ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; 73-കാരന്‍ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീട് പൂർത്തീകരിക്കാൻ പണം കിട്ടാതായതോടെ വയോധികൻ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. ശനിയാഴ്ചയാണ് 73 കാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമല്ലൂർ ബിജു ഭവനിൽ ഗോപി (73) ആണ് വീടുപണി പൂർത്തിയാക്കാനാകാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. പള്ളത്ത് സന്തോഷ്മുക്ക്-മുതുകുടക്ക റോഡിൽ വീട് നിർമാണത്തിനായി ഇറക്കിയ മെറ്റലിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ലെന്നും അതുകൊണ്ട് താൻ പോകുന്നുവെന്നുമാണ് വയോധികൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ‘വീട് പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനുമുമ്പ് വാർപ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അ‌ദ്ദേഹത്തിന്റെ ഭാര്യ ലീല ഒരു വർഷമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. വൃക്കരോഗിയായ ഗോപിയെ, ഭാര്യയുടെ രോഗവും വീടുപണി തീർക്കാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നതായി മകൾ ബിന്ദുമോൾ പറയുന്നു.

ഒരു വർഷം മുമ്പാണ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഗോപിക്ക് വീട് അനുവദിച്ചത്. ഭാര്യയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്താണ് വീട് പണിയുന്നത്. ഭാര്യയുടെ രോഗാവസ്ഥ പരിഗണിച്ച് മുൻഗണനയും നൽകിയിരുന്നു. എന്നാൽ, ആദ്യ ഗഡുവായ 40,000 രൂപയും രണ്ടാം ഗഡുവായ 1,60,000 രൂപയും മാത്രമാണ് ഇതുവരെ ഗോപിക്ക് കിട്ടിയത്. ഓണത്തിനുമുമ്പ് പണി പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതിനു കഴിഞ്ഞില്ല. ചെറുകിട കച്ചവടവും ലോട്ടറി വിൽപനയുമാണ് വരുമാന മാർഗം. വീട് ജീർണാവസ്ഥയിലായതിനാൽ ഭാര്യയെ മകളും മരുമകനും താമസിക്കുന്ന പ്രമാടത്തുള്ള വാടക വീട്ടിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗോപി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ മൃതദേഹം കണ്ടെത്തിയത്.

 

 

Print Friendly, PDF & Email

Leave a Comment

More News