ഒരാഴ്ച മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന് യുവാവ്

കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി സൈനബ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി കാറിൽ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവാവുമായി തെരച്ചില്‍ നടത്താന്‍ ഗൂഡല്ലൂരിലെത്തി. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

കാറിൽവെച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് യുവാവ് നൽകിയ മൊഴി. കൊലപാതകത്തിൽ ഇയാള്‍ക്ക് ഗൂഡലൂർ സ്വദേശി സുലൈമാൻ എന്ന ആളുടെയും സഹായം ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.

ഒരാഴ്ച മുൻപാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ(59) കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News