ഇസ്രയേൽ-പലസ്തീൻ പ്രമേയത്തിന് ഇന്ത്യയുടെ ‘നിസ്സഹകരണ പ്രസ്ഥാനത്തെ’ സൗദി രാജകുമാരൻ ഉദ്ധരിച്ചു

ഹ്യൂസ്റ്റണ്‍: ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് പരാമർശിക്കവേ, ബ്രിട്ടീഷ് സാമ്രാജ്യത്തെ താഴെയിറക്കിയ ഇന്ത്യയുടെ ചരിത്രപരമായ നിസ്സഹകരണ പ്രസ്ഥാനത്തെ സൗദി അറേബ്യയുടെ മുൻ രഹസ്യാന്വേഷണ മേധാവി സൗദി രാജകുമാരൻ തുർക്കി അൽ-ഫൈസൽ പരാമർശിച്ചു.

ഹ്യൂസ്റ്റണ്‍ റൈസ് യൂണിവേഴ്സിറ്റിയിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “സൈനിക അധിനിവേശത്തിലുള്ള എല്ലാ ആളുകൾക്കും അവരുടെ അധിനിവേശത്തെ സൈനികമായി പോലും ചെറുക്കാൻ അവകാശമുണ്ട്. ഫലസ്തീനിലെ സൈനിക ഓപ്ഷനെ ഞാൻ പിന്തുണയ്ക്കുന്നില്ല. ഞാൻ മറ്റൊരു ഓപ്ഷൻ തിരഞ്ഞെടുക്കുന്നു: സിവിൽ കലാപവും നിസ്സഹകരണവും. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെയും കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് സാമ്രാജ്യത്തെയും താഴെയിറക്കി.”

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണായക അദ്ധ്യായമായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഒരു ബൃഹത്തായ പ്രസ്ഥാനമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.

ഇസ്രായേൽ പൊതുസമൂഹത്തിന്റെ പകുതിയും കാണുന്ന ‘ഫാസിസ്റ്റ്, ദുഷ്ടത, വെറുപ്പുളവാക്കുന്ന, ജനപ്രീതിയില്ലാത്ത ഇസ്രായേൽ ഗവൺമെന്റിന് ഉയർന്ന ധാർമ്മിക അടിത്തറ സമ്മാനിച്ചെന്ന് ആരോപിച്ച് സൗദി രാജകുമാരൻ ഹമാസിനെ കുറ്റപ്പെടുത്തി.

“ഇസ്രായേലിന് അതിശക്തമായ സൈനിക മേധാവിത്വമുണ്ട്, അത് ഗാസയിലെ ജനങ്ങൾക്ക് വരുത്തുന്ന നശീകരണവും, അവഗണനയും നാം കൺമുന്നിൽ കാണുന്നു,” അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഹമാസിന് നല്‍കുന്ന പണത്തെക്കുറിച്ചും രാജകുമാരൻ ആരോപണമുന്നയിച്ചു. ഗാസയിലെ സാധാരണക്കാരുടെ കൊലപാതകങ്ങള്‍ക്ക് ഹമാസിനെ കുറ്റപ്പെടുത്തിയതോടൊപ്പം, നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള “വിവേചനരഹിതമായ ബോംബാക്രമണത്തിന്” ഇസ്രായേലിനെ വിമർശിക്കുകയും ചെയ്തു.

“ഏതു തരം പ്രായത്തിലോ ലിംഗത്തിലോ ഉള്ള സിവിലിയൻ ലക്ഷ്യങ്ങളെ ഹമാസ് ലക്ഷ്യമിടുന്നതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇത്തരം ലക്ഷ്യങ്ങൾ ഹമാസിന്റെ ഇസ്ലാമിക സ്വത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ നിരാകരിക്കുന്നു. നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും മുതിർന്നവരെയും കൊല്ലുന്നതിനെതിരെ ഇസ്ലാമിക അനുശാസനമുണ്ട്. ആരാധനാലയങ്ങൾ നശിപ്പിക്കുന്നതിനെതിരെ കൂടിയാണ് ഈ അനുശാസനം,” മുൻ സൗദി ഇന്റലിജൻസ് മേധാവി പറഞ്ഞു.

“ഗാസയിലെ ഫലസ്തീൻ നിരപരാധികളായ സിവിലിയൻമാർക്ക് നേരെ ഇസ്രായേൽ വിവേചനരഹിതമായ ബോംബാക്രമണത്തെയും അവരെ സിനായിലേക്ക് ബലമായി തുരത്താനുള്ള ശ്രമത്തെയും ഒരുപോലെ ഞാൻ അപലപിക്കുന്നു. വെസ്റ്റ്ബാങ്കിൽ പലസ്തീൻ കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ഇസ്രയേൽ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയും വിവേചനരഹിതമായി അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനെ ഞാൻ അപലപിക്കുന്നു. രണ്ട് തെറ്റുകൾ ഒരിക്കലും ‘ശരി’ ആകുകയില്ല,” അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രാഷ്ട്രീയക്കാരെയും അമേരിക്കൻ മാധ്യമങ്ങളെയും സൗദി രാജകുമാരൻ വിമർശിച്ചു. അവർ ഫലസ്തീനികളോട് വേണ്ടത്ര അനുഭാവം കാണിക്കുന്നില്ലെന്നും ഇസ്രായേലികളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ സമീപനമാണ് കാണിക്കുന്നതെന്നും ആരോപിച്ചു.

“അമേരിക്കൻ മാധ്യമങ്ങളിൽ ആവർത്തിച്ചുള്ള ഒരു വാചകം ഞാൻ കേൾക്കുന്നു: ‘പ്രകോപനമില്ലാത്ത ആക്രമണം.’ മുക്കാല്‍ നൂറ്റാണ്ടായി ഫലസ്തീന്‍ ജനതയോട് ഇസ്രയേല്‍ ചെയ്തതിനേക്കാള്‍ എന്ത് പ്രകോപനമാണ് അത് പ്രകോപിതമാക്കാന്‍ വേണ്ടത്. 2014 ഫെബ്രുവരി 17-ലെ മിഡിൽ ഈസ്റ്റ് മോണിറ്ററിൽ വന്ന ലേഖനം ഞാൻ റഫർ ചെയ്യുന്നു: ‘1948-ൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിൽ ഇസ്രായേൽ സേനയിലെ വെറ്ററൻസ് പങ്ക് സമ്മതിക്കുന്നു’ – അത് വായിച്ച് ഞാൻ ചെയ്തതുപോലെ നെടുവീര്‍പ്പിടുക,” സൗദി രാജകുമാരൻ പറഞ്ഞു.

ഈ വർഷം മെയ് മുതൽ ജൂലൈ വരെ 67 കുട്ടികളടക്കം 450 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഈ രക്തച്ചൊരിച്ചിൽ നിർത്തണം. ഇസ്രായേലികൾ കൊല്ലപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന പാശ്ചാത്യ രാഷ്ട്രീയക്കാരെ ഞാൻ അപലപിക്കുന്നു. എന്നാൽ, ഇസ്രായേലികൾ ഫലസ്തീനികളെ കൊല്ലുമ്പോൾ ദുഃഖം പ്രകടിപ്പിക്കാൻ പോലും ഇക്കൂട്ടര്‍ വിസമ്മതിക്കുന്നു.

ഇസ്രയേലുമായി സമാധാനപരമായ തീരുമാനത്തിലെത്താനുള്ള സൗദി അറേബ്യയുടെ ശ്രമം ഹമാസ് അട്ടിമറിച്ചതായും സൗദി രാജകുമാരൻ പറഞ്ഞു. “ഈ സംഘട്ടനത്തിൽ നായകന്മാരില്ല. ഇരകൾ മാത്രം,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച, യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് യുദ്ധത്തിന്റെ “തീവ്രത” ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് യഥാർത്ഥ സമാധാനത്തിനും സ്ഥിരതയ്ക്കും ഒരേയൊരു യഥാർത്ഥ അടിത്തറ എന്ന് പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News