അമല റെയില്‍‌വേ മേല്‍‌പാലത്തിന് സമാന്തര മേല്‍‌പാലം: എം എല്‍ എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും അധികൃതരും സ്ഥലം സന്ദര്‍ശിച്ചു

തൃശ്ശൂര്‍: തൃശ്ശൂർ – കുറ്റിപ്പുറം റോഡിലെ അമല റെയിൽവേ മേൽപ്പാലത്തിന് സമാന്തരമായി മറ്റൊരു മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന റെയിൽ ഇൻഡ്യ ടെക്നിക്കൽ ആന്റ് എക്കണോമിക് സർവീസ് ഏജൻസി പ്രതിനിധികളും ചേർന്ന് സന്ദർശനം നടത്തി.

7.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറ്റവും പ്രധാനമായ ഗതാഗത പ്രശ്നങ്ങളിൽ ഒന്നിന് പരിഹാരം കാണാനാകും. പ്രദേശത്തെ നിരന്തര അപകടങ്ങൾക്കും ഗതാഗത പ്രശ്നത്തിനും പരിഹാരമായി സമാന്തര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനായുള്ള സർവേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം സർവേ പൂർത്തിയാക്കി സമാന്തര മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കുമെന്നും ഇതിന് റെയിൽവേയുടെ അംഗീകാരവും അനുമതിയും ലഭ്യമാകുന്ന മുറയ്ക്ക് മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി മൂന്ന് മാസത്തിനുള്ളിൽ ഡി.പി.ആർ തയ്യാറാക്കുമെന്ന് റൈറ്റ്സ്, ആർ.ബി.ഡി.സി.കെ പ്രതിനിധികൾ അറിയിച്ചു.

കേരള വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പൈപ്പ് ലൈൻ കൊണ്ടുപോകുന്നതിനായി പ്രത്യേക പാലവും നിർമ്മിക്കേണ്ടതായിട്ടുണ്ട്. റോഡിലെ ബോട്ടിൽനെക്ക് ഉൾപ്പടെയുള്ള ഗതാഗത പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ലോകോത്തര ഗതാഗത സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മുണ്ടൂർ – പുറ്റേക്കര ബോട്ടിൽനെക്ക് പ്രശ്നം തീർത്ത് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും എം.എൽ.എ പറഞ്ഞു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി, വൈസ് പ്രസിഡന്റ് കെ.എം ലെനിൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ് ശിവരാമൻ, ഗ്രൗണ്ട് വാട്ടർ അതോറിറ്റി മെമ്പർ വർഗീസ് തരകൻ, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ എ.എ അബ്ദുൾ സലാം, റൈറ്റ്സ് ടീം ലീഡർ പി. വെങ്കിടേഷ്, പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബേസിൽ ചെറിയാൻ, കേരള വാട്ടർ അതോറിറ്റി പ്രോജക്റ്റ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എച്ച്.ജെ നീലിമ തുടങ്ങിയവർ പങ്കെടുത്തു.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News