതാണ്‌ ഗുരുവചനങ്ങള്‍. കേരളത്തിന്റെ ചരിത്രത്തിന്‌ ശ്രീനാരായണഗുരുവിന്റെ ചരിത്രത്തില്‍ നിന്ന്‌
വേറിട്ട്‌ നിലനില്‍പ്പില്ല. എല്ലാം ഒന്നേയുള്ളൂ എന്ന മനുഷ്യത്വ സമീപനത്തിലൂടെ ഒരുജാതി, ഒരുമതം എന്ന്‌ പ്രഖ്യാപിച്ച മഹാമനീഷിയാണ്‌ ഗുരുദേവന്‍.

അന്ധകാര നിബിഢമായിരുന്ന കേരളത്തെ അദ്ദേഹം വെളിച്ചത്തിലേക്ക്‌ നയിച്ചു. മാറ്റിനിറുത്തപ്പെട്ടവര്‍ക്ക്‌ മനുഷ്യത്വം നല്‍കി.
അവര്‍ണര്‍ക്ക്‌ തൊട്ടുകൂടായയയ്ക്ക്‌ പുറമെ വലിയ നികുതിയും പേറേണ്ടിവന്നു. മഹാഭൂരിപക്ഷത്തിനും ജീവിതം അസമത്വം
നിറഞ്ഞതായിരുന്നു. അതിനെയാണ്‌ ഗുരു മാറ്റിമറിച്ചത്‌.

രാജ്യത്തിന്റെ പലഭാഗത്തും മതവിദ്വേഷവും വംശഹത്യയും തുടരുന്ന കാലമാണിത്‌. ജാതി ആക്രമണങ്ങള്‍ നടക്കുന്നു.
വംശവിദ്വേഷത്തില്‍ സ്ത്രീകളെ ബലാത്സംഗം ചെയുന്നു, നഗ്നരാക്കി നടത്തുന്നു. ഇതൊക്കെ കേരളത്തില്‍ സംഭവിക്കാത്തതിന്‌ പിന്നില്‍ ശ്രീനാരായണ ഗുരുദേവന്‍ അടക്കമുള്ള നവോത്ഥാന നായകരുടെ പുരോഗമന ചിന്തകളും അവയെ പിന്തുടര്‍ന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുമാണ്‌.

ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊട്ട ഇന്ത്യയിലാണ്‌ നരബലിയും
അന്ധവിശ്വാസങ്ങള്‍ കാരണമുള്ള രാഷ്ട്രീയ ആക്രമണങ്ങളും അരങ്ങേറുന്നത്‌. ശാസ്ത്രത്തില്‍ കുതിക്കുമ്പോഴും ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണ്‌. പരിണാമ സിദ്ധാന്തം പാഠപുസ്തകത്തില്‍ നിന്ന്‌ ഒഴിവാക്കി അശാസ്ത്രീയമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു. നൂറുകൊല്ലം മുന്‍പ്‌ ഗുരുദേവന്‍ മാറ്റിമറിച്ചതൊക്കെ വീണ്ടും കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു. അയിത്തവും അനാചാരങ്ങളും നിലനിന്നാലേ അത്തരക്കാര്‍ക്ക്‌ നിലനില്‍പ്പുള്ളൂ. അവയെ നാം തോല്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ്‌ അംഗം സ്വാമി സൂക്ഷ്മാനന്ദ രചിച്ച ‘What we are all about’ എന്ന ഇംഗ്ലീഷ്‌ പുസ്തകം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദയ്ക്ക്‌ നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായി.

സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കി. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്‌, എ.എ.റഹിം, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, മോഹന്‍ദാസ്‌ കോളേജ്‌ ഓഫ് എന്‍ജിനിയറിംഗ്‌ ചെയര്‍മാന്‍ ജി.മോഹന്‍ദാസ്‌, നഗരസഭാ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ സംസാരിച്ചു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സ്വെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും അനീഷ്‌ ചെമ്പഴന്തി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News