തലസ്ഥാന നഗരിയില്‍ ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ മയക്കുമരുന്നു വില്പന; രണ്ടു പേരെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ നടന്നുവന്നിരുന്ന മയക്കുമരുന്ന് വില്പന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. തമ്പാനൂരിലെ എസ്എസ് കോവിൽ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റെപ്പ് അപ്പ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് അധികൃതർ ഗണ്യമായ അളവിൽ എംഡിഎംഎ പിടിച്ചെടുത്തതോടെയാണ് ഇവിടെ നടന്നിരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തായത്. പിടിച്ചെടുത്ത 78.78 ഗ്രാം എം‌ഡി‌എം‌എയ്ക്ക് ഏകദേശം മൂന്നു ലക്ഷം രൂപ വിലമതിക്കുമെന്ന് കണക്കാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാജാജി നഗർ സ്വദേശി മജീന്ദ്രൻ, പെരിങ്ങമല സ്വദേശി ഷോൺ അജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ടാറ്റൂ സെന്ററിന്റെ പരിസരത്ത് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എംഡിഎംഎ പിടികൂടിയതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു വെളിപ്പെടുത്തി. വിശ്വസ്തരും ടാറ്റൂ സെന്ററിലെ സ്ഥിരം കസ്റ്റമേഴ്സിനും മാത്രമേ MDMA വില്പന നടത്താറുള്ളൂ എന്ന് പോലീസ് പറഞ്ഞു.

കൂടാതെ മാനവീയം സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എംഡിഎംഎ വിൽപന നടത്തിയതിൽ മുഖ്യപ്രതി മജീന്ദ്രന് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിയമവിരുദ്ധമായ മയക്കുമരുന്ന് പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാൻ വരും ദിവസങ്ങളിൽ തലസ്ഥാന നഗരത്തിലുടനീളം വ്യാപകമായ പരിശോധനകൾ നടത്താൻ അധികൃതർ പദ്ധതിയിടുന്നു.

Print Friendly, PDF & Email

Leave a Comment

More News