ഒരേക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിലെ ആദിവാസി സമരം അവസാനിക്കില്ല : വെൽഫെയർ പാർട്ടി

മലപ്പുറം: ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിൽ ആദിവാസി ഭൂമിക്ക് വേണ്ടി ഐ ടി ഡി സി ഓഫീസിനു മുമ്പിൽ 167 ദിവസമായി തുടരുന്ന ആദിവാസികളുടെ സമരം അവസാനിക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ അഭിപ്രായപ്പെട്ടു.

നിലമ്പൂരിൽ നടക്കുന്ന ആദിവാസി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പാർട്ടി ഓഫീസുകൾക്കും റിസോർട്ട് മാഫിയക്കും വേണ്ടി ഭേദഗതി ചെയ്ത ഭൂപരിഷ്കരണ നിയമത്തിലെ പുതിയ വകുപ്പുകൾ റദ്ദ് ചെയ്യണം.

പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ തയ്യാറായിട്ടില്ല. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലയെങ്കിൽ ആദിവാസി സമൂഹത്തിനൊപ്പം ചേർന്ന് നിന്ന് ശക്തമായ സമരം ഉയർത്തിക്കൊണ്ടുവരുമെന്ന് സമര സംഗമം ആഹ്വാനം ചെയ്തു. ആദിവാസി മേഖലയിൽ ആരോഗ്യ – വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം.ബദൽ സ്കൂൾ വ്യാപകമായി പൂട്ടുന്ന സർക്കാർ നടപടി വലിയ പ്രത്യാഘാതമാണ് ആദിവാസി സമൂഹത്തിൽ ഉണ്ടാക്കുന്നത്.

മുനീബ് കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, നാസർ കീഴുപറമ്പ്, ഇ സി ആയിഷ, ഷാജഹാൻ ചെത്രാപന്നി, കൃഷ്ണൻ കുനിയിൽ, ഫായിസ കരുവാരക്കുണ്ട്,ഗിരിദാസൻ ചാലിയാർ, സുഭദ്ര വണ്ടൂർ, നസീറ ബാനു, ആരിഫ് ചുണ്ടയിൽ നൗഷാദ് ചുള്ളിയൻ, ഇബ്രാഹിം കുട്ടി മംഗലം, കാദർ അങ്ങാടിപ്പുറം, രജിത മഞ്ചേരി, ബിന്ദു പരമേശ്വരൻ, റജീന ഇരുമ്പിളിയം, റഷീദ ഖാജ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News