കോഴിക്കോട് നിപ വൈറസ് മരണം: ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം വീണ്ടും ഭീതിയിൽ. 2018ൽ കോഴിക്കോട്ട് നിപ്പ വൈറസ് ബാധിച്ച് രോഗം സ്ഥിരീകരിച്ച പതിനെട്ട് പേരിൽ പതിനേഴു പേരുടെ മരണത്തിന് കാരണമായി. 2019-ലും 20211-ലും നിപ ബാധിച്ചിരുന്നുവെങ്കിലും 2018-ൽ സൃഷ്ടിച്ച നാശമാണ് സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍, മാരകമായ രോഗം ആവർത്തിക്കുന്നത് ജനങ്ങളിൽ വീണ്ടും ആശങ്കയുണ്ടാക്കുന്നുണ്ട്.

തിരുവനന്തപുരം വൈറോളജി ലാബ് പ്രവർത്തനക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിപ വൈറസ് പോലെയുള്ള പ്രതിസന്ധി സംസ്ഥാനം നേരിട്ടതിന് ശേഷവും കേന്ദ്ര സർക്കാർ അനുവദിച്ച വൈറോളജി ലാബ് സംസ്ഥാനം പ്രയോജനപ്പെടുത്തുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടും സംസ്ഥാനം വിനിയോഗിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

എയിംസിനായി നീക്കിവച്ച ഭൂമി ഏതൊക്കെയാണെന്ന് ആരോഗ്യമന്ത്രി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് എയിംസ് സംസ്ഥാന സർക്കാർ വൈകിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ആ ഭൂമി എവിടെയാണെന്ന് വീണാ ജോർജ് മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സർക്കാർ ആശുപത്രികളുടെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാരുടെ അനുപാതം എത്രയാണെന്ന് അവർ ചോദിച്ചു.

ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ച നേരിടേണ്ടി വന്ന ഹർഷിനയുടെ കേസാണ് പ്രധാന ഉദാഹരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് വന്‍ വിവാദത്തിന് കാരണമായി.

പകർച്ചവ്യാധി തടയാനുള്ള ശ്രമങ്ങൾ ആളുകൾ മരിച്ചതിന് ശേഷമല്ല ആരംഭിക്കേണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തെരുവ് നായ്ക്കളുടെ ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മാലിന്യ സംസ്‌കരണം പോലും കൃത്യമായി നടക്കുന്നില്ല.

ആരോഗ്യമന്ത്രി വീണാ ജോർജ് സ്വകാര്യമേഖലയുമായി ചേർന്ന് സർക്കാർ ആരോഗ്യമേഖലയെ തകർത്തെന്നും ബിജെപി നേതാവ് ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News