ബന്ധം വഷളാകുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഓരോ നയതന്ത്രജ്ഞന്മാരെ പുറത്താക്കിയതിനെത്തുടർന്ന് ബന്ധം വഷളായതിനാൽ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട്, അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ ബുധനാഴ്ച അഭ്യർത്ഥിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് കൊളംബിയയിൽ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാരുടെ ഇടപെടലുണ്ടെന്ന് “വിശ്വസനീയമായ തെളിവുകള്‍” സൂചിപ്പിക്കുന്നതിനാല്‍ കാനഡ അതേക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞതുമുതൽ സംഘർഷം വർദ്ധിച്ചു.

“കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളും ക്രിമിനൽ അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും യാത്രയെക്കുറിച്ച് ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു,” ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കൊലപാതകവുമായി ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കാനഡയുടെ സംശയം പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ പാടെ തള്ളി.

ചൊവ്വാഴ്ച വൈകി കനേഡിയൻ പൗരന്മാരായ കശ്മീരികള്‍ക്ക് ഒട്ടാവയുടെ ഉപദേശത്തെ തുടർന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം.

“പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക,” കനേഡിയൻ ഗവണ്മെന്റിന്റെ ഉപദേശത്തില്‍ പറഞ്ഞു. 1989 മുതൽ വിഘടനവാദികൾ ഇന്ത്യൻ ഭരണത്തിനെതിരെ പോരാടുന്ന ഫെഡറൽ പ്രദേശത്തെ പരാമർശിച്ചുകൊണ്ടാണ് കാനഡയുടെ ഈ മുന്നറിയിപ്പ്.

2018 മുതൽ കാനഡയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഉറവിട രാഷ്ട്രമാണ് ഇന്ത്യ. കനേഡിയൻ ബ്യൂറോ ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം വിദ്യാര്‍ത്ഥികളുടെ വരവ് 47% ഉയർന്ന് ഏകദേശം 320,000 ആയി.

ബുധനാഴ്ച, ഒരു സ്വകാര്യ വിനോദ കമ്പനിയായ BookMyShow, കനേഡിയൻ ഗായകൻ ശുഭ്നീത് സിംഗിന്റെ ഇന്ത്യൻ പര്യടനം റദ്ദാക്കിയതായി പ്രഖ്യാപിച്ചു.

നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് പറയാൻ കനേഡിയൻ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.

കുറ്റാരോപണങ്ങളിൽ അമേരിയ്ക്കക്ക് ‘ആശങ്ക’

കാനഡയുടെ ആരോപണങ്ങളിൽ അമേരിക്ക “അഗാധമായ ഉത്കണ്ഠ” പ്രകടിപ്പിച്ചു. “ഉത്തരവാദികളായവർ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം,” ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ബുധനാഴ്ച പ്രസ്താവിച്ചു.

ഇന്ത്യയുടെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി കാനഡയുടെ ആരോപണങ്ങൾ സർക്കാർ നിരസിച്ചതിനെ അംഗീകരിച്ചു. ഇന്ത്യൻ പരമാധികാരത്തിന് നേരെയുള്ള ഭീഷണികൾക്കെതിരെ രൂക്ഷമായാണ് പാര്‍ട്ടി പ്രതികരിച്ചത്.

“പ്രഖ്യാപിത ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ സംരക്ഷിക്കുന്ന ട്രൂഡോ സര്‍ക്കാരിന്റെ നിലപാട് തികച്ചും ലജ്ജാകരമാണ്, നിലവിലെ കനേഡിയൻ ഭരണം ഖാലിസ്ഥാനി അനുഭാവികളുമായി എത്രമാത്രം കടപ്പെട്ടിരിക്കുകയാണെന്നതിന്റെ തെളിവാണിത്,” മുതിർന്ന കോൺഗ്രസ് നിയമനിർമ്മാതാവ് അഭിഷേക് മനു സിംഗ്വി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്സില്‍ പോസ്റ്റ് ചെയ്തു.

1980-കളിലും 1990-കളിലും ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ പഞ്ചാബിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഒരു രക്തരൂക്ഷിതമായ സിഖ് കലാപത്തിന്റെ ലക്ഷ്യമായിരുന്നു ഖാലിസ്ഥാൻ എന്ന ഒരു സ്വതന്ത്ര സിഖ് രാഷ്ട്രം.

അന്നത്തെ ഭരണകക്ഷിയെന്ന നിലയിൽ കോൺഗ്രസ് കലാപത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും ഒടുവിൽ അതിനെ അടിച്ചമർത്തുകയും ചെയ്തു.

എന്നാൽ, 1984-ൽ സിഖ് അംഗരക്ഷകരാൽ കൊലചെയ്യപ്പെട്ട അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും 1995-ൽ സിഖ് വിഘടനവാദികളുടെ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റേയും ജീവൻ ആ സംഭവം അപഹരിച്ചു.

ഇന്ത്യയിൽ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനോ കലാപത്തിനോ യാതൊരു പിന്തുണയും ഇല്ലെങ്കിലും, ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ സിഖുകാരുടെ ചെറുസംഘങ്ങൾ വിഘടനവാദ ആവശ്യത്തെ പിന്തുണയ്ക്കുകയും ഇടയ്‌ക്കിടെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കലാപത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് ജാഗ്രത പാലിക്കുന്ന ന്യൂഡൽഹി, കാനഡയിലെ സിഖ് വിഘടനവാദ പ്രവർത്തനങ്ങളിൽ വളരെക്കാലമായി അതൃപ്തി പ്രകടിപ്പിക്കുകയും ഇന്ത്യൻ വിരുദ്ധ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഒട്ടാവയോട് നിരന്തരമായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, കനേഡിയന്‍ ഗവണ്മെന്റ് അതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിന് പുറത്ത് ഏറ്റവും കൂടുതൽ സിഖുകാരുള്ളത് കാനഡയിലാണ്. 2021 ലെ സെൻസസ് പ്രകാരം ഏകദേശം 770,000 സിഖ് മതവിശ്വാസികള്‍ കാനഡയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയമായി വന്‍ സ്വാധീനമുള്ള ഒരു ഗ്രൂപ്പായതിനാൽ സിഖ് പ്രതിഷേധക്കാരെ (ഖാലിസ്ഥാന്‍ വിഘടനവാദികളെ) ഒട്ടാവ നിയന്ത്രിക്കുന്നില്ലെന്ന് ചില ഇന്ത്യൻ വിശകലന വിദഗ്ധർ പറയുന്നു.

“ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെയുള്ള നടപടികൾ” ശക്തമാക്കുകയാണെന്ന് ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച പറഞ്ഞു.

ഇന്ത്യയിൽ പ്രധാന സിഖ് വിഘടനവാദ ഗ്രൂപ്പുകളില്‍ പെട്ട ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹർവീന്ദർ സിംഗ് സന്ധുവിനെയും, ലഖ്ബീർ സിംഗ് സന്ധുവിനെയും അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ (12,045 ഡോളർ) പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

ഇവരുടെ മൂന്ന് കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 500,000 രൂപ വീതം ക്യാഷ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പേരും തീവ്രവാദി ആക്രമണങ്ങളും നിരോധിത ഭീകര സംഘടനയായ ബികെഐക്ക് വേണ്ടി ഫണ്ട് സ്വരൂപിച്ച പ്രതികളാണെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

അവർ ബികെഐയിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും “ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അവരുടെ തീവ്രവാദ പ്രവർത്തനങ്ങൾ തുടരാൻ” വിവിധ രാജ്യങ്ങളിൽ ഓപ്പറേറ്റർമാരുടെ ഒരു ശൃംഖല സ്ഥാപിക്കുകയും ചെയ്തു എന്നും എന്‍ ഐ എ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News