ഒഡീഷ പോലീസു പോലും ഭയക്കുന്ന മാവോയിസ്റ്റ് ഗ്രാമത്തിൽ കേരള പോലീസ്; വൂവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കണ്ണൂര്‍ സ്ക്വാഡ് സ്റ്റൈലില്‍ പിടികൂടി

കൊച്ചി: ഒഡീഷ പോലീസു പോലും കടന്നു ചെല്ലാന്‍ ഭയക്കുന്ന ഒഡീഷയിലെ മാവോയിസ്റ്റ്‌ ഗ്രാമം എന്നറിയപ്പെടുന്ന മുനിഗൂഡയില്‍ ജീവന്‍ പണയപ്പെടുത്തി കേരള പോലീസ് എത്തി. ഏതുനിമിഷവും മാവോയിസ്റ്റ്‌ ആക്രമണം പ്രതീക്ഷിക്കാവുന്ന ഗ്രാമത്തിലാണ് പ്രത്യേക അന്വേഷണ സംഘം എത്തി 48 മണിക്കൂറിനുള്ളില്‍ മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ ഗോപാല്‍ മാലിക്കിനെ (22) പിടികൂടിയത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്‌ സ്റ്റൈലിലാണ് പ്രതിയുമായി മുവാറ്റുപുഴ സ്ക്വാഡ്‌ കേരളത്തിലേക്ക്‌ മടങ്ങിയത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് മൂവാറൂപുഴ പോലീസിന്‌ ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ആനിക്കാട് കമ്പനിപ്പടിയില്‍ രണ്ട്‌ കുടിയേറ്റ തൊഴിലാളികളെ കഴുത്തില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു വിവരം. പോലീസ്‌ സ്ഥലത്തെത്തി സംഭവം കൊലപാതകമാണെന്ന്‌ സ്ഥിരീകരിച്ചു. മരമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹന്‍തര്‍ സ്വര്‍ഗയാരി (40), ദിപങ്കര്‍ ബസുമാത്രി (37) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ കാണാതായതോടെ ചിത്രം വ്യക്തമായിരുന്നു. കേരളം വിടുന്നതിന്‌ മുമ്പ്‌ ഗോപാലിനെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആണെന്ന്‌ കണ്ടെത്തിയതിനാല്‍ ആദ്യ ദിവസം തിരച്ചില്‍ പരാജയപ്പെട്ടു.

രണ്ടാം ദിവസം തിങ്കളാഴ്ച രാവിലെ ഗോപാല്‍ മറ്റൊരു സിം എടുത്തിട്ടുണ്ടെന്നും അത്‌ സജീവമാണെന്നും ആധാര്‍ കാര്‍ഡ്‌ പരിശോധനയില്‍ കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ പ്രകാരം ചെന്നൈയില്‍ നിന്ന്‌ ആന്ധ്രപ്രദേശിലേക്കുള്ള യാത്രയിലായിരുന്നു സിം എന്നും കണ്ടെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അഞ്ചംഗ സംഘം ഇന്നോവ കാറില്‍ ഒഡീഷയിലേക്ക്‌ പുറപ്പെട്ടു. ഉച്ചവരെ അന്വേഷണ സംഘത്തിന്‌ ഏറെ പിന്നിലായിരുന്നു ഗോപാലിന്റെ ടവര്‍ ലൊക്കേഷന്‍. വൈകുന്നേരത്തോടെ കഥ മാറി. ഗോപാല്‍ അവരെക്കാള്‍ മുന്നിലായി. ആലുവ റൂറല്‍ എസ്പിക്ക്‌ വിവരം കൈമാറി. എസ്പി ഡിവൈഎസ്പിയുടെ സഹായം തേടി. റായ്ഗഢില്‍ ട്രെയിനില്‍ നിന്ന്‌ ഇറങ്ങിയ ഗോപാലിനെ മുനിഗുര്‍ദ പോലീസ്‌ കസ്റ്റഡിയിലെടുക്കുകയും ഇക്കാര്യം എസ്പിയെ അറിയിക്കുകയും ചെയ്തു.

മൂന്നാം ദിവസം 300 കിലോമീറ്ററോളം താണ്ടി വൈകുന്നേരം മുനിഗുഡ പോലീസ്‌ സ്റേഷനില്‍ എത്തി. അവിടെ നാല് ഗോപാല്‍ മാലിക്കുകള്‍ ഉണ്ടായിരുന്നു. നാല് പ്രതികളില്‍ നിന്നും ഗോപാല്‍ മാലിക്കിനെ പോലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതി മൂനിഗുഡ സ്വദേശിയാണെന്നറിഞ്ഞ്‌ ഒഡീഷ പൊലീസ്‌ സഹകരിച്ചില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. നാട്ടുകാര്‍ അറിഞ്ഞാല്‍ സ്ഥിതി മാറും. പ്രതിയെ സ്റ്റേഷനില്‍ തങ്ങാന്‍ പോലും അനുവദിച്ചില്ല. എന്തും നേരിടാന്‍ അന്വേഷണ സംഘം കാവലിരുന്നു.

നാലാം ദിവസം ഗോപാലിനെ രഹസ്യമായി മൂനിഗുഡ മജിസ്ട്രേറ്‌ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് സമ്പാദിച്ചു. വൈകുന്നേരത്തോടെ കേരളത്തിലേക്ക്‌ പുറപ്പെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ ഒഡീഷയില്‍ സമയം ചെലവഴിച്ചു. 3,600 കിലോമീറ്ററാണ്‌ സംഘം സഞ്ചരിച്ചത്‌. അഞ്ചുപേരും മാറിമാറി കാര്‍ ഓടിച്ചാണ് കേരളത്തിലെത്തിയത്.

ആറുമാസം മുമ്പാണ്‌ ഗോപാല്‍ മൂവാറ്റുപുഴയിലെത്തിയത്‌. ഇരകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വന്നതുമുതല്‍ പണം അപഹരിക്കുന്നതായി ഇരുവരും മില്ലുടമയോട് പരാതിപ്പെട്ടിരുന്നു. ശനിയാഴ്ച മദ്യം കഴിക്കുന്നതിനിടെ, ഒഡീഷയിലെ ജനങ്ങള്‍ കള്ളന്മാരാണെന്നും പണം നഷ്ടപ്പെട്ടതിന്‌ പിന്നില്‍ ഗോപാലാണെന്നും അവര്‍ പറഞ്ഞതാണ് ഗോപാലിനെ പ്രകോപിപ്പിച്ചത്. അയാള്‍ ദേഷ്യപ്പെട്ടു പോയി ഒരു മണിക്കൂറിന്‌ ശേഷം മടങ്ങിയെത്തി. പാട്ട് കേട്ട് കിടന്നുറങ്ങുകയായിരുന്ന ഇരുവരേയും കത്തി ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ 3 മണി വരെ അവിടെ തങ്ങിയ ഗോപാല്‍ മൂവാറ്റുപുഴയിലേക്ക്‌ നടന്നു. അവിടെ നിന്ന്‌ ആലുവയിലെത്തി ട്രെയിനില്‍ ചെന്നൈയിലേക്ക്‌ പുറപ്പെട്ടു.

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യമാണ്‌ കുറ്റസമ്മതത്തിലേക്ക്‌ നയിച്ചത്‌. ഗോപാലിന്റെ ട്രെയിന്‍ എട്ട് മണിക്കൂര്‍ വൈകിയത്‌ അന്വേഷണത്തിന്‌ സഹായകമായി. മുനിഗുഡ ഗ്രാമത്തില്‍ കടന്നിരുന്നെങ്കില്‍ ഇയാളെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ലെന്ന്‌ അന്വേഷണ സംഘം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News