നയതന്ത്ര സ്വർണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോയ രതീഷിനെ എൻഐഎ അറസ്റ്റ് ചെയ്തു

മുംബൈ: നയതന്ത്ര സ്വർണക്കടത്ത് കേസിലുള്‍പ്പെട്ട് ഒളിവില്‍ പോയ രതീഷിനെ എന്‍‌ഐ‌എ അറസ്റ്റു ചെയ്തു. ദുബായിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇയ്യാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

വിവിധ രാജ്യങ്ങളിൽ നിന്ന് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് കണ്ണൂർ സ്വദേശിയായ രതീഷ്.

ചൊവ്വാഴ്ച ദുബായിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വക്താവ് പറഞ്ഞു. രതീഷ് ഉൾപ്പെടെ ഒളിവിലായിരുന്ന സംഘത്തിലെ ആറു പേർക്കായി എൻഐഎ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. 2021ൽ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

കുറ്റപത്രം സമർപ്പിച്ച പ്രതി ഹംസത്ത് അബ്ദുസലാമിന്റെ കൂട്ടാളി രതീഷ് തിരുവനന്തപുരത്ത് നിന്ന് അനധികൃതമായി കടത്തിയ സ്വർണം ശേഖരിച്ച് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള നന്ദകുമാറിന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തി.

2020 ജൂലൈ 5 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോയോളം വരുന്നതും 14.82 കോടി രൂപ വിലമതിക്കുന്നതുമായ സ്വർണം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്തുള്ള മുതിർന്ന നയതന്ത്രജ്ഞന്റെ ബാഗേജിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News