മാറ്റങ്ങള്‍ ദൈവഹിതമെങ്കില്‍ അതു നടപ്പാക്കാന്‍ കഴിയും: ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ (പ്രത്യേക അഭിമുഖം): ഡോ. ജോര്‍ജ് എം. കാക്കനാട്

അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.

യോഹന്നാന്‍ 17/21-22

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവയ്ക്ക് ഇതു നിയോഗമാണ്. സഭയെ നവീകരിക്കാനും സമവായത്തിന്റെ പുതിയ പാതയിലൂടെ നയിക്കാനുമുള്ള ദൈവീക നിയോഗം. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ശിഷ്യന്‍മാര്‍ക്കു വേണ്ടി പാര്‍ഥിക്കുന്നതു പോലെ കാതോലിക്ക ബാവയും അജഗണങ്ങളെ ദൈവീക പാതയിലൂടെ മുന്നോട്ടു നയിക്കുകയാണ്.

ഈ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പിതാവ് യുഎസിലേക്ക് ഹൃസ്വ സന്ദര്‍ശനത്തിനായി എത്തുന്നത്. സംസ്ഥാനങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടെ ആഴ്ചവട്ടം ചീഫ് എഡിറ്റര്‍ ജോര്‍ജ് കാക്കനാട്ടിന് പ്രത്യേക അഭിമുഖം അനുവദിക്കാനുള്ള സൗമനസ്യം കാട്ടിയത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി റോമില്‍ കൂടിക്കാഴ്ചയെക്കുറിച്ച് അടക്കമുള്ള അനുഭവങ്ങള്‍ അഭിമുഖത്തില്‍ പിതാവ് പങ്കുവച്ചു.

? ഓര്‍ത്തഡോക്സ് സഭയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

– ഓര്‍ത്തഡോക്സ് സഭയില്‍ ഓരോരോ പിതാക്കന്‍മാരുടെയും കാലഘട്ടത്തില്‍ അവരവരുടേതായ സാഹചര്യങ്ങളെ ദൈവം ഉപയോഗിച്ചിട്ടുണ്ട്. ഇതുപോലെ എന്റെ ആയുസ് എത്രയാണെന്ന് എനിക്കറിയില്ല. എന്റെ കാലഘട്ടത്തിലെ അവസരം എന്താണെന്ന് എനിക്കറിയില്ല. ആ അവസരത്തില്‍ സഭയില്‍ ആവശ്യമായിരിക്കുന്ന മാറ്റങ്ങളൊക്കെ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാനാവില്ല. പല കാര്യങ്ങളുണ്ട്. അങ്ങനെയുള്ള മാറ്റങ്ങളുണ്ടാകണമെന്നത് ദൈവേഷ്ടമാണെങ്കില്‍ അതിനൊരുപകരണമായിത്തീരുന്നത് വളരെ നല്ലതാണ്.

ഞാനതിനൊരു ഉപകരണമാകുാവാന്‍ ദൈവം ആഗ്രഹിക്കുന്നെങ്കില്‍ അതു നടക്കട്ടെ എന്നതുമാത്രമേ എനിക്കുള്ളൂ. മാറ്റങ്ങള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിന് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. വിഷന്‍ 52 എന്നൊരു പദ്ധതി തയാറാക്കിയിട്ടുണ്ട്. സഭയില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടതായ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു ചിന്ത ഉണ്ടായിട്ടുണ്ട്. അതൊക്കെ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ സഭയില്‍ വളരെ വ്യതാസമുണ്ടാകും.

? മലങ്കര യാക്കോബായ സഭയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരുമേനിയുടെ കാലഘട്ടത്തില്‍ എല്ലാ ഘടകങ്ങളും അനുകൂലമാണ്. ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍, ആശിര്‍വാദത്തോടെ ഓര്‍ത്തഡോക്സ് സഭ മുന്‍കൈയെടുത്ത് യാക്കോബായ സഭയുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സാധ്യതകള്‍ കാണുന്നുണ്ടോ?

– തീര്‍ച്ചയായും കാണുന്നുണ്ട്. സഭയുടെ താല്‍പര്യം കാത്തുസംരക്ഷിച്ചുകൊണ്ട് സഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ അതിന്റെ പേരില്‍ ഓര്‍ത്തഡോക് സഭയുടെ സ്ഥായിയായ സത്യങ്ങളെ നിഷേധിക്കാന്‍ സാധിക്കുകയുമില്ല. അതുകൊണ്ട് ആ സാക്ഷ്യങ്ങളെ എല്ലാവരും അംഗീകരിക്കണമെന്നും സഭ ഒന്നാകണമെന്നുമാണ് എന്റെ ആഗ്രഹം.

അതിന് താല്‍കാലികമായി തയാറാകുന്നില്ലെങ്കില്‍, തയാറാകുമെന്ന പ്രതീക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്ത് കുറെക്കാലത്തേക്ക് ശാശ്വതമായ സമാധാനത്തിലേക്കു വരാനുള്ള മാര്‍ഗങ്ങള്‍ തെളിയിക്കാന്‍ സാധിക്കുമോയെന്ന് ചിന്തിക്കുന്നുണ്ട്. അതിനുവേണ്ടി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതേസമയം ഏല്ലാവരും ഒരുമിച്ച് സഹകരിച്ചെങ്കില്‍ മാത്രമേ സമാധാനം പുന:സ്ഥാപിക്കാനാവുകയുള്ളൂ. ഇത് എത്രമാത്രം മുന്നോട്ട് പോകുമെന്ന് അറിയില്ല. അതിനുവേണ്ടി ശ്രമിക്കുന്നു.

? സഭയുടെ മേലധ്യക്ഷനായശേഷം മറ്റുള്ളവരുമായുള്ള ബന്ധം കൂടുതല്‍ വ്യാപിപ്പിക്കുന്നുണ്ട്. അതിന് സഭയുടെ മുഴുവന്‍ പിന്തുണയുമുണ്ടോ.

– മുന്‍ സഭാധ്യക്ഷനായിരുന്ന സെവേറിയോസ് തിരുമേനി സഭയുടെ വ്യവഹാരങ്ങളിലും നിയമങ്ങളിലും കര്‍ശന നിലപാടെടുത്തിരുന്നു. എന്നാല്‍ മലങ്കര സഭയിലെ സമാധാനത്തിനായി മുന്നിറിങ്ങുന്നതിന് ഓര്‍ത്തഡോക്സ് സഭയുടെ മുഴുവന്‍ പിന്തുണയുമുണ്ട്. സഭയിലെ കക്ഷിവഴക്കുകളും പ്രശ്നങ്ങളും പ്രയാസങ്ങളും മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നതില്‍ സംശയമൊന്നുമില്ല.

അതേസമയം സഭയിലുള്ള എല്ലാവരും ഒരുപോലെ ചിന്തിക്കുന്നതാണ് മാര്‍തോമാശ്ലീഹായുടെ പാരമ്പര്യവും പൈതൃകവും സഭയുടെ ഭരണഘടനയും ഒന്നും ബലികഴിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന് ഏല്ലാവരും പറയുന്നുണ്ട്. അതിനെ ഉള്‍ക്കൊണ്ടുതന്നെ ഏതുതരത്തിലുള്ള സമവായത്തിലേക്കെത്താം എന്നതിനെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

? സാമൂഹിക മാധ്യമങ്ങള്‍ ഇത്രയേറെ പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വഴക്ക്, വ്യവഹാരങ്ങള്‍, എതിര്‍പ്പ്, രണ്ടുവിഭാഗങ്ങളായുള്ള പ്രശ്നങ്ങള്‍ എന്നിവയോട് പുതുതലമുറ എങ്ങനെ പ്രതികരിക്കും.

– എല്ലാ സഭകളിലും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ഒരു സഭയുമില്ല, ഒരു മതവുമില്ല. സഭയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടേണ്ടത് ആവശ്യമാണ്. അത് കാലഘത്തിന്റെയും ആവശ്യമാണ്. അത് ദൈവത്തിന്റെ ആഗ്രഹവുമാണ്. ഇത് സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

? റോമില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം റോമിലെ ഒരു കത്തോലിക്കാ ദേവാലയത്തില്‍ ബാവാ തിരുമേനി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുമായുള്ള യോജിപ്പിന്റെ അടയാളമായി. ഇതെല്ലാം കാലഘട്ടത്തിന്റെ ആവശ്യമല്ലേ.

– എല്ലാവരും സഹകരിച്ചുപോകേണ്ടതാണ് ഇന്നത്തെ കാലഘട്ടം. ആരും അവരവരുടെ വ്യക്തിത്വം കളയേണ്ടതില്ല. വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടുതന്നെ പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ട സാഹചര്യമാണിന്നുള്ളത്. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.

? ഇത്രയും വലിയൊരു സഭയായിരുന്നിട്ടുകൂടി കത്തോലിക്കാ സഭ നമ്മെ വളരെയധികം ആദരിച്ചുവെന്ന് അങ്ങ് അഭിപ്രായപ്പെട്ടിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ശിഷ്യന്‍മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന പോലെ എല്ലാവര്‍ക്കും ഒന്നായിരിക്കാന്‍ സാധിക്കുമോ.

– എല്ലാ സഭകളും തമ്മിലുള്ള ഐക്യം ദൈവഹിതമാണെങ്കില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ച് നടപ്പാക്കിത്തരും. അത് നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ നടക്കണമെന്ന് ആഗ്രഹിച്ചാല്‍ അതുപോലെ നടക്കണമെന്നില്ല. ദൈവം നിശ്ചയിക്കുന്നതായ രീതിയില്‍ അത് നടപ്പാകും. ഓരോരുത്തരും ഇച്ഛിക്കുന്നതുപോലെയുള്ള ഒന്നാകലല്ല, ദൈവം ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെയെന്നാണ് എന്റെ പ്രാര്‍ഥന.

? അതല്ലെ മാറുന്ന ഈ ലോകത്തില്‍ നമ്മുടെ സാക്ഷ്യം.

– അന്നത്തെ കാലത്തെയും ഇന്നത്തെ കാലത്തെയും സാക്ഷ്യം ഒന്നുപോലെയാണ്. ഒന്നാം നൂറ്റാണ്ടുമുതല്‍ 21 ാം നൂറ്റാണ്ടുവരെ സാക്ഷ്യം ഒന്നുതന്നെയാണ്. പക്ഷേ ആ സാക്ഷ്യത്തിന് വിപരീതമായി പോയ സാഹചര്യങ്ങളുമുണ്ട്. ആ സാഹചര്യങ്ങളെ വിലയിരുത്തണം. ആ സാഹചര്യങ്ങളെ അപ്പാടെ തള്ളിക്കളയാനാവില്ല. അഭിപ്രായ വ്യത്യാസങ്ങളിലെ കാരണം കണ്ടെത്തി അവയ്ക്ക് ഏകമായ ഒരു അഭിപ്രായം വരാന്‍ സാധിച്ചാല്‍ ഐക്യം സാധ്യമാകും.

? ബാവാ തിരുമേനി റോമില്‍ വിദ്യാഭ്യാസം നടത്തിയത് കത്തോലിക്കാ സഭയുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ എളുപ്പമാവില്ലേ ? ഇത് ഐക്യത്തിന് കൂടുതല്‍ സഹായിക്കുമോ.

– അതെല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ.

? യുഎസിലെ ഓര്‍ത്തഡോക്‌സ് സഭയെപ്പറ്റി തിരുമേനിയുടെ അഭിപ്രായം എന്താണ്.

– അമേരിക്കയിലെ ഓര്‍ത്തഡോക്സ് സഭ വളരെ ഊര്‍ജസ്വലവും വളരുന്നതുമാണ്. ഇവിടെയുള്ള യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരാധന കാര്യങ്ങളില്‍ ഉത്സുകരാണെന്നതില്‍ ഏറെ അഭിമാനമുണ്ട്. യുഎസിലെ സഭയില്‍ മറ്റു വെല്ലുവിളികളൊന്നുമില്ല. സഭയുടെ ആരാധനാ ക്രമം ഇംഗ്ലീഷില്‍ ആയതിനാല്‍ ആരാധനയിലെ പങ്കാളിത്തം സജീവമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇത് ഏറെ ആഹ്‌ളാദം പകരുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News