ഭാ​ഗിക ചന്ദ്ര​ഗ്രഹണം കാണാൻ പോകാം, ഷാർജ മെലീഹ ആർക്കിയോളജി സെന്ററിലേക്ക്

വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും തത്പരരായ സഞ്ചാരികൾക്ക് ആകർഷകമായ അവസരമൊരുക്കി യുഎഇയിലെ പ്രമുഖ പുരാവസ്തു – ‌ഇക്കോ ടൂറിസം പദ്ധതിയായ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. ഒക്‌ടോബർ 28 ശനിയാഴ്ച സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം (Partial Lunar Eclipse) കാണാനും അതേക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഷാർജ മെലീഹയിലെ കേന്ദ്രത്തിൽ ഒരുക്കുന്നത്.

എന്താണ് ഭാ​ഗിക ചന്ദ്ര​ഗ്രഹണം?

സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതിനെ ഭൂമിയുടെ നിഴൽ ഭാഗികമായി മറയ്ക്കുന്ന പ്രതിഭാസമാണ് ഭാ​ഗിക ചന്ദ്ര​ഗ്രഹണം. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരികയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്ന സമയത്താണ് ഇതു സഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി പൂർണമായി തടസ്സപ്പെടുത്തുമ്പോൾ അത് പൂർണ ചന്ദ്ര​ഗ്രഹണമാവുന്നു.

എങ്ങനെ കാണാനാകും?

സൂര്യഗ്രഹണം പോലെ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ, ദൂരദർശിനികൾ എന്നിവയിലൂടെയോ ഇത് കാണാൻ കഴിയും. വാനനിരീക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളും വിഭാ​ഗവുമുള്ള മെലീഹയിൽ അത്യാധുനിക ദൂരദർശിനികളും ഈ വിഷയത്തിൽ അവ​ഗാഹമുള്ള ​ഗൈഡുമാരും സഹായത്തിനുണ്ടാവും.

ന​ഗരത്തിരക്കുകളിൽ നിന്നും വെളിച്ചത്തിന്റെ മലിനീകരണത്തിൽ നിന്നുമേറെ ദൂരെ, മരുഭൂമിയുടെ പ്രശാന്തതയിലാണ് വാനനിരീക്ഷണത്തിനുള്ള സംവിധാനമെന്നതിനാൽ കൂടുതൽ മിഴിവോടെ ഈ പ്രതിഭാസം ദൃശ്യവുമാകുന്നു. രാത്രി എട്ടുമണിയോടെ മെലീഹ മരുഭൂമിയിൽ പ്രത്യേകം സജ്ജമാക്കിയ പനോരമ ലോഞ്ചിലായിരിക്കും പരിപാടി അരങ്ങേറുക.

വിഷയത്തിൽ അവ​ഗാഹമുള്ള ​ഗൈഡിന്റെ നേതൃത്വത്തിലുള്ള ആമുഖം, പ്രസന്റേഷൻ, ദൂരദർശിനികളിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും മറ്റു ആകാശ വിസ്മയങ്ങളും നിരീക്ഷിക്കാനുള്ള അവസരം, ചന്ദ്രഗ്രഹണത്തിന്റെ നഗ്നനേത്ര നിരീക്ഷണം, അത്താഴം എന്നിവയെല്ലാം ഉൾപ്പെടുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. രാത്രി ഒരു മണിയോടെ പരിപാടി അവസാനിക്കും.

മുതിർന്നവർക്ക് 200 ദിർഹവും കുട്ടികൾക്ക് അത്താഴം ഉൾപ്പെടെ 150 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക്, ഇവന്റിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 06 8021111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. www.discovermleiha.ae എന്ന വെബ്സൈറ്റ് വഴിയും മെലീഹയിലെ കൂടുതൽ വിശേഷങ്ങളറിയാം.

Print Friendly, PDF & Email

Leave a Comment

More News