പാനായിക്കുളം സിമി കേസ്: തകർന്നത് ഭരണകൂട മാധ്യമ തിരക്കഥ – സോളിഡാരിറ്റി

സോളിഡാരിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സി. ടി. സുഹൈബ് സംസാരിക്കുന്നു

പാനായിക്കുളം/എറണാകുളം : ഭരണകൂടവും മാധ്യമങ്ങളും ചേർന്ന് രൂപപ്പെടുത്തിയ തിരക്കഥയാണ് പാനായിക്കുളം സിമി കേസിൽ NIA യുടെ ഹരജി സുപ്രീം കോടതി തള്ളിയതിലൂടെ സംഭവിച്ചതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.ടി. സുഹൈബ്. ‘അപ്റൂട്ട് ബുൾഡൊസർ ഹിന്ദുത്വ , ഹിന്ദുത്വ വംശീയതെക്കെതിരെ അണി നിരക്കുക’ എന്ന ക്യാമ്പയിനോടനുബന്ധിച്ച് ‘പാനായിക്കുളം കേസ് : തകർന്നത് ഭരണകൂട മാധ്യമ തിരക്കഥ’ യെന്ന തലക്കെട്ടിൽ പാനായിക്കുളത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചതിനാണ് UAPA നിയമപ്രകാരം കേസെടുത്ത് വർഷങ്ങളോളം നിരപരാധികളായ ചെറുപ്പക്കാരെ ജയിലിലടച്ചത്. 17 വർഷങ്ങൾക്ക് ശേഷം ആ ചെറുപ്പക്കാരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ NIA സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയും തള്ളിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സിമി രഹസ്യ ക്യാമ്പെന്നൊക്കെ പറഞ്ഞു ഇസ്ലാമോഫോബിയക്ക് ആക്കം കൂട്ടുന്ന തരത്തിൽ പൊതുബോധം നിർമിച്ച മാധ്യമങ്ങൾ തിരുത്താൻ കൂടി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഐ.എയുടെ അമിതാധികാരത്തിനെതിരേയും യു.എ.പി.എ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും സോളിഡാരിറ്റി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തികൊണ്ടിരിത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

പാനായിക്കുളം കേസിൽ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ട സാമൂഹിക പ്രവർത്തകൻ റാസിഖ് റഹീം, സാമൂഹിക പ്രവർത്തകനായ ഗ്രോ വാസു, മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം പി.ഐ നൗഷാദ്, വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജിദ് ഖാലിദ്, എസ്. ഐ. ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് ജമാൽ പാനായിക്കുളം, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ പ്രസിഡന്റ് അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News