ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോയ് ആലപ്പാട്ട് മുഖ്യാതിഥി

ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരള പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ ഒക്ടോബര്‍ 14 ശനിയാഴ്ച്ചയണ് ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍’ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

വൈകന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാബലിയര്‍പ്പണം നടക്കും.

ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഡയറക്ടര്‍ മാരായ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ എന്നിവര്‍ ബിഷപ്പിനൊപ്പം ദിവ്യബലിയില്‍ സഹകാര്‍മ്മികരാവും.

വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള കമനീയമായ സ്വീകരണഘോഷയാത്ര, കൃതഞ്ജതാബലിയര്‍പ്പണം, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂര്‍വികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ഫിലാഡല്ഫിയായിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ഐ. എ. സി. എ. യിലെ അംഗദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങള്‍ എന്നിവ കാണികള്‍ക്ക് കണ്‍കുളിര്‍ക്കെ ആസ്വദിക്കുന്നതിനുള്ള വക നല്‍കും.

ഐ. എ. സി. എ. പ്രസിഡന്റ് അനീഷ് ജയിംസ്, വൈസ് പ്രസിഡന്റ് തോമസ് സൈമണ്‍, ജനറല്‍ സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യന്‍, ട്രഷറര്‍ ജസ്റ്റിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റ് ചാര്‍ലി ചിറയത്ത്, അലക്‌സ് ജോണ്‍, ജോഷ്വ ജേക്കബ്, സണ്ണി പടയാറ്റില്‍, ജോസഫ് എള്ളിക്കല്‍, ജോസ് മാളേയ്ക്കല്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് പനക്കല്‍, ഫിലിപ് ജോണ്‍ (ബിജു), ജോസഫ് മാണി, തോമസ് നെടുമാക്കല്‍, ജോസ് ജോസഫ്, ഫിലിപ് എടത്തില്‍, റോമിയോ ഗ്രിഗറി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി ആഘോഷപരിപാടികളുടെ വിജയത്തിനായി പരിശ്രമിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News