ഗ്രീൻഫീൽഡ് ഹൈവേ ഭൂമി നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക: ജബീന ഇർഷാദ്

മലപ്പുറം: മതിയായ നഷ്ടപരിഹാരം അനുവദിക്കാതെ ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജെബീന ഇർഷാദ് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

നഷ്ടപരിഹാരം നൽകാൻ അവലംബിക്കുന്ന 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തെ നോക്കുകുത്തിയാക്കികൊണ്ടാണ് സർക്കാർ ഇപ്പോൾ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ സുതാര്യതയും പുനരധിവാസവും ഉറപ്പു നൽകുന്നതാണ് ഈ നിയമമെങ്കിലും ഇതുവരെ ഡിപിആർ പോലും പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ഇരകൾ നയിച്ച ആയിരക്കണക്കിന് പരാതികളിൽ ഒന്നിനോട് പോലും അനുകൂലമായി പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.അതുകൊണ്ടുതന്നെ ഈ സമരത്തിൽ ഇരകളോടൊപ്പം വെൽഫെയർ പാർട്ടി ശക്തമായി നിലയുറപ്പിക്കും എന്നും അവർ പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ സ്വാഗതവും സമദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News