കേരള വഴിവാണിഭ സഭ അഞ്ചാമത് സംസ്ഥാന സമ്മേളനം

തൃശ്ശൂർ: വഴിയോരകച്ചവട മേഖലയിലെ കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്) യുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം കേരള സാഹിത്യ അക്കാദമിയിലെ സാണ്ടർ കെ. തോമസ് നഗറിൽ പതിനേഴാം തിയ്യതി രാവിലെ പത്തരയ്ക്ക് നടക്കും. മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി അദ്ധ്യക്ഷത വഹിക്കും.

പൊതു വിപണിയെകൂടാതെ ഷോപ്പിംഗ് മാളുകളും ഓൺലൈൻ ബിസിനസും തഴച്ചു നില്‍ക്കുന്ന ഇക്കാലത്തും രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാർ ആശ്രയിക്കുന്നത് വഴിയോര കച്ചവടത്തെയാണ്. സാധനങ്ങളുടെ വിലകുറവിനൊപ്പം സമയനഷ്ടം കൂടാതെയുള്ള വിപണന സമ്പ്രദായമാണ് വഴിയോരകച്ചവട മേഖലയെ ജനകീയമാക്കുന്നത്. സാധാരണക്കാരായ ഉപഭോക്താകൾക്ക് ഇവർ നല്‍കുന്ന സേവനം നിസാരമല്ല. എന്നാലും, മൂന്നാംകിട പൗരന്മാരായി, അധഃപതിച്ചു ജീവിക്കേണ്ട ദുർഗതിയാണ് ഇവർക്കുള്ളത്.

വഴിയോരകച്ചവടരുടെ സുരക്ഷിതത്വവും അവകാശങ്ങളും പ്രാബല്യത്തിൽ വന്ന് ഒരു ദശാബ്ദത്തോളമായിട്ടും ഈ മേഖലയിലെ അരിഷ്ടതകൾക്ക് കാര്യമായ പരിഹാരങ്ങൾ ഉണ്ടായിട്ടില്ല. ഒരു പ്രദേശത്തെ വഴിയോരക്കച്ചവടത്തെ സംബന്ധിച്ച നയം അന്തിമമാകുന്നതുവരെ ആ മേഖലയിൽ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നിയമമൂലം സാദ്ധ്യമല്ല. എന്നാൽ, അതൊന്നും വകവെക്കാതെയുള്ള കുടിയൊഴിപ്പിക്കലാണ് പലയിടങ്ങളിലും നടക്കുന്നത്.

ഈ സാഹചര്യത്തിലാണ്, ‘ഇനിയും നമ്മൾ പോരാട്ടം തുടരേണ്ടതുണ്ട്’ എന്ന മുദ്രാവാക്യമുയർത്തി ഈ സമ്മേളനം നടക്കുന്നതെന്ന് യൂണിയൻ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സതീഷ് കളത്തിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News